സാങ്കേതിക വിദ്യയില്‍ ഉണ്ടാവുന്ന മാറ്റത്തെ എളുപ്പത്തില്‍ വിദ്യാഭ്യാസ സമ്പ്രദായത്തില്‍ ഉള്‍ച്ചേര്‍ത്തുകൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ മേഖലയില്‍ മുന്നോട്ടുപോകുന്നതെന്ന് വിനോദസഞ്ചാര, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്.
അത്തോളി ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ ഒരു വര്‍ഷം നീണ്ട ശതാബ്ദി ആഘോഷങ്ങളുടെ-ശതം സഫലം- സമാപനവും സാംസ്‌കാരിക സമ്മേളനവും സ്‌കൂളില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ സര്‍ക്കാറിലെ പൊതുവിദ്യാഭ്യാസ വകുപ്പ് ഐടി അനുബന്ധ വിദ്യാഭ്യാസത്തിനാണ് മുന്‍ഗണന നല്‍കിയതെങ്കില്‍ ഈ സര്‍ക്കാര്‍ റോബോട്ടിക് വിദ്യാഭ്യാസത്തിലേക്കാണ് കടന്നിട്ടുള്ളത്.
നിര്‍മ്മിതി ബുദ്ധി സിലബസില്‍ ഉള്‍പ്പെടുത്തിയ ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമാണ് കേരളം. ഏഴിലെ ഐസിടി പാഠപുസ്തകത്തിലാണ് നിര്‍മ്മിതി ബുദ്ധിയെക്കുറിച്ച് പഠിക്കുന്നത്. നമ്മുടെ ഹൈസ്‌കൂളുകളിലെ ലിറ്റില്‍ കൈറ്റ്‌സ് യൂണിറ്റുകള്‍ വഴി റോബോട്ടിക് കിറ്റുകള്‍ ലഭ്യമാണ്. ഹൈസ്‌കൂള്‍ മുതലുള്ള 80,000 അധ്യാപകര്‍ക്ക് നിര്‍മിതി ബുദ്ധിയില്‍ പരിശീലനം നല്‍കി വരുന്നു. അടുത്ത അധ്യയന വര്‍ഷം മുതല്‍ 7, 9, 10 ക്ലാസുകളിലെ ഐസിടി പാഠപുസ്തകത്തില്‍ നിര്‍മിതി ബുദ്ധി, റോബോട്ടിക്‌സ് എന്നിവ പാഠ്യവിഷയമായി ഉണ്ടാകുമെന്നും മന്ത്രി റിയാസ് കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ മൂന്നര വര്‍ഷം കൊണ്ട് മാത്രം സംസ്ഥാനത്ത് 386 സ്‌കൂള്‍ കെട്ടിടങ്ങള്‍ നിര്‍മ്മിച്ചതായി മന്ത്രി പറഞ്ഞു. 5 കോടിയുടെ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 71 കെട്ടിടങ്ങളും മൂന്നു കോടിയുടെ കിഫ്ബി പദ്ധതിയില്‍ 127 കെട്ടിടങ്ങളും ഒരു കോടിയുടെ കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 188 സ്‌കൂള്‍ കെട്ടിടങ്ങളുമാണ് നിര്‍മിച്ചത്. ഇതില്‍ അത്തോളി സ്‌കൂളില്‍ പണിത മൂന്ന് കോടി രൂപയുടെ കെട്ടിടവും ഉള്‍പ്പെടുന്നു.
ഹൈടെക് ക്ലാസ് മുറികളും പുതിയ കെട്ടിടങ്ങളും മാത്രമല്ല,
പാഠപുസ്തക വിതരണം, യൂണിഫോം വിതരണം എന്നിവ സമയത്ത് മുന്‍പ് തന്നെ പൂര്‍ത്തിയാക്കാന്‍ സാധിച്ചു. പരീക്ഷാ നടത്തിപ്പും ഫലപ്രഖ്യാപനവും പ്ലസ് വണ്‍ പ്രവേശനവും ശാസ്ത്രീയവും സുതാര്യവുമാക്കി.
കേരളത്തിലെ പൊതുവിദ്യാഭ്യാസരംഗം മറ്റ് ഏതു സംസ്ഥാനവും കൊതിക്കുന്ന രീതിയിലായി. അക്കാദമിക വിദഗ്ധര്‍ നമ്മുടെ വിദ്യാഭ്യാസ പുരോഗതിയെ വിദേശരാജ്യങ്ങളുമായാണ് താരതമ്യം ചെയ്യുന്നത്.
പരിപാടിയില്‍ കെ എം സച്ചിന്‍ദേവ് എംഎല്‍എ അധ്യക്ഷത വഹിച്ചു. കാപ്പാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി ബാബുരാജ് മുഖ്യാതിഥിയായി. കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാനും പൂര്‍വ വിദ്യാര്‍ഥിയുമായ എം മെഹബൂബ് ഉപഹാരസമര്‍പ്പണം നടത്തി. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ കെ കെ മീന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
അത്തോളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റിജേഷ് സി കെ,
ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സുനീഷ് നടുവിലയില്‍,
കാപ്പാട് ബ്ലോക്ക് പഞ്ചായത്ത് അംഗം സുധ കാപ്പില്‍, പിടിഎ പ്രസിഡണ്ട് സന്ദീപ് കുമാര്‍ നാലുപുരക്കല്‍, വിഎച്ച്എസ്ഇ പ്രിന്‍സിപ്പാള്‍ ഫൈസല്‍ കെ പി, പ്രധാനാധ്യാപിക സുനു വി ആര്‍, രമേശ് ഇ, എംപിടിഎ പ്രസിഡന്റ് ശാന്തി മാവീട്ടില്‍,
സ്റ്റാഫ് സെക്രട്ടറി ജാസ്മിന്‍ ക്രിസ്റ്റബെല്‍,
എം ടി സ്‌നേഹ,
മുതലായവര്‍ സംസാരിച്ചു. സ്വാഗതസംഘം ചെയര്‍മാന്‍ ബിന്ദു രാജന്‍ സ്വാഗതവും
കണ്‍വീനര്‍ കെ എം മണി നന്ദിയും പറഞ്ഞു.
സ്‌കൂളിന് സ്ഥലം നല്‍കിയ ഗിരിജ ടീച്ചര്‍,
ബി കെ വാസുദേവന്‍, മോഹനന്‍ കവലയില്‍ എന്നിവര്‍ ഉപഹാരം സ്വീകരിച്ചു. തുടര്‍ന്ന് കലാപരിപാടികളും നാടകവും അരങ്ങേറി.




