സംസ്ഥാനത്ത് ആദ്യദിനം വാക്സിന്‍ സ്വീകരിച്ചത് 8,062 ആരോഗ്യപ്രവര്‍ത്തകര്‍ ; രണ്ടാം ഘട്ട വാക്‌സിനേഷനും കേരളം സജ്ജമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വാക്സിന്‍ കുത്തിവയ്പിന്റെ ആദ്യദിനം വാക്സിന്‍ സ്വീകരിച്ചത് 8,062 ആരോഗ്യപ്രവര്‍ത്തകരെന്ന് ആരോഗ്യമന്ത്രി കെ. കെ ശൈലജ. സംസ്ഥാനത്ത് 133 കേന്ദ്രങ്ങളിലാമായി 11,138 പേര്‍ക്കാണ് വാക്‌സിനേഷന്‍ നല്‍കാന്‍ ലക്ഷ്യമിട്ടിരുന്നത്. കൊവിഡ് വാക്സിന്‍ രണ്ടാംഘട്ട കുത്തിവയ്പിനും കേരളം സജ്ജമാണ്. ഇതിനായുള്ള രജിസ്ട്രേഷന്‍ പൂര്‍ത്തിയായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പാലക്കാട് ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ വാക്‌സിന്‍ സ്വീകരിച്ചത്. 857 പേരാണ് ജില്ലയില്‍ വാക്‌സിന്‍ സ്വീകരിച്ചത്. ആലപ്പുഴ 616, എറണാകുളം 711, ഇടുക്കി 296, കണ്ണൂര്‍ 706, കാസര്‍ഗോഡ് 323, കൊല്ലം 668, കോട്ടയം 610, കോഴിക്കോട് 800, മലപ്പുറം 155, പാലക്കാട് 857, പത്തനംതിട്ട 592, തിരുവനന്തപുരം 763, തൃശൂര്‍ 633, വയനാട് 332 എന്നിങ്ങനെയാണ് ആദ്യദിനം വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണമെന്നും മന്ത്രി അറിയിച്ചു.

പ്രധാനമന്ത്രിയുടെ ഉദ്ഘാടനത്തിന് ശേഷം രാവിലെ പതിനൊന്നേകാല്‍ മുതല്‍ വൈകിട്ട് അഞ്ച് വരെയാണ് വാക്‌സിന്‍ കുത്തിവയ്പ് ഉണ്ടായിരുന്നത്. ആര്‍ക്കും തന്നെ വാക്സിന്‍ കൊണ്ടുള്ള പാര്‍ശ്വഫലങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ഒരാള്‍ക്ക് 0.5 എം.എല്‍. വാക്‌സിനാണ് ആദ്യദിനം എടുത്തത്. 28 ദിവസം കഴിയുമ്പോള്‍ ഇതെടുത്തയാള്‍ക്ക് തന്നെ രണ്ടാമത്തെ വാക്‌സിന്‍ നല്‍കും. ഈ രണ്ട് വാക്‌സിനും എടുത്തുകഴിഞ്ഞ് രണ്ടാഴ്ച കഴിയുമ്പോഴാണ് രോഗപ്രതിരോധ ശേഷി ആര്‍ജിക്കുക. വാക്‌സിന്‍ എടുത്തു കഴിഞ്ഞാലുടന്‍ പ്രശ്‌നമൊന്നുമില്ല എന്ന രീതിയില്‍ വാക്‌സിന്‍ എടുത്തയാളുകളോ സമൂഹത്തിലുള്ളയാളുകളോ പെരുമാറരുത്. മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ഇടയ്ക്കിടയ്ക്ക് കൈകള്‍ ശുചിയാക്കുകയും വേണം. ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചിട്ടുള്ള മുന്‍കരുതലുകള്‍ തുടരണമെന്നും മന്ത്രി അറിയിച്ചു.

 

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •