നിലമ്പൂരില്‍ വയോധികക്ക് മര്‍ദനമേറ്റ സംഭവത്തില്‍ അടിയന്തിര റിപ്പോര്‍ട്ട് തേടി മന്ത്രി ഡോ:ആര്‍. ബിന്ദു

HIGHLIGHTS : Minister Dr. R. Bindu seeks urgent report on the incident of assault on an elderly woman in Nilambur, Malappuram

മലപ്പുറം നിലമ്പൂരില്‍ മുന്‍ നൃത്താധ്യാപികയായ വയോധികക്ക് ക്രൂരമര്‍ദനമേറ്റ സംഭവത്തില്‍ ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ:ആര്‍.ബിന്ദു അടിയന്തിര റിപ്പോര്‍ട്ട് തേടി. സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ മലപ്പുറം ജില്ലാ സാമൂഹ്യനീതി ഓഫീസറോട് അടിയന്തരമായി ഇടപെട്ട് ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും റിപ്പോര്‍ട്ട് നല്‍കാനും മന്ത്രി നിര്‍ദ്ദേശം നല്‍കി.

നിലമ്പൂര്‍ സി.എച്ച് നഗറിലെ 80 – കാരിയായ പാട്ടത്തൊടി വീട്ടില്‍ ഇന്ദ്രാണിക്കാണ് മര്‍ദനമേറ്റത്. അയല്‍ക്കാരനായ വയോധികന്‍ ഷാജിയാണ് ഇന്ദ്രാണിയെ മര്‍ദിച്ചത്. അയല്‍ക്കാര്‍ പകര്‍ത്തിയ മര്‍ദ്ദന ദൃശ്യങ്ങള്‍ പുറത്തു വന്നതോടെയാണ് ക്രൂരത പുറംലോകമറിഞ്ഞത്. വയോധികയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ അയല്‍വാസികളാണ് മര്‍ദ്ദനമേറ്റ് നിലത്ത് വീണുകിടന്ന ഇന്ദ്രാണിയെ രക്ഷപ്പെടുത്തിയത്. നിലമ്പൂര്‍ നഗരസഭ വൈസ് ചെയര്‍ പേഴ്സണും വാര്‍ഡ് കൗണ്‍സിലറൂം സ്ഥലത്തെത്തി ഇന്നലെ ഇന്ദ്രാണിയെ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

sameeksha-malabarinews

വിധവയായ ഇന്ദ്രാണിയുടെ മകന്‍ സത്യനാഥന്‍ പുറത്തുപോകുമ്പോള്‍ അമ്മയെ നോക്കാന്‍ വേണ്ടി അയല്‍വാസി ഷാജിയെ ഏല്‍പ്പിച്ചതായിരുന്നു. ഇന്ദ്രാണിയെ മര്‍ദ്ദിക്കുമ്പോള്‍ ഷാജി മദ്യലഹരിയിലായിരുന്നെന്ന് പ്രദേശവാസികള്‍ പറയുന്നു. സംഭവത്തെത്തുടര്‍ന്ന് നിലമ്പൂര്‍ പൊലീസ് ഷാജിയെ കസ്റ്റഡിയില്‍ എടുക്കുകയും മര്‍ദ്ദനമേറ്റ ഇന്ദ്രാണിയുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.

ഭയമില്ലാതെ സുരക്ഷിതത്വ ബോധത്തോടെയും അന്തസ്സോടെയും ജീവിക്കാനുള്ള അവകാശം വയോജനങ്ങള്‍ക്കുണ്ട്. മുതിര്‍ന്നവര്‍ക്കെതിരെയുള്ള അനീതിയും കടന്നുകയറ്റവും ഒരുതരത്തിലും അനുവദിക്കില്ലെന്നും അവരെ ഉപദ്രവിക്കുന്നവര്‍ക്കെതിരെ നിയമപരമായ കര്‍ശന നടപടികളുണ്ടാകുമെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു. സാമൂഹ്യനീതി വകുപ്പ് വയോജനസുരക്ഷക്കായി നല്‍കിവരുന്ന മുഴുവന്‍ സേവനവും ഇന്ദ്രാണിക്ക് ഉറപ്പുവരുത്തുമെന്നും സംരക്ഷണം ഉറപ്പാക്കുന്നത് സംബന്ധിച്ച് 2007 ലെ മുതിര്‍ന്ന പൗരന്‍മാരുടെ സംരക്ഷണവും ക്ഷേമവും സംബന്ധിച്ച നിയമപ്രകാരമുള്ള നടപടികള്‍ മെയിന്റനന്‍സ് ട്രൈബ്യൂണല്‍ വഴി സ്വീകരിച്ചു വരികയാണെന്നും മന്ത്രി അറിയിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!