
മഞ്ചേരി : മുള്ളമ്പാറ, അരുകിഴായ മേഖലകളിൽ വ്യാപകമായി മോഷണം നടത്തിയ യുവാവ് പിടിയിൽ. മഞ്ചേരി അരുകിഴായ സ്വദേശി കരിയംവീട്ടിൽ നിതിനെ (21)യാണ് പ്രത്യേക അന്വേഷകസംഘം കോഴിക്കോട് ഹൈലൈറ്റ് മാളിനു സമീപം പാലാഴിയിലെ സ്വകാര്യ അപ്പാർട്ട്മെന്റിൽ നിന്ന് ബുധൻ പുലർച്ചെ അറസ്റ്റ് ചെയ്തത്. പ്രതിയെ ചോദ്യം ചെയ്തതിൽ മഞ്ചേരി മുള്ളമ്പാറ, അരുകിഴായ ഭാഗങ്ങളിലെ നിരവധി മോഷണ കേസുകൾക്കാണ് തുമ്പുണ്ടായത്.
പ്രദേശത്ത് മോഷണം വ്യാപകമായതോടെ ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസാ ജോണിന്റെ നിർദേശപ്രകാരം മലപ്പുറം ഡിവൈ എസ്പി സുഭാഷ് ബാബു, മഞ്ചേരി ഇൻസ്പെക്ടർ മനോജ് എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷ കസംഘം രൂപീകരിച്ചിരുന്നു. ഇവരുടെ നേതൃത്വത്തിൽ നിരവധി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചും ശാസ്ത്രീയമായ മറ്റ് തെളിവുകളുടെ അടിസ്ഥാനത്തിലും നടത്തിയ അന്വേഷണത്തിലാണ് ഒളിവിലായിരുന്ന പ്രതിയെ പിടികൂടിയത്.
ലഹരിക്കടിമയായ പ്രതി മോഷണം നടത്തി ലഭിച്ച സ്വർണാഭരണങ്ങളും പണവും ഉപയോഗിച്ച് ആഡംബര വാഹനങ്ങൾ വാടകക്കെടുത്ത് കറങ്ങിനടക്കുകയായിരുന്നു. ലഹരി പാർടികളും മറ്റും നടത്തി ആഡംബര ജീവിതമാണ് നയിച്ചിരുന്നത്. പ്രതിയെ ഒളിവിൽ കഴിയാൻ സഹായിച്ചവരെക്കുറിച്ചും മറ്റും പൊലീസ് അന്വേഷിച്ചുവരികയാണ്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. മഞ്ചേരി എസ് ഐമാരായ അഖിൽ രാജ്, ശിവദാസ്, എഎസ്ഐ ഫിറോസ്, എസിപിഒ അനിൽ ഫ്രാൻസിസ്, സിപിഒമാരായ ഉബൈദ്, സാലിം, എസ്ഐടി അംഗങ്ങളായ ദിനേഷ് ഇരുപ്പകണ്ടൻ, പി മുഹമ്മദ് സലീം, രഞ്ജിത്ത് രാജേന്ദ്രൻ, കെ കെ ജസീർ, വി പി ബിജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




