നവീകരിച്ച ഫറോക്ക് പുതിയ പാലം മന്ത്രി നാടിന് സമര്‍പ്പിച്ചു

HIGHLIGHTS : Minister dedicates renovated Farokh New Bridge to the nation

അതിമനോഹരമായി ദീപാലംകൃതമാക്കി നവീകരിച്ച ഫറോക്ക് പുതിയ പാലത്തിന്റെ ഉദ്ഘാടനം ആഘോഷം മുറ്റിനിന്ന അന്തരീക്ഷത്തില്‍ പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. പാലത്തില്‍ പുതുതായി സംവിധാനിച്ച ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മം നിര്‍വ്വഹിച്ചായിരുന്നു ഉദ്ഘാടനം. തുടര്‍ന്ന് മന്ത്രിയും നൂറുകണക്കിന് നാട്ടുകാരും നവീകരിച്ച പാലത്തിലൂടെ നടന്നുനീങ്ങി.

സംസ്ഥാനത്തെ പാലങ്ങള്‍ ദീപാലംകൃതമാക്കുന്നതിലൂടെ അവയും വിനോദ സഞ്ചാര കേന്ദ്രങ്ങളായി മാറുകയാണെന്ന് മന്ത്രി പറഞ്ഞു. സുരക്ഷിതവും സുഗമവുമായ ഗതാഗതം ഉറപ്പാക്കുന്നതിനൊപ്പം പാലങ്ങളുടെ ടൂറിസം സാധ്യതകള്‍ കൂടി ഉപയോഗപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്നും മന്ത്രി അറിയിച്ചു.

sameeksha-malabarinews

1977ല്‍ നിര്‍മ്മാണം പൂര്‍ത്തികരിച്ച ഫറോക്ക് പാലത്തില്‍ അതിനു ശേഷം കാര്യമായ അറ്റകുറ്റ പ്രവൃത്തികളൊന്നും നടത്തിയിരുന്നില്ല. പാലത്തിന്റെ കൈവരികളും ഫുട്പാത്ത് സ്ലാബുകളും തകര്‍ന്ന് അപകടാവസ്ഥയിലായ പാലം, 1.49 കോടി രൂപ ചെലവഴിച്ചാണ് നവീകരിച്ചത്. നവീകരണ പ്രവൃത്തിയുടെ ഭാഗമായി കൈവരികള്‍ പൊളിച്ച് പുതിയത് ഉയര്‍ത്തി സ്ഥാപിക്കുകയും നടപ്പാത നവീകരിക്കുകയും വൈദ്യുതി വിളക്കുകള്‍ സ്ഥാപിക്കുകയും ചെയ്തു. ഇതിനു പുറമെ, വര്‍ണ്ണാഭമായ പെയിന്റിംഗ്, ലാന്റ് സ്‌കെയ്പിംഗ് എന്നീ പ്രവൃത്തികളും പൂര്‍ത്തീകരിച്ചു.

ചടങ്ങില്‍ ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ്, കേരള ടൂറിസം ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് ചെയര്‍മാന്‍ എസ് കെ സജീഷ്, ഫറോക്ക് മുനിസിപ്പല്‍ ചെയര്‍മാന്‍ എന്‍.സി. അബ്ദുള്‍ റസാഖ്, രാമനാട്ടുകര മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ബുഷ്റ റഫീഖ്, സബ് കലക്ടര്‍ ഹര്‍ഷില്‍ കുമാര്‍ മീണ, അസിസ്റ്റന്റ് കലക്ടര്‍ ആയുഷ് ഗോയല്‍, പൊതുമരാമത്ത് വകുപ്പ് സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ പി കെ മിനി, എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ എ ജമാല്‍ മുഹമ്മദ്, മുനിസിപ്പല്‍ കൗണ്‍സിലര്‍മാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!