മുഖ്യമന്ത്രി പ്രസംഗിക്കുമ്പോള്‍ മൈക്കിന് സാങ്കേതിക തകരാര്‍; സ്വമേധയാ കേസെടുത്ത് പൊലീസ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രസംഗിക്കുമ്പോള്‍ മൈക്ക് തടസപ്പെട്ടതിന് കേസ്. കന്റോണ്‍മെന്റ് പൊലീസാണ് സ്വമേധയാ കേസെടുത്തത്. കെപിസിസി സംഘടിപ്പിച്ച ഉമ്മന്‍ചാണ്ടി അനുസ്മരണ പരിപാടിയില്‍ മുഖ്യമന്ത്രി സംസാരിക്കുമ്പോഴായിരുന്നു മൈക്ക് തടസപ്പെട്ടത്.

118 ഇ കെപിഎ ആക്ട് പ്രകാരമാണ് കേസ്. അയ്യന്‍കാളി ഹാളിലായിരുന്നു അനുസ്മരണ പരിപാടി നടന്നത്. കേസില്‍ ആരെയും പ്രതി ചേര്‍ത്തിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് മൈക്കും ആംപ്ലിഫയറും കേബിളും പോലീസ് കസ്റ്റഡിയിലെടുത്തു. ഇത് ബുധനാഴ്ച ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് പരിശോധിക്കും. പൊതുജനങ്ങള്‍ക്ക് അപകടമുണ്ടാക്കുന്നതോ പൊതുസുരക്ഷയെ പരാജയപ്പെടുത്തുന്നതോ ആയ എതെങ്കിലും പ്രവൃത്തി അറിഞ്ഞുകൊണ്ട് ചെയ്യുന്നു എന്ന വകുപ്പിലാണ് കേസ്. മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെ മൈക്ക് തടസപ്പെട്ടത് മനപ്പൂര്‍വമാണോ അതോ സാങ്കേതികപ്രശ്‌നമാണോ എന്നാണ് പരിശോധിക്കുക. പരിശോധനയ്ക്ക് ശേഷം മൈക്ക് ആംപ്ലിഫയര്‍ കേബിള്‍ എന്നിവ വിട്ടുകൊടുക്കുമെന്ന് പോലീസ് വ്യക്തമാക്കി. നടപടിക്കെതിരെ കോണ്‍ഗ്രസ് രംഗത്ത് എത്തി. ഒരു സാങ്കേതിക തകരാറിന്റെ പേരില്‍ ഇത്തരമൊരു കേസെടുത്തത് വിചിത്രമാണെന്നാണ് കോണ്‍ഗ്രസിന്റെ പ്രതികരണം.

മുഖ്യമന്ത്രിയെ പരിപാടിക്ക് ക്ഷണിച്ചതും അദ്ദേഹം സംസാരിക്കാന്‍ തുടങ്ങുന്നതിനിടെ ചില കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉമ്മന്‍ ചാണ്ടിക്ക് അനുകൂലമായി മുദ്രാവാക്യം വിളിച്ചതും വിവാദമായതിനിടെയാണ് മൈക്ക് കേടായ സംഭവത്തില്‍ കേസെടുത്തിരിക്കുന്നത്. മുഖ്യമന്ത്രി പ്രസംഗിക്കാന്‍ എഴുന്നേറ്റപ്പോള്‍ ഉമ്മന്‍ചാണ്ടിക്ക് മുദ്രാവാക്യം വിളിച്ചത് അനാദരവായി കാണേണ്ടതില്ലെന്നു കോണ്‍ഗ്രസ് നേതാക്കള്‍ പ്രതികരിച്ചിരുന്നു. അതേസമയം മുദ്രാവാക്യം വിളിയും മൈക്ക് കേടായതും ആസൂത്രിതമായുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് എതിര്‍വാദങ്ങളും ഉയരുന്നുണ്ട്.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top