Section

malabari-logo-mobile

പായിപ്പാട് അതിഥി തൊഴിലാളികളെ ഇളക്കിവിടാന്‍ ആസൂത്രിത ശ്രമമുണ്ടായി: മുഖ്യമന്ത്രി

HIGHLIGHTS : തിരുവനന്തപുരം: പായിപ്പാട് അതിഥി തൊഴിലാളികളെ ഇളക്കിവിടാന്‍ ആസൂത്രിത ശ്രമമുണ്ടായതായും കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരളം നേടിയ മുന്നേറ്റം താറടി...

തിരുവനന്തപുരം: പായിപ്പാട് അതിഥി തൊഴിലാളികളെ ഇളക്കിവിടാന്‍ ആസൂത്രിത ശ്രമമുണ്ടായതായും കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കേരളം നേടിയ മുന്നേറ്റം താറടിച്ചു കാണിക്കാനുള്ള ശ്രമമായേ ഇതിനെ കാണാന്‍ സാധിക്കൂയെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഒന്നോ അതിലധികമോ ശക്തികള്‍ ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചതായാണ് പ്രാഥമികമായി മനസിലാക്കുന്നത്. ഇവരെ കണ്ടെത്താന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
അതിഥിത്തൊഴിലാളികള്‍ കഴിയുന്ന ക്യാമ്പുകളുടെ പൊതുമേല്‍നോട്ടം ജില്ലാ കളക്ടര്‍മാര്‍ക്ക് നല്‍കിയിട്ടുണ്ട്. ജില്ലാ പോലീസ് മേധാവി, ജില്ലാ ലേബര്‍ ഓഫീസര്‍ എന്നിവരടങ്ങിയ സമിതിയാവും പരിശോധന നടത്തുക. അതിഥിത്തൊഴിലാളികളെ തെറ്റിദ്ധരിപ്പിച്ച സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കുന്ന വ്യാജപ്രചാരണം നടത്തിയ മലപ്പുറം സ്വദേശികളായ രണ്ടു മലയാളികളെയും പിടിച്ചിട്ടുണ്ട്. വ്യാജവാര്‍ത്ത പ്രചരിപ്പിക്കുന്നവര്‍ക്ക് തക്കതായ ശിക്ഷ നല്‍കും.
ചില ക്യാമ്പുകളില്‍ ആള്‍ക്കാരുടെ എണ്ണം കൂടുതലാണ്. ഇവര്‍ക്ക് ആവശ്യമായ സൗകര്യം ഒരുക്കും. അതിഥി തൊഴിലാളികള്‍ കഴിയുന്ന സ്ഥലങ്ങളില്‍ ടിവി സൗകര്യം ലഭ്യമാക്കും. വാര്‍ത്തയും വിനോദ പരിപാടികളും കാണാന്‍ ഇതിലൂടെ സൗകര്യം ഒരുക്കും. പായിപ്പാട് അതിഥി തൊഴിലാളികളെ താമസിപ്പിക്കുന്നതിന് പിന്നിലും ഒരു കച്ചവട രീതിയുണ്ട്. സാധാരണ താമസിപ്പിക്കാന്‍ പറ്റാത്തയിടത്തുവരെ വാടക വാങ്ങി താമസിപ്പിക്കുന്നു. അതിഥി തൊഴിലാളികള്‍ക്ക് മാന്യമായ താമസം ഒരുക്കണമെന്നതാണ് സര്‍ക്കാര്‍ നിലപാട്. ജോലിയില്ലാത്ത സാഹചര്യത്തില്‍ അവര്‍ മുഴുവന്‍ സമയവും താമസസ്ഥലത്തുണ്ടാവും. അപ്പോള്‍ അതനുസരിച്ചുള്ള സൗകര്യം താമസിക്കുന്നിടത്ത് വേണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അവര്‍ പറഞ്ഞ രീതിയിലുള്ള ഭക്ഷണം നല്‍കുന്നതിന് ആവശ്യമായ നടപടി സ്വീകരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് 5278 ലേബര്‍ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ക്യാമ്പുകള്‍ സന്ദര്‍ശിച്ച് അതിഥി തൊഴിലാളികളുടെ ക്ഷേമം അന്വേഷിക്കുന്നതിന് ഹിന്ദി ഭാഷ അറിയാവുന്ന ഹോം ഗാര്‍ഡുകളുടെ സേവനം വിനിയോഗിക്കും. അതിഥി തൊഴിലാളികളുടെ ക്ഷേമത്തിനായി സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച് ഹിന്ദി, ഒറിയ, ബംഗാളി ഭാഷകളില്‍ പ്രചാരണം നടത്തും. അതിഥി തൊഴിലാളികളുടെ ബുദ്ധിമുട്ടുകള്‍ അറിയിക്കാന്‍ സംസ്ഥാനതലത്തില്‍ കണ്‍ട്രോള്‍ റൂം ആരംഭിക്കും.
കോവിഡ് 19ന്റെ സാഹചര്യത്തില്‍ കടുത്ത വെയിലത്ത് നിന്ന് പോലീസ് ജോലി ചെയ്യേണ്ട സ്ഥിതിയാണ്. ഇവരുടെ ജോലി സമയം, ആരോഗ്യം എന്നിവ നിരീക്ഷിച്ച് ആവശ്യമായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കുന്നതിന് സായുധ സേന എ. ഡി. ജി. പിയെ ചുമതലപ്പെടുത്തി. സാഹചര്യം വിലയിരുത്തി കൈക്കൊള്ളേണ്ട പരിശോധന രീതി സംബന്ധിച്ച് എല്ലാ ദിവസവും എസ്. എം. എസിലൂടെ നിര്‍ദ്ദേശം നല്‍കും. തിങ്കളാഴ്ച റോഡില്‍ തിരക്ക് വര്‍ദ്ധിച്ചതായാണ് കാണുന്നത്. ഇക്കാര്യത്തില്‍ പോലീസ് കൂടുതല്‍ കര്‍ക്കശമായി ഇടപെടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!