Section

malabari-logo-mobile

മെന്റല്‍ ഹെല്‍ത്ത് റിവ്യൂ ബോര്‍ഡുകളുടെ പ്രവര്‍ത്തനം അടിയന്തരമായി ആരംഭിക്കും: മന്ത്രി വീണാ ജോര്‍ജ്

HIGHLIGHTS : Mental Health Review Boards to start functioning immediately: Minister Veena George

തിരുവനന്തപുരം: സംസ്ഥാനത്ത് മെന്റല്‍ ഹെല്‍ത്ത് റിവ്യൂ ബോര്‍ഡുകളുടെ പ്രവര്‍ത്തനം അടിയന്തരമായി ആരംഭിക്കുന്നത് സംബന്ധിച്ച് നിര്‍ദേശങ്ങള്‍ അംഗീകരിച്ച് ഉത്തരവായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തിരുവനന്തപുരം, കോട്ടയം, തൃശൂര്‍, കോഴിക്കോട് എന്നിവിടങ്ങളിലെ മെന്റല്‍ ഹെല്‍ത്ത് റിവ്യൂ ബോര്‍ഡുകള്‍ 01.04.2024ന് പ്രവര്‍ത്തനം ആരംഭിക്കുന്നതാണ്. ബോര്‍ഡുകള്‍ക്കായി സൃഷ്ടിച്ച തസ്തികകളിലേക്ക് ജീവനക്കാരെ നിയമിക്കുന്നത് വരെ കേരള സ്റ്റേറ്റ് മെന്റല്‍ ഹെല്‍ത്ത് അതോറിറ്റി/ആരോഗ്യ വകുപ്പ്/ ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് എന്നിവടങ്ങളിലെ ജീവനക്കാരുടെ സേവനം പ്രയോജനപ്പെടുത്തി പ്രവര്‍ത്തനം ആരംഭിക്കും. മെന്റല്‍ ഹെല്‍ത്ത് അതോറിറ്റി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍, ആരോഗ്യ വകുപ്പ് ഡയറക്ടര്‍, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ എന്നിവര്‍ ഇക്കാര്യത്തില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ നടത്താന്‍ നിര്‍ദേശം നല്‍കിയതായും മന്ത്രി പറഞ്ഞു.

2017ലെ മെന്റല്‍ ഹെല്‍ത്ത് കെയര്‍ ആക്റ്റ് പ്രകാരം തിരുവനന്തപുരം, കോട്ടയം, തൃശൂര്‍, കോഴിക്കോട് കണ്ണൂര്‍ എന്നിവിടങ്ങളിലായി സംസ്ഥാനത്ത് 5 മെന്റല്‍ ഹെല്‍ത്ത് റിവ്യൂ ബോര്‍ഡുകള്‍ രൂപീകരിക്കുന്നതിന് അനുമതി നല്‍കിയിരുന്നു. ഈ റിവ്യൂ ബോര്‍ഡുകളില്‍ ചെയര്‍പേഴ്‌സണ്‍മാരെയും അംഗങ്ങളെയും നാമനിര്‍ദ്ദേശം ചെയ്തും റിവ്യൂ ബോര്‍ഡുകളിലേക്ക് ആവശ്യമായ തസ്തികകള്‍ സൃഷ്ടിച്ചും ഉത്തരവായിട്ടുണ്ട്. വ്യക്തികള്‍ക്ക് മാനസികാരോഗ്യ പരിചരണവും, സേവനങ്ങളും നല്‍കുന്നതിനും അത്തരം വ്യക്തികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും നിറവേറ്റുന്നതിനുമാണ് മെന്റല്‍ ഹെല്‍ത്ത് റിവ്യൂ ബോര്‍ഡുകള്‍ സ്ഥാപിക്കുന്നത്.

sameeksha-malabarinews

മാനസിക രോഗിയായ ഒരു വ്യക്തിയുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായുളള ഒരു ക്വാസി ജ്യുഡിഷല്‍ സംവിധാനമാണ് മെന്റല്‍ ഹെല്‍ത്ത് റിവ്യൂ ബോര്‍ഡ്. ഈ നിയമ പ്രകാരം മാനസികാരോഗ്യ ചികിത്സയുമായി ബന്ധപ്പെട്ട ഏതെങ്കിലും തരത്തിലുളള പരാതികളോ, ആക്ഷേപങ്ങളോ അല്ലെങ്കില്‍ നിയമപ്രകാരമുളള അവകാശങ്ങള്‍ ലംഘിക്കപ്പെടുന്നതുമായുളള സന്ദര്‍ഭങ്ങളില്‍ മാനസിക രോഗമുളള ഏതൊരു വ്യക്തിക്കും അല്ലെങ്കില്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട പ്രതിനിധിക്കോ അല്ലെങ്കില്‍ ഒരു രജിസ്റ്റര്‍ ചെയ്ത സര്‍ക്കാര്‍ ഇതര സംഘടനയുടെ പ്രതിനിധിയ്‌ക്കോ രോഗിയുടെ സമ്മതത്തോടുകൂടി പ്രശ്‌ന പരിഹാരത്തിനായി ബോര്‍ഡിനെ സമീപിക്കാവുന്നതാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!