Section

malabari-logo-mobile

പ്രതിരോധ കുത്തിവെപ്പെടുക്കാത്ത കുട്ടികളില്‍ അഞ്ചാംപനി പടരുന്നു, ജാഗ്രത പാലിക്കണം: ജില്ലാ മെഡിക്കല്‍ ഓഫീസര്‍

HIGHLIGHTS : Measles spreading among unvaccinated children, alert: District Medical Officer

ജില്ലയില്‍ അഞ്ചാംപനി കേസുകള്‍ കൂടിവരുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ആര്‍. രേണുക. അതേസമയം പ്രതിരോധ കുത്തിവെപ്പ് എടുക്കാത്ത കുട്ടികളില്‍ രോഗബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പൊതുജനങ്ങള്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തണമെന്നും ഡിഎംഒ അറിയിച്ചു. കല്‍പ്പകഞ്ചേരി പഞ്ചായത്തില്‍ ആദ്യ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ദിവസം മുതല്‍ തന്നെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. രോഗ നിരീക്ഷണവും ബോധവല്‍ക്കരണ പരിപാടികളും നടത്തിയതിനോടൊപ്പം തന്നെ പ്രതിരോധ കുത്തിപ്പുകള്‍ എടുക്കാത്ത കുട്ടികളെ ഭവന സന്ദര്‍ശനത്തിലൂടെ കണ്ടെത്തി, അത്തരം കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവെപ്പ് നല്‍കുന്നതിനുള്ള പ്രത്യേക ക്യാമ്പുകളും സംഘടിപ്പിച്ചിരുന്നതായും ഡി.എം.ഒ പറഞ്ഞു. മീസില്‍സ് ബാധിച്ച ആയിരത്തില്‍ മൂന്ന് കുട്ടികള്‍ മരണപ്പെടുന്നുവെന്നതാണ് കണക്കുകള്‍. പ്രതിരോധ കുത്തിവെപ്പുകള്‍ കൊണ്ട് തടയാവുന്ന രോഗങ്ങള്‍ കാരണം ആളുകള്‍ മരിക്കുന്നത് ഒരു പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ലെന്നും എല്ലാവരും പ്രതിരോധ കുത്തിവെപ്പ് പരിപാടികളുമായി സഹകരിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അഭ്യര്‍ത്ഥിച്ചു.

എന്താണ് അഞ്ചാം പനി

പാരാമിക്‌സോ വൈറസ് വിഭാഗത്തില്‍ പെടുന്ന മോര്‍ബിലി വൈറസ് ഉണ്ടാക്കുന്ന അസുഖമാണ് അഞ്ചാം പനി. നമ്മുടെ നാട്ടില്‍ ആറു മാസം മുതല്‍ മൂന്നു വയസ്സ് വരെയുള്ള കുട്ടികളിലാണ് ഈ രോഗം കൂടുതലായും കണ്ടു വരുന്നത്.

ലക്ഷണങ്ങള്‍

പനിയാണ് ആദ്യത്തെ ലക്ഷണം. കൂടെ ചുമ, കണ്ണ് ചുവക്കല്‍, ജലദോഷം എന്നിവയും ഉണ്ടാകും. അതു കഴിഞ്ഞു നാലു ദിവസം പിന്നിടുമ്പോഴേക്കും ചെവിയുടെ പുറകില്‍ നിന്നു തുടങ്ങി മുഖത്തേക്ക് പടര്‍ന്നു ശേഷം ദേഹമാസകലം ചുവന്ന പൊടുപ്പുകള്‍ കാണപ്പെടും. അപ്പോഴേക്കും പനി പൂര്‍ണമായും ഭേദമാകും. കൂടാതെ വയറിളക്കം, ഛര്‍ദി, ശക്തമായ വയറുവേദന, അപ്പെന്റിക്‌സിന്റെ പഴുപ്പ് എന്നിവയുണ്ടാകാം. വയറിളക്കം കൃത്യ സമയത്ത് ചികിത്സി ച്ചില്ലെങ്കില്‍ നിര്‍ജലീകരണം മൂലം മരണം വരെ സംഭവിക്കാം.

രോഗം പകരുന്ന വിധം

അസുഖമുള്ള ഒരാളുടെ കണ്ണില്‍ നിന്നുള്ള സ്രവത്തില്‍ നിന്നോ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും ഉണ്ടാകുന്ന കണങ്ങള്‍ വഴിയോ രോഗപ്പകര്‍ച്ചയുണ്ടാകാം. മുഖാമുഖം നമ്പര്‍ക്കം വേണമെന്നില്ല. ഒരു രോഗിയുടെ സ്രവങ്ങളുമായി സമ്പര്‍ക്കമുണ്ടായ 90 ശതമാനം ആള്‍ക്കാര്‍ക്കും അഞ്ചാം പനി പിടിപെടാം.

പ്രധാന പ്രശ്‌നങ്ങള്‍

അഞ്ചാം പനി കാരണം എറ്റവും കൂടുതല്‍ ഉണ്ടാകുന്ന പ്രശ്‌നം വയറിളക്കത്തിന്റെ ഭാഗമായുള്ള നിര്‍ജലീകരണവും ചെവിയില്‍ പഴുപ്പും ആണ്. ഈ പഴുപ്പ് യഥാവിധം ചികിത്സിച്ചില്ലെങ്കില്‍ മെനിഞ്ചിറ്റിസ് പോലുള്ള പ്രശ്‌നങ്ങളും ഉണ്ടാകാം. വിറ്റാമിന്‍ എ യുടെ കുറവും വ്യത്യസ്ത തരത്തിലുള്ള ശ്വാസകോശ രോഗങ്ങളും ഈ അസുഖത്തിന്റെ ഭവിഷ്യത്തുകളാണ്.

പ്രധാന വില്ലന്‍ ന്യുമോണിയ

അഞ്ചാം പനി കാരണമുള്ള മരണങ്ങള്‍ സംഭവിക്കുന്നതിന്റെ പ്രധാന വില്ലന്‍ ന്യുമോണിയയാണ്. തത്കാലം വലിയ കുഴപ്പങ്ങളില്ലാതെ ഭേദമായാലും അഞ്ചാം പനി അസുഖം വന്നു ഏഴ് മുതല്‍ 10 വര്‍ഷങ്ങള്‍ കഴിഞ്ഞാലും തലച്ചോറിനെ ബാധിക്കുന്ന സബ് അക്യൂട്ട് സ്‌ക്ലിറോസിങ് എന്‍സെഫലൈറ്റിസ് (Subacute Sclerosing Encephalitis) മരണകാരണമാകാം. ആളുടെ സ്വഭാവത്തില്‍ ക്രമേണയുണ്ടാകുന്ന വ്യതിയാനങ്ങള്‍, പഠനത്തില്‍ പെട്ടെന്ന് പിറകോട്ടു പോകുക, ദേഷ്യവും വാശിയും കൂടുതലുണ്ടാവുക എന്നിവയില്‍ തുടങ്ങി ശരീരം മുഴുവന്‍ ബലം പിടിക്കുന്ന അവസ്ഥയിലേക്ക് പോയി അബോധാവസ്ഥയും ശ്വാസമെടുക്കാന്‍ വെന്റിലേറ്റര്‍ സഹായവും ഒക്കെയായി മിക്കവാറും മരണത്തിലേക്ക് വഴുതിവീഴാന്‍ സാധ്യതയേറെയാണ്.

മീസില്‍സ് കുത്തിവെപ്പ് എടുക്കാത്ത അഞ്ച് വയസ്സിനു താഴെയുള്ളവര്‍ 20 വയസിനു മുകളിലുള്ളവര്‍, ഗര്‍ഭിണികള്‍, പ്രതിരോധശേഷി കുറഞ്ഞവര്‍ എന്നിവര്‍ ചപ്പട്ട ഗുരുതരമാവാന്‍ സാധ്യത ഉള്ളവര്‍ ആണ്. രോഗം ബാധിക്കുന്ന കുട്ടികളില്‍ നിന്ന് ഇത്തരം ആളുകളിലേക്ക് രോഗം പകരുന്നതിനും അത് വഴി അവര്‍ ഗുരുതരാവസ്ഥയിലാകുന്നതിനും സാധ്യതയുണ്ട്.

മീസല്‍സ് രോഗബാധ ഉണ്ടാകുന്നവരില്‍ 20 മുതല്‍ 72 ശതമാനം കുട്ടികളില്‍ വയറിളക്കം ഉണ്ടാകാനുള്ള സാധ്യതയുണ്ട് എന്നുമാത്രമല്ല ഒരു വയസ്സിന് മുമ്പ് ഉണ്ടാകുന്ന വയറിളക്ക രോഗങ്ങളില്‍ എട്ട് ശതമാനം ഉണ്ടാകുന്നത് മീസില്‍സ് രോഗബാധ മൂലമാണെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. കൂടാതെ മീസില്‍സ് രോഗബാധ ഉണ്ടാകുന്നവരില്‍ പത്തില്‍ ഒരാള്‍ക്ക് എന്ന കണക്കില്‍ ചെവിക്ക് അണുബാധ ഉണ്ടാകാനും 20ല്‍ ഒരാള്‍ക്ക് എന്ന കണക്കില്‍ ന്യൂമോണിയ ഉണ്ടാകാനും സാധ്യതയുണ്ട്.

രോഗ പ്രതിരോധം

നമ്മുടെ രക്ഷാകവചമായ പ്രതിരോധ കുത്തിവെപ്പുകള്‍ തന്നെയാണ് പ്രധാന പ്രതിരോധ മാര്‍ഗം. കുത്തിവെപ്പ് പട്ടിക പ്രകാരം കുട്ടിക്ക് ഒമ്പത് മാസം തികയുമ്പോള്‍ ആദ്യ ഡോസ് എം.ആറും കൂടെ വിറ്റാമിന്‍ എ തുള്ളികളും നല്‍കണം. രണ്ടാമത്തെ ഡോസ് ഒന്നരവയസ്സ് മുതല്‍ രണ്ടു വയസ്സാവുന്നത് വരെയുള്ള പ്രായത്തില്‍ ചെയ്യാം. എം.ആര്‍ അല്ലെങ്കില്‍ എം.എം.ആര്‍ കുത്തിവെപ്പ് ആയി വലതു കൈയിലാണ് എടുക്കേണ്ടത്. രണ്ടു ഡോസ് വാക്‌സിന്‍ 97 ശതമാനം സുരക്ഷിതത്വം നല്‍കും.

അഞ്ചാം പനിയുടെ ചികിത്സയില്‍ വിറ്റാമിന്‍ എ ക്ക് മുഖ്യ സ്ഥാനം

ആന്റി ഇന്‍ഫെക്റ്റീവ് വൈറ്റമിന്‍ എന്നറിയപ്പെടുന്ന വിറ്റാമിന്‍ എ, ശരീരത്തിന്റെ പ്രതിരോധശേഷി നിലനിര്‍ത്തുന്നതിന് പുറമേ കാഴ്ച, പ്രജനനം, കോശങ്ങള്‍ക്കിടയിലുള്ള ആശയവിനിമയം അടക്കം നിരവധി പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായക പങ്കുവഹിക്കുന്നു. അഞ്ചാം പനിയുടെ വൈറസ് ശരീരത്തിലെ വിറ്റാമിന്‍ എ യുടെ അളവ് കുറയ്ക്കുകയും രോഗ തീവ്രത വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. അതുവഴി സങ്കീര്‍ണതകളും മരണനിരക്കും വര്‍ദ്ധിക്കുന്നു. അതിനാല്‍ തന്നെ അഞ്ചാം പനിയുടെ ചികിത്സയില്‍ വിറ്റാമിന്‍ എ യുടെ പങ്ക് വളരെ വലുതാണ്. ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശപ്രകാരം ഒരു വയസ്സിന് മുകളില്‍ പ്രായമുള്ള അഞ്ചാം പനി രോഗികള്‍ക്ക്, അടുത്തടുത്ത ദിവസങ്ങളില്‍ രണ്ട് ലക്ഷം യൂണിറ്റ്, ആറ് മുതല്‍ 11 മാസം പ്രായമുള്ളവര്‍ക്ക് ഒരു ലക്ഷം യൂണിറ്റ്, ആറുമാസത്തില്‍ താഴെ പ്രായമുള്ള കുഞ്ഞുങ്ങള്‍ക്ക് 50000 യൂണിറ്റ് എന്ന അളവില്‍ വൈറ്റമിന്‍ എ നല്‍കേണ്ടതാണ്. ഇത് അന്ധത, ന്യുമോണിയ അടക്കമുള്ള സങ്കീര്‍ണ്ണതകളും മരണനിരക്കും ഗണ്യമായി കുറയ്ക്കും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

MORE IN Latest News