Section

malabari-logo-mobile

അഞ്ചാംപനി പ്രതിരോധം: എല്ലാ കുട്ടികള്‍ക്കും ഡിസംബര്‍ 5 നകം വാക്സിന്‍ നല്‍കും; ജില്ലാ കളക്ടര്‍

HIGHLIGHTS : Measles Prevention: All children will be vaccinated by December 5; District Collector

ജില്ലയില്‍ മീസല്‍സ് റൂബെല്ല വാക്സിനെടുക്കാത്ത എല്ലാ കുട്ടികള്‍ക്കും ഡിസംബര്‍ 5 നകം വാക്സില്‍ നല്‍കുമെന്ന് ജില്ലാ കളക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ പറഞ്ഞു. കൂടുതല്‍ പേര്‍ വാക്സിന്‍ സ്വീകരിക്കുന്നതിലൂടെ മാത്രമേ അഞ്ചാം പനി വ്യാപനം തടയാനാവൂ എന്നും കളക്ടര്‍ പറഞ്ഞു. ജില്ലാ ആസൂത്രണ സമിതി ഹാളില്‍ ചേര്‍ന്ന ജില്ലാ വികസന സമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വാക്സിനെതിരെ തെറ്റായ പ്രചരണം നടത്തിയാല്‍ നിയമനടപടി സ്വീകരിക്കും. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവണം. രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്‌കൂളുകളിലും അങ്കണവാടികളിലും മാസ്‌കും സാനിറ്റൈസറും നിര്‍ബന്ധമാക്കിയതായും കളക്ടര്‍ പറഞ്ഞു.

ജില്ലയില്‍ ഇതുവരെ 140 അഞ്ചാംപനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ രേണുക യോഗത്തില്‍ അറിയിച്ചു. രോഗബാധയുണ്ടായ 125 പേരില്‍ 6 പേര്‍ ഒഴിച്ച് ബാക്കിയുള്ളവരെല്ലാം വാക്സിനെടുക്കാത്തവരാണ്. കല്‍പകഞ്ചേരി (54 പേര്‍), മലപ്പുറം (14), പൂക്കോട്ടൂര്‍ (14) എന്നിങ്ങനെ മൂന്നു സ്ഥലങ്ങളിലാണ് രോഗ വ്യാപനം ഉണ്ടായിട്ടുള്ളത്. ജില്ലയില്‍ 97356 കുട്ടികള്‍ എം.ആര്‍ വാക്സിന്‍ ഒന്നാം ഡോസ് എടുക്കാനുണ്ട്. രണ്ടാം ഡോസ് ലഭിക്കാത്ത 116994 കുട്ടികളുണ്ട്. രോഗ ബാധ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത കല്‍പകഞ്ചേരിയില്‍ 776 പേര്‍ വാക്സിനെടുക്കാനുണ്ട്. പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ ദിവസവും വാര്‍ഡ്, ഗ്രാമപഞ്ചായത്ത്, ജില്ലാതലങ്ങളില്‍ അവലോകനയോഗം ചേര്‍ന്ന് വാക്സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നുണ്ടെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

sameeksha-malabarinews

ജില്ലയില്‍ ജലാശയ മരണങ്ങള്‍ വര്‍ധിക്കുമ്പോഴും രക്ഷാപ്രവര്‍ത്തന ഉപകരണങ്ങളില്ലാതെ വകുപ്പുകള്‍ ബുദ്ധിമുട്ടുകയാണെന്ന് പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ പറഞ്ഞു. ജീവന്‍ രക്ഷാ സംവിധാനങ്ങള്‍ ഇല്ലാതെയാണ് ഉല്ലാസ ബോട്ടുകള്‍ യാത്ര നടത്തുന്നത്. പല ബോട്ടുകള്‍ക്കും ലൈസന്‍സ് ഇല്ലെന്ന കാര്യവും എം.എല്‍.എ കളക്ടറുടെ ശ്രദ്ധയില്‍ പെടുത്തി. ജനങ്ങളുടെ സുരക്ഷയാണ് മുഖ്യമെന്നും നിയമങ്ങള്‍ പാലിക്കാതെയും ലൈസന്‍സില്ലാതെയും സര്‍വ്വീസ് നടത്തുന്ന ബോട്ടുകള്‍ പിടിച്ചെടുക്കാന്‍ പൊലീസും തുറമുഖ വകുപ്പും ചേര്‍ന്ന് പരിശോധന നടത്തുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

ദേശീയപാതാ 66 വികസന പ്രവൃത്തികളുടെ ഡി.പി.ആര്‍ തയ്യാറാക്കിയത് ജനങ്ങളുടെ പ്രശ്നങ്ങള്‍ പഠിക്കാതെയാണെന്നും ജനപ്രതിനിധികളുമായി ആലോചിക്കാതെയാണെന്നും എം.എല്‍.എമാരായ ആബിദ് ഹുസൈന്‍ തങ്ങള്‍, പി. അബ്ദുല്‍ ഹമീദ്, ടി.വി ഇബ്രാഹിം എന്നിവര്‍ പറഞ്ഞു. വാടകയ്ക്കെടുത്ത സ്ഥലങ്ങളില്‍ കരാര്‍ കമ്പനി തദ്ദേശസ്ഥാപനങ്ങളുടെ അനുമതിയില്ലാതെ കെട്ടിട നിര്‍മാണം നടത്തുന്നു. റോഡ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന പ്രദേശങ്ങളിലെ ജനങ്ങള്‍ ഗതാഗത തടസ്സം, പൊടി ശല്യം, ഡ്രെയിനേജ് പ്രശ്നം മൂലം ബുദ്ധിമുട്ടുകയാണെന്നും ഇവ പരിഹരിക്കുന്നതിന് ജില്ലാ ഭരണകൂടം അടിയന്തിരമായി ഇടപെടണമെന്നും എം.എല്‍.എമാര്‍ ആവശ്യപ്പെട്ടു. ദേശീയപാത നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജനവാസ കേന്ദ്രങ്ങളില്‍ ഹസാര്‍ഡ് കെമിക്കലുകള്‍ ഉപയോഗിച്ച് നിര്‍മാണം നടത്തുന്നുണ്ടെന്ന പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സ്ഥലം പരിശോധിച്ചതായും നിര്‍മാണ യൂണിറ്റിന് നിര്‍ദ്ദേശ കത്ത് നല്‍കിയതായും പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് എന്‍വയോണ്‍മെന്റല്‍ എഞ്ചിനീയര്‍ അറിയിച്ചു.

ഗതാഗത നിയമലംഘനങ്ങള്‍ കണ്ടെത്താനും തടയാനുമായി റോഡുകളില്‍ മോട്ടോര്‍ വാഹന വകുപ്പ് സ്ഥാപിച്ച കാമറകള്‍ എത്രയും പെട്ടെന്ന് പ്രവര്‍ത്തന ക്ഷമമാക്കണമെന്ന് കെ.പി.എ മജീദ് എം.എല്‍.എ ആവശ്യപ്പെട്ടു.
യോഗത്തില്‍ ഭരണഘടനാ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ.ബി ബാബു കുമാര്‍ ഭരണഘടനാ ആമുഖ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എം.എല്‍.എമാരായ പി. ഉബൈദുല്ല, കെ.പി.എ മജീദ്, ടി.വി ഇബ്രാഹിം, പി. അബ്ദുല്‍ ഹമീദ്, പ്രൊഫ. ആബിദ് ഹുസൈന്‍ തങ്ങള്‍, യു.എ ലത്തീഫ്, ജില്ലാ വികസന കമ്മീഷണര്‍ രാജീവ് കുമാര്‍ ചൗധരി, അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് എന്‍.എം മെഹറലി, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ.ബി ബാബു കുമാര്‍, പി.വി അബ്ദുള്‍ വഹാബ് എം.പിയുടെ പ്രതിനിധി അഡ്വ. പി അബുസിദ്ധീഖ്, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!