വിഴിഞ്ഞത്ത് വന്‍ സംഘര്‍ഷാവസ്ഥ, അക്രമം; 30 ലേറെ പൊലീസുകാര്‍ക്ക് പരിക്ക്

തിരുവനന്തപുരം: വിഴിഞ്ഞം പൊലീസ് സ്റ്റേഷന്‍ പരിസരത്ത് വന്‍ സംഘര്‍ഷാവസ്ഥ. സംഘര്‍ഷത്തില്‍ 30 ലേറെ പൊലീസുകാര്‍ക്ക് പരിക്ക്. പൊലീസ് പ്രതികാര നടപടി സ്ഥീകരിക്കുകയാണെന്നും കസ്റ്റഡിയിലെടുത്തവരെ വിടണമെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധക്കാര്‍ വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലേക്ക് എത്തിയത്. പൊലീസ് സ്റ്റേഷന്‍ വളഞ്ഞ പ്രതിഷേധക്കാര്‍ രണ്ട് പൊലീസ് ജീപ്പുകള്‍ മറിച്ചിട്ടു. വിഴിഞ്ഞം സ്റ്റേഷന്‍ സമരക്കാര്‍ അടിച്ചു തകര്‍ത്തു.

സംഘര്‍ഷത്തില്‍ പരിക്കേറ്റ പൊലീസുകാരെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പ്രാദേശിക മാധ്യമ പ്രവര്‍ത്തകര്‍ക്കും മര്‍ദ്ദനമേറ്റു. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു.

സംഘര്‍ഷം ഒഴിവാക്കാന്‍ സഭാപ്രതിനിധികളുമായി പൊലീസ് ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തുകയാണ്. ജില്ലാ കളക്ടറും സ്ഥലത്തെത്തി. അതേസമയം, പൊലീസിനെതിരെ സമര സമിതി കണ്‍വീനര്‍ ഫാ. യുജിന്‍ പെരേര രംഗത്തെത്തി. സമര സ്ഥലത്ത് വന്ന് നിന്നാല്‍ ഗൂഢാലോചനയാകില്ലെന്നും സമാധാനമാണ് സഭ ആഗ്രഹിക്കുന്നതെന്നും യുജിന്‍ പെരേര പറഞ്ഞു. വൈദികരെ അടക്കം പൊലീസ് മര്‍ദ്ദിച്ചുവെന്നും സ്ഥിതി വഷളാക്കിയത് പൊലീസാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

അതിനിടെ, സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് വിഴിഞ്ഞം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവര്‍ത്തിക്കുന്ന മദ്യവില്‍പ്പന ശാലകളുടെ പ്രവര്‍ത്തനം ഏഴ് ദിവസത്തേക്ക് നിരോധിച്ചു. മദ്യശാലകളുടെ പ്രവര്‍ത്തനം നവംബര്‍ 28 മുതല്‍ ഡിസംബര്‍ നാല് വരെ നിരോധിച്ചതായി ജില്ലാ കളക്ടര്‍ ജെറോമിക് ജോര്‍ജ് അറിയിച്ചു. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിര്‍മ്മാണത്തിനെതിരെ തിരുവനന്തപുരം ലത്തീന്‍ കത്തോലിക്ക അതിരൂപതയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന അനിശ്ചിതകാല ഉപരോധസമരം കണക്കിലെടുത്താണ് നടപടിയെന്നും അറിയിപ്പില്‍ പറയുന്നു.

Share news
error: Content is protected !!
Scroll to Top