Section

malabari-logo-mobile

വര്‍ഷങ്ങള്‍ക്കു ശേഷം കുവൈത്തില്‍ വീണ്ടും കൂട്ടവധശിക്ഷ

HIGHLIGHTS : കുവൈത്ത്: വര്‍ഷങ്ങള്‍ക്കു ശേഷം കുവൈത്തില്‍ വീണ്ടും കൂട്ടവധശിക്ഷ നടപ്പാക്കി. നാല് സ്വദേശികള്‍ ഉള്‍പ്പെടെ ഏഴ് പേരെയാണ് ബുധനാഴ്ച കുവൈത്ത് ഭരണകൂടം തൂക്...

കുവൈത്ത്: വര്‍ഷങ്ങള്‍ക്കു ശേഷം കുവൈത്തില്‍ വീണ്ടും കൂട്ടവധശിക്ഷ നടപ്പാക്കി. നാല് സ്വദേശികള്‍ ഉള്‍പ്പെടെ ഏഴ് പേരെയാണ് ബുധനാഴ്ച കുവൈത്ത് ഭരണകൂടം തൂക്കിക്കൊന്നത്. ഇതില്‍ രണ്ട് സ്ത്രീകളും ഉള്‍പ്പെടുന്നുണ്ട്. കൂട്ട വധശിക്ഷയില്‍ അന്താരാഷ്ട്രതലത്തില്‍ വലിയ വിമര്‍ശനമാണ് ഉയരുന്നത്.

നാല് കുവൈത്ത് സ്വദേശികളും ഒരു എത്യോപ്യന്‍ വനിതയും സിറിയന്‍, പാകിസ്താന്‍ സ്വദേശികളുമാണ് ശിക്ഷയ്ക്ക് വിധേയരായത്. കുവൈത്ത് സെന്‍ട്രല്‍ ജയിലില്‍ വെച്ചാണ് ശിക്ഷ നടപ്പാക്കിയത്.

sameeksha-malabarinews

കുവൈത്തി പൗരന്‍മാരായ ഖാലിദ് സാദ് മുഹമ്മദ് അല്‍ ഖഹാ അലി അല്ല അല്‍ ജാബി, റബാബ് അലി മുസ്തഫ ഷെഹാത, സിറിയന്‍ പൗരനായ ഹമദ് അഹമ്മദ് മഹ്‌മൂദ് അല്‍ ഖലഫ്, പാകിസ്ഥാന്‍ പൗരനായ റാഷിദ് അഹമ്മദ് നസീര്‍ മഹ്‌മൂദ്, എത്യോപ്യന്‍ പൗരനായ ഐഷ നെമോ വിസോ എന്നിവരുടെ വധശിക്ഷയാണ് ബുധനാഴ്ച രാവിലെ സെന്‍ട്രല്‍ ജയിലില്‍ വെച്ച് നടപ്പിലാക്കിയതെന്ന് അധികൃതര്‍അറിയിച്ചു.

ക്രിമിനല്‍ കോടതിയാണ് പ്രതികള്‍ക്ക് വധശിക്ഷ വിധിച്ചത്. മയക്കുമരുന്ന് കേസ്, കൊലപാതകം, കവര്‍ച്ച എന്നിങ്ങനെയുള്ള കേസിലെ പ്രതികള്‍ക്കാണ് വധശിക്ഷ. പ്രതികളായ ഏഴ് പേരെയും തൂക്കിലേറ്റാന്‍ തീരുമാനിച്ചതായി അറ്റോണി ജനറല്‍ കൗണ്‍സല്‍ മുഹമ്മദ് അല്‍ ദുഐജ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

2017ലാണ് അവസാനമായി ഇവിടെ കൂട്ടവധശിക്ഷ നടപ്പാക്കിയത്. ഒരു രാജകുടുംബാംഗം ഉള്‍പ്പെടെ ഏഴ് പേരായിരുന്നു അന്ന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടത്. അതിന് മുമ്പ് 2013ലും വധശിക്ഷ നടപ്പാക്കിയിരുന്നു. കഴിഞ്ഞ 53 വര്‍ഷത്തിനിടയില്‍ 84 പേരെയാണ് കുവൈത്തില്‍ തൂക്കിലേറ്റിയിട്ടുള്ളത്. ഇവരില്‍ 20 പേര്‍ കുവൈത്തികളും 64 പേര്‍ വിദേശികളുമാണ്. തൂക്കിലേറ്റിയോ, ഫയറിങ് സ്‌ക്വാഡുകള്‍ ഉപയോഗിച്ചോ
ശിക്ഷ വ്യാപകമായി നടപ്പാക്കുന്നത് പതിവാണ്. പ്രത്യേകിച്ച് ഇറാനിലും സൗദി അറേബ്യയിലും. ഒറ്റ ദിവസം 81 പുരുഷന്‍മാരുടെ വധശിക്ഷ വരെ കഴിഞ്ഞ മാര്‍ച്ചില്‍ സൗദിയില്‍ നടപ്പാക്കിയിട്ടുണ്ട്. ഈയിടെ ലോകത്ത് മുഴുവന്‍ നടപ്പാക്കിയ കൂട്ട വധശിക്ഷകളില്‍ ഏറ്റവും വലിയ കണക്കാണിത്.

ആംനസ്റ്റി ഇന്റര്‍നാഷ്ണലിന്റെ കണക്കനുസരിച്ച് 2022 ഒക്ടോബര്‍ 10 വരെ ലോകത്ത് 579 പേരുടെ വധശിക്ഷ നടപ്പാക്കിയിട്ടുണ്ട്. ഐക്യരാഷ്ട്ര സംഘടന അടക്കമുള്ള മനുഷ്യാവകാശ സംഘടനകള്‍ വധശിക്ഷ കടുത്ത മനുഷ്യാവകാശ ലംഘനമായാണ് കണക്കാക്കുന്നത്.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!