മണ്ണാര്‍ക്കാട് നഫീസ കൊലക്കേസ്; പ്രതികള്‍ക്ക് ജീവപര്യന്ത്യം, രണ്ട് ലക്ഷം രൂപ പിഴയും

പാലക്കാട്: മണ്ണാര്‍ക്കാട് നബീസ വധക്കേസില്‍ പ്രതികള്‍ക്ക് ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. നബീസയുടെ മകള്‍ ഫാത്തിമയുടെ മകന്‍ കരിമ്പ പടിഞ്ഞാറേതില്‍ ബഷീര്‍(45), ഭാര്യ ഫസീല(36)എന്നിവര്‍ക്കാണ് ശിക്ഷ ലഭിച്ചത്. കൊലപാതക കുറ്റം, തെളിവ് നശിപ്പിക്കല്‍, ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ തെളിഞ്ഞതായും കോടതി വ്യക്തമാക്കി.മണ്ണാര്‍ക്കാട് പട്ടികജാതി-പട്ടികവര്‍ഗ പ്രത്യേക കോടതി ജഡ്ജി ജോമോന്‍ ജോണ്‍ ആണ് വിധി പ്രസ്താവിച്ചത്.തെളിവ് നശിപ്പിച്ചതിന് ബഷീറിന് 7 വര്‍ഷം തടവും 25000 പിഴയും വിധിട്ടുണ്ട്. പിഴത്തുക നബീസയുടെ ബന്ധുക്കള്‍ക്ക് കൈമാറണം

2016 ജൂണ്‍ 23 നാണ് നബീസ കൊല്ലപ്പെട്ടത്. മണ്ണാര്‍ക്കാട് നൊട്ടമലയിലെ ബന്ധുവീട്ടിലെത്തിയ നബീസയെ ബഷീറും ഫസീലയും ചേര്‍ന്ന് ഇവരുടെ വാടക വീടായ മണ്ണാര്‍ക്കാട്ടെ നമ്പിയാംകുന്നിലെ വീട്ടിലേക്കു കൊണ്ടുപോയി ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയും പിന്നീട് ബലമായി വായില്‍ വിഷം ഒഴിച്ചും കൊലപ്പെടുത്തിയെന്നാണ് കേസ്.

അടുത്തദിവസം പുലര്‍ച്ചെ മൃതദേഹം കാറില്‍ കൊണ്ടുപോയി ആര്യമ്പാവ് റോഡിലെ ചെട്ടിക്കാട് ഭാഗത്ത് ഉപേക്ഷിക്കുകയായരുന്നത്രെ. മൃതദേഹത്തിന് സമീപത്തുള്ള ബാഗില്‍ നിന്ന് ആത്മഹത്യാക്കുറിപ്പും ഫോണും കണ്ടെത്തിയിരുന്നു. ആത്മഹത്യ കുറിപ്പാണ് കൊലപാതകത്തിലേക്ക് അടുപ്പിച്ചത്. നബീസക്ക് എഴുതാന്‍ അറിയില്ലെന്ന കാര്യം ബന്ധുക്കള്‍ പോലീസിനെ അറിയിക്കുകയായിരുന്നു.

വീട്ടില്‍ നിന്നും സ്വര്‍ണാഭരണം നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ബഷീറിനെയും ഭാര്യയേയും വീട്ടില്‍ നിന്നും പുറത്താക്കിയിരുന്നു. സ്വര്‍ണം മോഷ്ടിച്ച വിവരം നബീസ ബന്ധുക്കളോടും മറ്റും പറഞ്ഞതിലുള്ള പ്രതികാരവും കൊലപാതകത്തിലേക്ക് നയിക്കുകയായിരുന്നു.

ശിക്ഷാ വിധിയില്‍ തൃപ്തരാണെന്ന് പ്രോസിക്യൂഷനും നബീസയുടെ കുടുംബവും പ്രതികരിച്ചു.

 

 

Share news
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!
Scroll to Top