HIGHLIGHTS : Kolkata RG Kar Medical College rape and murder case; Accused Sanjay Roy found guilty; Sentencing to be on Monday
കൊല്‍ക്കത്ത ആര്‍ജി കര്‍ മെഡിക്കല്‍ കോളേജില്‍ ജൂനിയര്‍ ഡോക്ടറെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി സഞ്ജയ് റോയ് കുറ്റക്കാരനെന്ന് സിയാല്‍ദാ അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതി. കേസില്‍ ശിക്ഷാവിധി തിങ്കളാഴ്ച പ്രസ്താവിക്കും. ആശുപതിയിലെ സുരക്ഷാജീവനക്കാരനായിരുന്നു പ്രതിയായ സഞ്ജയ് റോയ്.
വിധി ഇന്നുണ്ടാകുമെന്നു കരുതി കൊല്ലപ്പെട്ട ഡോക്ടറുടെ മാതാപിതാക്കള്‍ വിധി കേള്‍ക്കാന്‍ കോടതിയില്‍ എത്തിയിരുന്നു.സംഭവം നടന്ന് 162 ദിവസങ്ങള്‍ക്കു ശേഷമാണ് വിധി പ്രസ്താവം
മെഡിക്കല്‍ കോളേജിലെ പിജി ട്രെയിനി ഡോക്ടര്‍ ഡ്യൂട്ടിയിലിരിക്കെ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മാസത്തിലായിരുന്നു. ഇതെതുടര്‍ന്ന് ഡോക്ടര്‍മാരുടെ പ്രക്ഷോഭം രാജ്യമാകെ വ്യാപിച്ചിരുന്നു. ബംഗാളില്‍ ജോലി ബഹിഷ്‌കരിച്ച് വരെ ഡോക്ടര്‍മാരും സമരത്തിലായിരുന്നു.
പ്രാദേശിക പോലീസിനൊപ്പം സിവിക് വോളന്റീറായ സഞ്ജയ് റോയി ഓഗസ്റ്റ് ഒന്‍പതിനാണ് കുറ്റകൃത്യം ചെയ്തത്. ജൂനിയര്‍ ഡോക്ടര്‍ സെമിനാര്‍ ഹാളില്‍ വിശ്രമിക്കവെയായിരുന്നു സംഭവമെന്നും സിബിഐ പറയുന്നു. കൂട്ടബലാത്സംഗക്കുറ്റങ്ങള്‍ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍, കൂടുതല്‍ സാധ്യതകള്‍ തുടര്‍ന്നുള്ള അന്വേഷണത്തിലുണ്ടാകാമെന്നും സിബിഐ കൂട്ടിച്ചേര്‍ത്തു. ആദ്യഘട്ട ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ച സഞ്ജയ് പിന്നീട് നടന്ന പോളിഗ്രാഫ് പരിശോധനയില്‍ വിസമ്മതിച്ചു. തനിക്കെതിരെ കെട്ടിച്ചമച്ച കേസാണെന്നും താന്‍ നിരപരാധിയാണെന്നുമായിരുന്നു സഞ്ജയ് പോളിഗ്രാഫ് പരിശോധനയില്‍ പറഞ്ഞത്. സെമിനാര്‍ ഹോളുള്ള ആശുപത്രിയുടെ മൂന്നാം നിലയില്‍ സഞ്ജയുടെ സാന്നിധ്യം സ്ഥിരീകരിക്കുന്ന സിസിടിവി ദൃശ്യങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു.
കൊല്‍ക്കത്തയിലെ ചില ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി സഞ്ജയ്ക്ക് അടുത്ത ബന്ധമുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു. കൂടാതെ പ്രാദേശിക പോലീസിന്റെ ഭാഗത്തുനിന്ന് അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമങ്ങള്‍ നടന്നിട്ടുള്ളതായും ആരോപണം ഉയര്‍ന്നിരുന്നു. ഓഗസ്റ്റ് 13നായിരുന്നു കല്‍ക്കട്ട ഹൈക്കോടതി ജൂനിയര്‍ ഡോക്ടറുടെ ബലാത്സംഗക്കൊലപാതകത്തിന്റെ അന്വേഷണം സിബിഐക്ക് കൈമാറിയത്.
നവംബര്‍ 11 മുതല്‍ അടച്ചിട്ട കോടതിമുറിയില്‍ നടന്നുവന്ന വിചാരണയില്‍, കൊല്ലപ്പെട്ട വനിതാ ഡോക്ടറുടെ പിതാവടക്കം അന്‍പതോളം സാക്ഷികളെ വിസ്തരിച്ചിരുന്നു. സഞ്ജയ് റോയിയെ വധശിക്ഷയ്ക്കു വിധിക്കണമെന്നാണ് കേസ് അന്വേഷിക്കുന്ന സിബിഐ ആവശ്യപ്പെട്ടിരിക്കുന്നത്. സംഭവത്തിന്റെ തെളിവ് നശിപ്പിച്ചുവെന്നാരോപിച്ചുള്ള കേസിലും മെഡിക്കല്‍ കോളേജിലെ അഴിമതിക്കെതിരായ കേസിലും സിബിഐ അന്വേഷണം തുടരുകയാണ്.