Section

malabari-logo-mobile

മലപ്പുറം ജില്ലയില്‍ രോഗമുക്തനായ രണ്ടാമത്തെയാളും ആശുപത്രി വിട്ടു

HIGHLIGHTS : മലപ്പുറം: കോവിഡ് 19 എന്ന മഹാ വ്യാധിക്കെതിരെ പൊരുതുന്ന സംസ്ഥാന സര്‍ക്കാറിനും ആരോഗ്യ വകുപ്പിനും വീണ്ടും അഭിമാനിക്കാം. മലപ്പുറം ജില്ലയില്‍ കോവിഡ് ബാധി...

മലപ്പുറം: കോവിഡ് 19 എന്ന മഹാ വ്യാധിക്കെതിരെ പൊരുതുന്ന സംസ്ഥാന സര്‍ക്കാറിനും ആരോഗ്യ വകുപ്പിനും വീണ്ടും അഭിമാനിക്കാം. മലപ്പുറം ജില്ലയില്‍ കോവിഡ് ബാധിച്ച് വിദഗ്ധ ചികിത്സക്കു ശേഷം രോഗമുക്തനായ തിരൂര്‍ പൊന്മുണ്ടം പാറമ്മല്‍ സ്വദേശി പന്നിക്കോറ മുഹമ്മദ് മുസ്തഫ (46)യും കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നും വീട്ടിലേക്ക് മടങ്ങി.

13 ദിവസം നീണ്ട വിദഗ്ധ ചികിത്സക്കും പ്രത്യേക നിരീക്ഷണത്തിനും ശേഷമാര്‍ജ്ജിച്ച കരുതലിന്റെ കരുത്തില്‍ വൈറസിനെ അതിജീവിച്ച് മുസ്തഫ പുതു ജീവിതത്തിലേക്ക് ചുവടുവച്ചപ്പോള്‍ ആ അഭിമാന മുഹൂര്‍ത്തം ആശുപത്രി ജീവനക്കാരും സ്വീകരിക്കാനെത്തിയവരും മധുരം പങ്കിട്ട് അവിസ്മരണീയമാക്കി.

sameeksha-malabarinews

കൈവിട്ടു പോകുമെന്നു കരുതിയ ജീവിതം തിരികെ ലഭിച്ചതിന്റെ ആശ്വാസത്തിലായിരുന്നു മുസ്തഫ. ഐസൊലേഷന്‍ വാര്‍ഡിനു പുറത്തെത്തി സര്‍ക്കാറിന്റേയും ആരോഗ്യ വകുപ്പിന്റേയും ആശുപത്രി ജീവനക്കാരുടേയും കരുതലിനും സ്‌നേഹത്തിനും തനിക്കു ലഭിച്ച മികച്ച ചികിത്സക്കും പരിചരണത്തിനും നന്ദി പറയുമ്പോള്‍ അദ്ദേഹത്തിന്റെ കണ്ഠമിടറി. ദുബായില്‍ നിന്ന് മാര്‍ച്ച് 21 ന് നാട്ടിലെത്തിയതു മുതല്‍ ആരോഗ്യ വകുപ്പിന്റെ മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിച്ച് മാതൃകയായ പ്രവാസികൂടിയാണ് മുഹമ്മദ് മുസ്തഫ. സമ്പര്‍ക്കം പുലര്‍ത്തിയിട്ടില്ലെങ്കിലും വൈറസ് ബാധ സ്ഥിരീകരിച്ചതുമുതല്‍ ഇദ്ദേഹത്തിന്റെ വീട്ടുകാരെല്ലാം വീട്ടില്‍ സ്വയം നിരീക്ഷണത്തിലാണ്. രോഗമുക്തനായി പുറത്തിറങ്ങിയ മുസ്തഫയെ സ്വീകരിച്ച് വീട്ടിലേക്ക് കൊണ്ടുപോകാന്‍ അയല്‍വാസിയും വാര്‍ഡ് അംഗവുമായ എ. അബ്ദുള്‍ ഗഫൂറാണ് എത്തിയത്. സംസ്ഥാന സര്‍ക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും ആശുപത്രി ജീവനക്കാരുടെയും പ്രവര്‍ത്തനങ്ങളാണ് മുസ്തഫയ്ക്ക് വേഗത്തില്‍ കോവിഡ് രോഗവിമുക്തി നേടാന്‍ സഹായിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

ജില്ലയിലെ ആദ്യ കോവിഡ് ബാധിത വണ്ടൂര്‍ വാണിയമ്പലം സ്വദേശിനി മറിയക്കുട്ടിക്കു പിറകെ മുഹമ്മദ് മുസ്തഫയും രോഗമുക്തനാവുമ്പോള്‍ ജില്ലാ ഭരണകൂടത്തിന്റേയും ആരോഗ്യ വകുപ്പിന്റേയും നേതൃത്വത്തില്‍ നടക്കുന്ന കൂട്ടായ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ വിജയമാവുകയാണിത്. ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സിച്ച ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, മറ്റു ജീവനക്കാര്‍ എന്നിവരെല്ലാം കരഘോഷങ്ങളോടെയാണ് മുഹമ്മദ് മുസ്തഫയെ വീട്ടിലേക്ക് യാത്രയാക്കിയത്. ഇനിയും 14 ദിവസം കൂടി വീട്ടില്‍ നിരീക്ഷണത്തില്‍ തുടരാനാണ് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചിരിക്കുന്നത്. മഞ്ചേരി മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. എം.പി. ശശി, സൂപ്രണ്ടും കോവിഡ് ജില്ലാ സര്‍വൈലന്‍സ് ഓഫീസറുമായ ഡോ. കെ.വി. നന്ദകുമാര്‍, നോഡല്‍ ഓഫീസര്‍ ഡോ. ഷിനാസ് ബാബു തുടങ്ങിയവര്‍ മുസ്തഫയെ യാത്രയാക്കാനുണ്ടായിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!