പോലീസിനെ കണ്ട് ഭയന്നോടിയ ലോറി ജീവനക്കാരന്‍ കിണറ്റില്‍ വീണ് മരിച്ചു

തിരൂര്‍: പോലീസിനെ കണ്ട് ഭയന്നോടിയ ലോറി ജീവനക്കാരില്‍ ഒരാള്‍ കിണറ്റില്‍ വീണ് മരിച്ചു. തിരുന്നാവായ പട്ടര്‍നടക്കാവ് സ്വദേശി വെളുത്തേടത്ത് പറമ്പില്‍ സല്‍മാന്‍ ഫാരിസ് (24)ആണ് മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ കന്മനം കണ്ടമ്പാറയിലാണ് സംഭവം നടന്നത്.

തിരുന്നാവായയില്‍ നിന്നും മണല്‍ കയറ്റിവന്ന ലോറിയെ പോലീസ് പിന്‍തുടരുകയായിരുന്നു. ഇത് കണ്ട് പോലീസിനെ ഭയന്നോടിയ യുവാക്കളില്‍ ഒരാള്‍ കിണറ്റില്‍ വീണ് മരിക്കുകയായിരുന്നു.

മരിച്ച സല്‍മാന്‍ ഫാരിസും ഡ്രൈവറും പോലീസ് വാഹനം കണ്ട് ഇറങ്ങി ഓടുന്നതും പോലീസ് ഇവരെ പിന്തുടരുന്നതും, തിരച്ചില്‍ നടത്തുന്നതും സമീപത്തെ വീട്ടിലെ നിരീക്ഷണ ക്യാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഇതോടെ നാട്ടുകാര്‍ പോലീസിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. കുറ്റക്കാരായ പോലീസുകാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് മൃതദേഹം ആംബുലന്‍സില്‍ വെച്ച് പ്രതിഷേധിച്ചു. പോലീസിന്റെ ഭാഗത്ത് വീഴ്ച്ചയുണ്ടെങ്കില്‍ നടപടിയെടുക്കാമെന്ന ഡി.വൈ. എസ്. പി യുടെ ഉറപ്പിനെ തുടര്‍ന്നാണ് മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കൊണ്ടു പോയത്. മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി.

വളാഞ്ചേരി സി.ഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.

 

 

Share news
error: Content is protected !!
Scroll to Top