HIGHLIGHTS : Mammootty remembers MT
കോഴിക്കോട്: അന്തരിച്ച എഴുത്തുകാരന്‍ എം.ടി. വാസുദേവന്‍ നായരെ അനുസ്മരിച്ച് ഹൃദയസ്പര്‍ശിയായ ഫേസ്ബുക്ക് കുറിപ്പുമായി നടന്‍ മമ്മൂട്ടി. ആ ഹൃദയത്തിലൊരിടം കിട്ടിയതാണ് സിനിമാ ജീവിതം കൊണ്ട് എനിക്കു ലഭിച്ച ഏറ്റവും വലിയ ഭാഗ്യമെന്ന് മമ്മൂട്ടി അനുസ്മരിച്ചു.
ഒരു വടക്കരന്‍ വീരഗാഥ, ഉത്തരം, അടിയൊഴുക്കുകള്‍, സുകൃതം, വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍ തുടങ്ങി എം.ടി. വാസുദേവന്‍ നായര്‍ രചിച്ച ഒട്ടേറെ ചലച്ചിത്രങ്ങളില്‍ മമ്മൂട്ടിയായിരുന്നു നായകനായി എത്തിയത്. അദ്ദേഹത്തിന്റെ ആത്മാംശമുള്ള നിരവധി കഥാപാത്രങ്ങളെ താനവതരിപ്പിച്ചിട്ടുണ്ടെന്നും തന്നെ സംബന്ധിച്ച് ഒരു യുഗപ്പൊലിമ മങ്ങി മറയുകയാണെന്നും മമ്മൂട്ടി ഫേസ്ബുക്കില്‍ കുറിച്ചു.
ഇക്കഴിഞ്ഞ ജൂലൈയില്‍ കൊച്ചിയില്‍ നടന്ന എം.ടിയുടെ 91-ാം പിറന്നാളാഘോഷത്തിനിടെ കേക്ക് മുറിച്ചു നല്‍കിയ മമ്മൂട്ടിയെ എം.ടി. ആലിംഗനം ചെയ്യുന്ന ചിത്രം ശ്രദ്ധേയമായിരുന്നു.
ഫേസ്ബുക്ക് കുറിപ്പ്:-
ചിലരെങ്കിലും പറയാറുണ്ട് എം.ടിയാണ് മമ്മൂട്ടിയെ കണ്ടെത്തിയതെന്ന്. കാണാന്‍ ആഗ്രഹിച്ചതും അതിനായി പ്രാര്‍ത്ഥിച്ചതും അങ്ങനെ അദ്ദേഹത്തെ കണ്ടെത്തിയതും ഞാനായിരുന്നു. കണ്ട ദിവസം മുതല്‍ ആ ബന്ധം വളര്‍ന്നു.
സ്‌നേഹിതനെപ്പോലെ, സഹോദരനെപ്പോലെ അത് പെരുകി.
നാലഞ്ച് മാസം മുമ്പ് എറണാകുളത്ത് ഒരു പ്രോഗ്രാമിനിടയില്‍ കാലിടറിയ അദ്ദേഹത്തെ പിടിക്കാനാഞ്ഞ എന്റെ നെഞ്ചില്‍ ചാഞ്ഞു നിന്നപ്പോള്‍,
ആ മനുഷ്യന്റെ മകനാണു ഞാനെന്നു എനിക്ക് തോന്നി.
ആ ഹൃദയത്തിലൊരിടം കിട്ടിയതാണ് സിനിമാ ജീവിതം കൊണ്ട് എനിക്കു ലഭിച്ച ഏറ്റവും വലിയ ഭാഗ്യം. അദ്ദേഹത്തിന്റെ ആത്മാംശമുള്ള നിരവധി കഥാപാത്രങ്ങളെ ഞാനവതരിപ്പിച്ചിട്ടുണ്ട്.അതൊന്നും ഓര്‍ക്കുന്നില്ലിപ്പോള്‍.ഒരു യുഗപ്പൊലിമ മങ്ങി മറയുകയാണ്. എന്റെ മനസ്സ് ശൂന്യമാവുന്ന പോലെ തോന്നുന്നു.ഞാനെന്റെ ഇരു കൈകളും മലര്‍ത്തിവെക്കുന്നു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു