മലയാളത്തിന്റെ സ്വന്തം വാനമ്പാടി കെ.എസ് ചിത്രയ്ക്ക് ഇന്ന് 61-ാം പിറന്നാള്‍. ഭാവതീവ്രമായ ആലാപനത്തിലൂടെ നാലു പതിറ്റാണ്ടിലേറെയായി മലയാളി മനസ്സുകളില്‍ നിറസാന്നിദ്ധ്യമാണ് ചിത്ര.മലയാളത്തിന്റെ വാനമ്പാടി തമിഴകത്ത് ചിന്നക്കുയിലാണ്. തെലുങ്കര്‍ക്ക് സംഗീതസരസ്വതിയും ഉത്തരേന്ത്യക്കാര്‍ക്ക് പിയ ബസന്തിയും കര്‍ണാടകത്തില്‍ കന്നഡകോകിലെയുമാണ്. ചിത്രയുടെ പാട്ട് ഒരു ദിവസമെങ്കിലും കേള്‍ക്കാതെ മലയാളികള്‍ കടന്നുപോകാറില്ല. അത്രമാത്രം സംഗീതത്തിലൂടെ ഗാനാസ്വാദകരുടെ മനസില്‍ ഇടം നേടിക്കഴിഞ്ഞ ഗായികയാണ് ചിത്ര.
പ്രണയവും വിഷാദവും വിരഹവുമെല്ലാം ഭാവ തീവ്രമായ ശബ്ദത്തിലൂടെ സംഗീതാസ്വാദകരുടെ കാതിലേക്കും മനസിലേക്കും ഒരു പോലെ പ്രവഹിച്ച് മുന്നേറുകയാണ് ചിത്രയെന്ന ഗായികയിലൂടെ. മലയാളത്തിനുപുറമേ മറ്റ് ഭാഷകളിലുമായി പതിനയ്യായിരത്തിനുമുകളില്‍ ഗാനങ്ങള്‍ ചിത്ര പാടിയിട്ടുണ്ട്.
1963 ജൂലൈ 27ന് സംഗീതജ്ഞനായ കരമന കൃഷ്ണന്‍നായരുടേയും സംഗീതാധ്യാപികയായ ശാന്തകുമാരിയുടേയും മകളായാണ് ചിത്ര ജനിച്ചത്. എം ജി രാധാകൃഷ്ണന്‍ സംഗീതം പകര്‍ന്ന ‘രജനീ പറയൂ’ എന്ന ഗാനമായിരുന്നു ചിത്രയുടെ ആദ്യ സോളോ ഹിറ്റ്.എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക് എന്ന ചിത്രത്തില്‍ ജെറി അമല്‍ദേവ് സംഗീതം പകര്‍ന്ന ‘ആളൊരുങ്ങി അരങ്ങൊരുങ്ങി’ എന്ന ഗാനം വന്‍ ഹിറ്റായതോടെ ചലച്ചിത്ര ലോകത്ത് ചിത്രയ്ക്ക് പിന്നെ ഹിറ്റുകളുടെ പെരുമഴക്കാമായിരുന്നു.ആറ് ദേശീയ പുരസ്‌കാരങ്ങളും, പതിനാറ് സംസ്ഥാന പുരസ്‌കാരങ്ങളും ഉള്‍പ്പെടെ നിരവധി പുരസ്‌ക്കാരങ്ങള്‍ ചിത്രയ്ക്ക് ലഭിച്ചു.
പ്രമുഖരുള്‍പ്പെടെ നിരവധി ആരാധകരാണ് തങ്ങളുടെ പ്രിയ ഗായികയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരിക്കുന്നത്.




