മലയാളത്തിന്റെ കാഴ്ച വസന്തമൊരുക്കാന്‍ 14 ചിത്രങ്ങള്‍

രാജ്യാന്തര ചലച്ചിത്ര മേളയില്‍ മലയാളത്തിന്റെ വര്‍ത്തമാന കാഴ്ചയായി പതിന്നാല്  ചിത്രങ്ങള്‍. റിലീസ് ചെയ്ത് ഇതിനകം പ്രേക്ഷകപ്രീതി നേടിയ നാല് ചിത്രങ്ങളടക്കം സമകാലീന കേരളീയ കാഴ്ച ഒരുക്കാന്‍ നവാഗത സംവിധായകരുടെ ഒന്‍പത് ചിത്രങ്ങളും മലയാള സിനിമ ഇന്ന് വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ബിനു ഭാസ്‌കര്‍ സംവിധാനം ചെയ്ത കോട്ടയം, പി കെ ബിജുകുട്ടന്റെ ഓത്ത്,  ഉണ്ണികൃഷ്ണന്‍ ആവളയുടെ ഉടലാഴം, വിപിന്‍ രാധാകൃഷ്ണന്റെ ആവേ മരിയ, അജിത്ത് കുമാറിന്റെ ഈട, വിനു എ.കെ.യുടെ ബിലാത്തിക്കുഴല്‍, സൗബിന്‍ ഷാഹിറിന്റെ പറവ, സുമേഷ് ലാലിന്റെ ഹ്യൂമന്‍സ് ഓഫ് സംവണ്‍, ഗൗതം സൂര്യ, സുധീപ് ഇളമണ്‍ എന്നിവരുടെ സ്ലീപ്‌ലസ്‌ലി യുവേഴ്‌സ് എന്നിവയാണ് ഈ വിഭാഗത്തിലെ നവാഗത ചിത്രങ്ങള്‍.

ഓത്ത്, ബിലാത്തിക്കുഴല്‍, ആവേ മരിയ  തുടങ്ങിയ അഞ്ചു ചിത്രങ്ങളുടെ ആദ്യ പ്രദര്‍ശനം കൂടിയാണ് മേളയിലേത്. ദേശീയ പുരസ്‌കാരം ലഭിച്ച ജയരാജിന്റെ ഭയാനകം, ആഷിക് അബുവിന്റെ മായാനദി, വിപിന്‍ വിജയിന്റെ പ്രതിഭാസം എന്നീ ചിത്രങ്ങളും  ഈ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും.

മലയാളത്തിന്റെ കീര്‍ത്തിമുദ്രയായി ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഈ.മ.യൗ., നവാഗത സംവിധായകന്‍ സക്കറിയയുടെ സുഡാനി ഫ്രം നൈജീരിയ എന്നീ ചിത്രങ്ങള്‍ മത്സരവിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Related Articles