Section

malabari-logo-mobile

പാലത്തിങ്ങലില്‍ പുതിയ പാലത്തിന്റെ ആദ്യഘട്ട പ്രവൃത്തികള്‍ പുരോഗമിക്കുന്നു;പുഴയിലെ പൈലിങ് അടുത്ത ആഴ്ച തുടങ്ങും

HIGHLIGHTS : പരപ്പനങ്ങാടി: തിരൂരങ്ങാടി മണ്ഡലത്തിലെ പാലത്തിങ്ങല്‍ പാലത്തിന്റെ ഒന്നാംഘട്ട പ്രവൃത്തികള്‍ പുരോഗമിക്കുന്നു.  15 കോടി രൂപ വിനിയോഗിച്ചുള്ള പ്രവൃത്തിയുട...

പരപ്പനങ്ങാടി: തിരൂരങ്ങാടി മണ്ഡലത്തിലെ പാലത്തിങ്ങല്‍ പാലത്തിന്റെ ഒന്നാംഘട്ട പ്രവൃത്തികള്‍ പുരോഗമിക്കുന്നു.  15 കോടി രൂപ വിനിയോഗിച്ചുള്ള പ്രവൃത്തിയുടെ ഭാഗമായി ഇരുകരകളിലും പൈലിങ് പൂര്‍ത്തിയായി. പുഴയിലെ പൈലിങ് അടുത്ത ആഴ്ച തുടങ്ങും. ഉള്‍നാടന്‍ ജലഗതാഗത നിയമം പാലിച്ച് 100.40 മീറ്റര്‍ നീളത്തിലും 12 മീറ്റര്‍ വീതിയിലുമാണ് പാലം പണിയുന്നത്.

450 കോടി രൂപ ചെലവില്‍ ഡിസ്ട്രിക്റ്റ് ഫ്ളാഗ്ഷിപ്പ് ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രോജക്ട് പ്രകാരമുള്ള നാടുകാണി – പരപ്പനങ്ങാടി റോഡ് നവീകരണ പ്രവൃത്തിയുടെ ഭാഗമായാണ് തിരൂരങ്ങാടി ചെമ്മാടിനും പരപ്പനങ്ങാടിയ്ക്കുമിടയിലെ പാലത്തിങ്ങലില്‍ പുതിയ പാലം പണിയുന്നത്. മെസേഴ്സ് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയ്ക്കാണ് നിര്‍മാണചുമതല.

sameeksha-malabarinews

2017 നവംബര്‍ 26നാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ പാലത്തിങ്ങലില്‍ പുതിയ പാലത്തിന് തറക്കല്ലിട്ടത്. തുടര്‍ന്ന് ആദ്യഘട്ട പ്രവൃത്തികള്‍ തുടങ്ങുകയായിരുന്നു.  ഉള്‍നാടന്‍ ജലഗതാഗത നിയമപ്രകാരം പാലം പണിയണമെന്ന നിര്‍ദേശത്തെ തുടര്‍ന്ന് ഡിസൈനില്‍ മാറ്റംവരുത്തിയാണ് പ്രവൃത്തി തുടങ്ങിയത്. പൈലിങിന് ശേഷം കാല്‍നാട്ടി സ്ലാബുകള്‍ സ്ഥാപിക്കും. അതിന് മുമ്പ് ഇരുകരകളിലുമായി 80 മീറ്റര്‍ നീളത്തില്‍ അപ്രോച്ച് റോഡ് സജ്ജീകരിക്കും. നിലവിലെ പഴയ പാലത്തിന് വാഹന ഗതാഗതത്തിന് മൂന്നര മീറ്റര്‍ മാത്രമേ വീതിയുള്ളൂ. പുതിയ പാലത്തില്‍ വാഹനങ്ങള്‍ക്ക് കടന്നുപോകാനായി ഏഴര മീറ്റര്‍ വീതിയുണ്ടാകും. ഇരുഭാഗങ്ങളിലും ഒന്നര മീറ്റര്‍ വീതിയില്‍  ഫുട്പാത്തുമുണ്ടാകും. 36 മാസത്തിനുള്ളില്‍ പാലം പണി പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് പൊതുമരാമത്ത് പാലം വിഭാഗം തിരൂര്‍ സെക്ഷന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ അബ്ദുല്‍ ഷുക്കൂര്‍ അറിയിച്ചു.

കാലപ്പഴക്കമുള്ള പാലത്തിങ്ങലിലെ പഴയ പാലത്തിന് പകരം പുതിയ പാലം വേണമെന്ന ആവശ്യത്തെ തുടര്‍ന്നാണ് പദ്ധതി പ്രവൃത്തികള്‍ക്ക് നടപടിയായത്. പഴയ പാലത്തിന് വീതി കുറവായതിനാല്‍ ചെമ്മാട്- പരപ്പനങ്ങാടി ഭാഗങ്ങളില്‍ നിന്നുവരുന്ന വാഹനങ്ങള്‍ക്ക് സുഗമമായി കടന്നുപോകാനാകാത്ത സാഹചര്യമാണുണ്ടായിരുന്നത്. എന്നാല്‍ പുതിയ പാലം വരുന്നതോടെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരമാകും.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!