കേരളത്തിലെ എല്ലാ കോളേജുകളും ഹരിത കാമ്പസുകളാക്കി മാറ്റും

കേരളത്തിലെ എല്ലാ കോളേജുകളെയും ഹരിത കാമ്പസാക്കി മാറ്റുന്ന പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നതെ ന്ന് തൊഴിലും നൈപുണ്യവും എക്‌സൈസ് വകുപ്പു മന്ത്രി ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു. ഹരിതകേരള മിഷനും വ്യാവസായിക

കേരളത്തിലെ എല്ലാ കോളേജുകളെയും ഹരിത കാമ്പസാക്കി മാറ്റുന്ന പ്രവര്‍ത്തനങ്ങളാണ് ഇപ്പോള്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്നതെ ന്ന് തൊഴിലും നൈപുണ്യവും എക്‌സൈസ് വകുപ്പു മന്ത്രി ടി.പി. രാമകൃഷ്ണന്‍ പറഞ്ഞു. ഹരിതകേരള മിഷനും വ്യാവസായിക പരിശീലന വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന ഐ.ടി.ഐ ഹരിത കാമ്പസ് ശില്‍പശാല മാര്‍ ഗ്രിഗോറിയസ് റിന്യൂവല്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ആദ്യഘട്ടത്തില്‍ എല്ലാ ഐ.ടി.ഐകളും ഹരിത കാമ്പസായി മാറ്റുന്ന പ്രവര്‍ത്തനമാണ് ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്.  പ്രളയത്തില്‍നിന്നും കേരളം ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന സമയമാണിത്. അതുകൊണ്ടുതന്നെ പ്രകൃതിയെ സംബന്ധിച്ച് ജാഗ്രത ആവശ്യമായ കാലഘട്ടമാണ്. പ്രളയ കാലത്ത് നൈപുണ്യം കര്‍മ്മസേന വലിയ പ്രവര്‍ത്തനമാണ് കാഴ്ചവച്ചത്. കാമ്പസുകളെ ഹരിതവത്കരിക്കുന്നതിനും കര്‍മ്മസേന ഊര്‍ജ്ജസ്വലമായ പ്രവര്‍ത്തനം ഏറ്റെടുക്കണം.
മലിനീകരണം നമ്മള്‍ അനുഭവിക്കുന്ന ഗുരുതര പ്രശ്‌നമാണ്. പരിസര ശുചിത്വത്തിലൂടെ പരിസ്ഥിതിയെ സംരക്ഷിക്കാന്‍ വ്യക്തികളും പ്രസ്ഥാനങ്ങളും തയാറാകണം. പ്ലാസ്റ്റിക്കും പ്ലാസ്റ്റിക് അധിഷ്ഠിത ഉല്‍പന്നങ്ങളും പരമാവധി ഉപയോഗിക്കാതെ ശ്രദ്ധിക്കണം. ഇതിലൂടെ മാത്രമേ മണ്ണിന്റെ ഫലപുഷ്ഠിയും കാര്‍ഷിക സംസ്‌കൃതിയും വീണ്ടെടുക്കാന്‍ കഴിയൂ. ഹരിത കാമ്പസ് എന്നത് സാമൂഹിക ലക്ഷ്യമാക്കി മാറ്റണം. കാമ്പസിനെ ഹരിതവത്കരിക്കാന്‍ വിദ്യാര്‍ത്ഥികള്‍ കുറച്ചുസമയം മാറ്റിവയ്ക്കണമെന്നും മന്ത്രി പറഞ്ഞു.
ഹരിതകേരളം മിഷന്‍ എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ.ടി.എന്‍.സീമ അധ്യക്ഷത വഹിച്ചു. വ്യാവസായിക പരിശീലന വകുപ്പ് ഡയറക്ടര്‍ ഇന്‍-ചാര്‍ജ് പി.കെ.മാധവന്‍ സ്വാഗതവും ഹരിതകേരളം മിഷന്‍ ടെക്‌നിക്കല്‍ ഓഫീസര്‍ വി.വി.ഹരിപ്രിയാദേവി നന്ദിയും പറഞ്ഞു. വിവിധ കാമ്പസുകളില്‍നിന്നും പ്രിന്‍സിപ്പല്‍മാര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവരും ശില്‍പശാലയില്‍ പങ്കെടുക്കുന്നുണ്ട്. വിവിധ വിഷയങ്ങളില്‍ വിദഗ്ധര്‍ ക്ലാസെടുക്കും. ശില്‍പശാല ഇന്ന് (നവംബര്‍ എട്ട്) സമാപിക്കും.