പ്രളയാനന്തര പുനര്‍നിര്‍മാണത്തില്‍ ജനപങ്കാളിത്തം ഉറപ്പാക്കാനാവണം ;മുഖ്യമന്ത്രി പിണറായി വിജയന്‍

പ്രളയദുരന്തത്തെ നേരിട്ട ഒരുമയോടെ പുനര്‍നിര്‍മാണത്തെയും കാണാനാകണമെന്നും അതിനുള്ള ജനപങ്കാളിത്തം ഉറപ്പാക്കാനാകണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ‘പ്രളയാനന്തരപ്രവര്‍ത്തനങ്ങളും നവകേരള സൃഷ്ടിയും’ എന്ന

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

പ്രളയദുരന്തത്തെ നേരിട്ട ഒരുമയോടെ പുനര്‍നിര്‍മാണത്തെയും കാണാനാകണമെന്നും അതിനുള്ള ജനപങ്കാളിത്തം ഉറപ്പാക്കാനാകണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ‘പ്രളയാനന്തരപ്രവര്‍ത്തനങ്ങളും നവകേരള സൃഷ്ടിയും’ എന്ന വിഷയത്തില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍ക്കും സെക്രട്ടറിമാര്‍ക്കുമായി കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷനും കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷനും (കില) സംഘടിപ്പിച്ച ഏകദിന ശില്‍പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രളയത്തില്‍ കേരളത്തിനുണ്ടായ നഷ്ടം 31,000 കോടി രൂപയിലധികമാണെന്നാണ് ഐക്യരാഷ്ട്ര സഭയുടെ സംഘം കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ മാനദണ്ഡങ്ങളനുസരിച്ച് 4796 കോടി മാത്രമാണ് കേന്ദ്രസഹായമായി ആവശ്യപ്പെടാനാകുന്നത്. നമുക്ക് സംഭവിച്ച നഷ്ടംനികത്താന്‍ 26,000 കോടിയോളം രൂപ വേറെ കണ്ടെത്തേണ്ട അവസ്ഥയാണ്.
യു.എ.ഇ യില്‍നിന്നുള്‍പ്പെടെയുള്ള 700 കോടിയുടെ സഹായവാഗ്ദാനം ലഭ്യമാക്കാന്‍ അനുമതി കിട്ടിയിരുന്നെങ്കില്‍ അതിനുതുടര്‍ച്ചയായി ആയിരക്കണക്കിന് കോടികള്‍ മറ്റിടങ്ങളില്‍നിന്ന് ലഭ്യമായേനെ. ആ അവസരമാണ് നഷ്ടമായത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ 2000 കോടിയില്‍പരം രൂപ ലഭിച്ചിട്ടുണ്ട്. ക്രൗഡ് ഫണ്ടിംഗിലൂടെ ധനസമാഹരണത്തിനും ഐഡിയാ ഹണ്ടിലൂടെ പുതിയ ആശയങ്ങള്‍ സമാഹരിക്കാനും സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്.
നിലവിലുള്ള കേരളത്തെ പുനഃസൃഷ്ടിക്കുന്നതിനപ്പുറം പുതിയൊരു കേരളം നിര്‍മിക്കുകയാണ് നമ്മുടെ ലക്ഷ്യം. പ്രത്യക്ഷത്തില്‍ കാണുന്ന ദുരന്തത്തിനപ്പുറം സംസ്ഥാനത്തിന്റെ ജൈവവൈവിധ്യ മേഖലയ്ക്കും വലിയ ആഘാതമുണ്ടായിട്ടുണ്ട്. ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവുംവിധം വിദഗ്ധ സാങ്കേതിക സഹായം തേടും. ജീവനോപാധി നഷ്ടപ്പെട്ടവര്‍ക്ക് പുതിയ സാധ്യതകള്‍ കണ്ടെത്തുന്നതിനുള്ള വഴികളും തേടുന്നുണ്ട്. പ്രളയസമയത്ത് ജനപ്രതിനിധികള്‍ വഹിച്ച പങ്ക് വലുതാണ്. യുവജനതയും, മത്സ്യത്തൊഴിലാളികളും കുടുംബശ്രീ പ്രവര്‍ത്തകരും മികവാര്‍ന്ന പ്രവര്‍ത്തനം നടത്തി.
പ്രളയാനന്തര ശുചീകരണത്തില്‍ തദ്ദേശസ്ഥാപനങ്ങളും സമൂഹവും കാണിച്ച മികവ് കാരണമാണ് പകര്‍ച്ചവ്യാധികള്‍ തടയാനായത് എന്നത് ശ്രദ്ധേയമാണ്. ശുചീകരണത്തില്‍ തദ്ദേശസ്ഥാപനങ്ങള്‍ ഇനിയും ജാഗ്രത തുടരണം. ജനങ്ങളുടെ ഒരുമ വാര്‍ത്തെടുക്കുന്നതില്‍ തദ്ദേശസ്ഥാപനങ്ങള്‍ ശ്രദ്ധപുലര്‍ത്തണമെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.
പ്രളയം പഠിപ്പിച്ച പാഠങ്ങള്‍ ഉള്‍ക്കൊണ്ട് പദ്ധതി പ്രവര്‍ത്തനങ്ങള്‍ തയാറാക്കണമെന്ന് തദ്ദേശസ്വയംഭരണമന്ത്രി എ.സി. മൊയ്തീന്‍ പറഞ്ഞു. പുനരധിവാസപ്രവര്‍ത്തനങ്ങളില്‍ മികച്ച പങ്ക് വഹിച്ച തദ്ദേശസ്ഥാപന അസോസിയേഷന്‍ ഭാരവാഹികളെ ചടങ്ങില്‍ മന്ത്രി ഉപഹാരം നല്‍കി ആദരിച്ചു. റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍ ആശംസയര്‍പ്പിച്ച് സംസാരിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. കെ.എ. തുളസി ടീച്ചര്‍ അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് ‘ആരോഗ്യവും നവകേരള പ്രവര്‍ത്തനങ്ങളും’ എന്ന സെഷനില്‍ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ സംസാരിച്ചു.  ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി അഡ്വ. പി. വിശ്വംഭര പണിക്കര്‍, ആസൂത്രണ ബോര്‍ഡ് അംഗങ്ങളായ ഡോ. കെ.എന്‍. ഹരിലാല്‍, ഡോ. ബി.ഇഖ്ബാല്‍, നവകേരള കര്‍മ പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ ചെറിയാന്‍ ഫിലിപ്പ്, ഹരിതകേരളം മിഷന്‍ എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ. ടി.എന്‍. സീമ, പഞ്ചായത്ത് വകുപ്പ് ഡയറക്ടര്‍ എച്ച്. ദിനേഷ്, കില ചെയര്‍മാന്‍ ഡോ. ജോയ് ഇളമണ്‍, ചേമ്പര്‍ ഓഫ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. മധു, മുനിസിപ്പല്‍ ചെയര്‍മാന്‍സ് ചേമ്പര്‍ പ്രസിഡന്റ് വി.വി. രമേശന്‍, ബ്‌ളോക്ക് പഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് ആര്‍. സുഭാഷ് തുടങ്ങിയവര്‍ സംബന്ധിച്ചു. ‘നവകേരള സൃഷ്ടിയും കാര്‍ഷികമേഖലയും’, ‘നവകേരളസൃഷ്ടിയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും’ എന്നീ വിഷയങ്ങളിലും സെഷനുകള്‍ നടന്നു.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •