മലപ്പുറത്തെ സത്യസന്ധയായ ഉമ്മയുടെ കത്ത് ഫെയ്‌സ്ബുക്കില്‍ ഹിറ്റാകുന്നു

leave-letterമലപ്പുറം : പെരുന്നാള്‍ ആഘോഷിക്കാന്‍ കുടുംബവീടുകളില്‍ വിരുന്ന് പോയതിനാല്‍ സ്‌കൂളില്‍ ക്ലാസുകള്‍ നഷ്ടമായ മകനുവേണ്ടി ഉമ്മയെഴുതിയ ലീവ് ലെറ്റര്‍ ആണ് ഫെയ്‌സ് ബുക്കില്‍ ഹിറ്റായിരിക്കുന്നത്.

ബന്ധു വീടുകളില്‍ പോയെന്ന് പറയാതെ മറ്റെന്തെങ്കിലും കാര്യം പറഞ്ഞ് ലീവ് ലെറ്റര്‍ നല്‍കണമെന്ന് മകന്‍ പറഞ്ഞപ്പോള്‍ കള്ളം പറയാതെ തെറ്റായ ധാരണ നല്‍കാന്‍ ആഗ്രഹമില്ലെന്ന് കാട്ടിയാണ് ഉമ്മ സാറിന് കത്തെഴുതിയിരിക്കുന്നത്. അധ്യാപകന്റെ സുഹൃത്താണ് വ്യത്യസ്തമായ ഈ ലെറ്റര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്.

ലീവ് ലെറ്ററിന്റെ പൂര്‍ണ്ണ രൂപം :

സ്‌നേഹത്തോടെ സാറിന്,
ക്ഷേമം നേരുന്നു……….

എന്റെ മകന്‍ ഫിസാന്‍ കഴിഞ്ഞ രണ്ട് ദിവസം ക്ലാസില്‍ വന്നിരുന്നില്ല. പെരുന്നാള്‍ അവധിക്ക് വിരുന്ന് പോയതായിരുന്നു. വല്ലപ്പോഴുമേ പോകാറൊള്ളൂ. മോന്‍ പറയുന്നത് ക്ലാസില്‍ വരാതിരുന്നത് വിരുന്ന് പോയതു കൊണ്ടാണെന്ന് പറഞ്ഞാല്‍ മാഷ് കുട്ടികള്‍ക്കിടയിലിട്ട് കളിയാക്കുമെന്നാണ്. അതുകൊണ്ട് ഉമ്മച്ചി വേറെ എന്തെങ്കിലും കാരണം എഴുതണമെന്നാണ്.

കളവ് പറഞ്ഞ് രക്ഷപ്പെടാമെന്ന തെറ്റായ ധാരണ മകന് പകര്‍ന്ന് നല്‍കാന്‍ ആഗ്രഹമില്ലാത്തതുകൊണ്ടും, സത്യമേ പറയാവൂ എന്ന നിര്‍ബന്ധ ബുദ്ധിയുള്ളതുകൊണ്ടുമാണ് ഇങ്ങനെ എഴുതേണ്ട വന്നത്.
പാഠ പുസ്തകങ്ങളില്‍ നിന്ന് മാത്രമല്ലല്ലോ കുട്ടികള്‍ക്ക് അറിവ് ലഭിക്കുന്നത്. കുടുംബാംഗങ്ങള്‍ ഒത്തുച്ചേരലിന്റെ അനുഭവങ്ങളില്‍ നിന്നും കുട്ടികള്‍ എന്തുമാത്രം കാര്യങ്ങള്‍ പഠിച്ചെടുക്കുന്നുണ്ടാകും. എനിക്കുറപ്പുണ്ട് വൃദ്ധയായ എന്റെ ഉമ്മയെ ഞാന്‍ പരിചരിക്കുന്നത് കണ്ട മോന് അത് ഒരു നല്ല പാഠമായിട്ടുണ്ടാകുമെന്ന്.

അതുകൊണ്ട് കഴിഞ്ഞ രണ്ട് ദിവസത്തെ ലീവ് ഫിസാന് അനുവദിച്ച് കൊടുക്കണമെന്ന് അപേക്ഷിക്കുന്നു.

Share news
error: Content is protected !!
Scroll to Top