കോട്ടക്കുന്നില്‍ അമ്മയുടെ മൃതദേഹവും കണ്ടെത്തി

മലപ്പും: കോട്ടക്കുന്നില്‍ മണ്ണിടിഞ്ഞ് കാണാതായ മൂന്നാമത്തെ ആളുടെ മൃതദേഹവും കണ്ടെത്തി. ശരത്തിന്റെ അമ്മ സരോജിനിയുടെ മൃതദേഹമാണ് ഇന്ന് രാവിലെ 11.30 ഓടെ കണ്ടെത്തിയത്.

ഇന്നലെ ശരത്തിന്റെ ഭാര്യ ഗീതു(22)വിന്റെയും ഒന്നര വയസുകാരന്‍ മകന്‍ ധ്രുവന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് കോട്ടക്കുന്നിന്റെ ഒരുഭാഗം ഇവരുടെ വീടിന് മുകളിലേക്ക് പതിച്ചത്. ഗീതു മകന് പനിയായതിനെ തുടര്‍ന്ന് അകത്തെ മുറിയിലായിരുന്നു. കോട്ടക്കുന്നില്‍ നിന്ന് വെള്ളം വീടിന് മുകളിലേക്ക് ചെറിയ തോതില്‍ പതിച്ചിരുന്നു. വെള്ളം ഒഴിക്കിവിടാനായി ശരത്തും അമ്മ സരോജിനിയും മണ്‍വെട്ടിയുമായി നില്‍ക്കുമ്പോഴാണ് കല്ലും മണ്ണും വെള്ളവും മരങ്ങളും വീടിന് മുകളിലേക്ക് പതിച്ചത്. അമ്മയുടെ കൈ പിടിച്ച് ശരത്ത് ഓടുന്നതിനിടെ അവര്‍ വീഴുപോവുകയായിരുന്നു. ശരത്ത് സമീപത്തെ ടൂറിസ്റ്റ് ഹോമിന്റെ ചുമരിലേക്ക് തെറിച്ചുവീഴുകയായിരുന്നു. പെരുമഴയില്‍ വലി ശബ്ദം കേട്ട് പുറത്ത് ഇറങ്ങിയ അയല്‍ക്കാര്‍ കണ്ടത് ദുരന്ത കാഴ്ചയായിരുന്നു. ശരത്തിന്റെ അച്ഛന്‍ സത്യന്‍ ദുരന്തം നടക്കുന്നതിന് അല്‍പ്പം മുമ്പ് സാധനങ്ങള്‍ വാങ്ങാന്‍ കടയിലേക്ക് പോയതായിരുന്നു. മറ്റൊരു മകന്‍ സജിയും ഈ സമയം പുറത്തായിരുന്നു.

നേരത്തെ മുണ്ടുപറമ്പിലായിരുന്ന കുടുംബം ആറുവര്‍ഷത്തോളമായി കോട്ടക്കുന്നില്‍ വാടക വീട്ടില്‍ തമാസിച്ചുവരികയായിരുന്നു.

Related Articles