മലപ്പുറം:വികസന സൂചകങ്ങളില്‍ പുതിയൊരു ചരിത്രം കൂടി രചിച്ച് രാജ്യത്തിനുതന്നെ മാതൃകയാകുന്ന രീതിയില്‍ കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനമായി മാറുമ്പോള്‍ മലപ്പുറം ജില്ലയ്ക്കും അഭിമാന നേട്ടം. ജില്ലയിലെ അതി ദാരിദ്ര നിര്‍മാര്‍ജ്ജന പദ്ധതിയുടെ 100 ശതമാനവും പൂര്‍ത്തിയായി.
ജില്ലയിലെ 8553 കുടുംബങ്ങളില്‍ നിന്നായി 18022 കുടുംബാംഗങ്ങളാണ് അതിദരിദ്രരുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇവര്‍ക്കായി മൈക്രോ പ്ലാനുകള്‍ തയ്യാറാക്കി തദ്ദേശ സ്ഥാപനങ്ങള്‍ വഴിയാണ് ദാരിദ്ര നിര്‍മാര്‍ജ്ജന പദ്ധതികള്‍ നടപ്പിലാക്കിയത്. 2021 ല്‍ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും സര്‍വ്വേ നടത്തി കണ്ടെത്തിയ ഗുണഭോക്താക്കളുടെ പട്ടിക അതാത് ഭരണ സമിതികള്‍ അര്‍ഹത പരിശോധിച്ചു അന്തിമ തീര്‍പ്പാക്കിയ ഗുണഭോക്താക്കളെയാണ് അതിദാരിദ്ര്യ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.
അതിദരിദ്ര കുടുംബങ്ങളായി കണ്ടെത്തിയവര്‍ക്ക് ആവശ്യകത അനുസരിച്ചു ഭക്ഷണ, ആരോഗ്യ സേവനങ്ങള്‍ (മരുന്ന്, ചികിത്സ), വരുമാനം, സുരക്ഷിതമായ വാസസ്ഥലം ( വീട് മാത്രം, വീടും ഭൂമിയും, വീട് പുനരുദ്ധാരണം, കുടിവെള്ളം, ടോയ്‌ലറ്റ് വൈദ്യുതീകരണം, മാലിന്യ സംസ്‌കരണ ഉപാധികള്‍ ) ,എന്നീ സേവനങ്ങള്‍ നല്‍കുന്നതിനായി തദ്ദേശസ്ഥാപനങ്ങളില്‍ ഗുണഭോക്തൃതല മൈക്രോ പ്ലാനുകള്‍ നടപ്പിലാക്കുന്നുണ്ട്. ഈ നാല് ഘടകങ്ങളിലായി 7699 മൈക്രോ പ്ലാനുകളാണ് ജില്ലയില്‍ തയ്യാറാക്കിയത്. അവശ്യ സേവനങ്ങള്‍ നല്‍കി 8148 കുടുംബങ്ങളെ അതിദരിദ്രത്തില്‍ നിന്നും കരകയറ്റാനായിട്ടുണ്ട്.
ജില്ലയില്‍ ഭക്ഷണം ആവശ്യമുള്ള 3479 ആളുകളില്‍ മുഴുവന്‍ പേര്‍ക്കും ഭക്ഷണം എത്തിക്കാന്‍ സാധിച്ചിട്ടുണ്ട്. ഇവരില്‍ പാചകം ചെയ്ത ഭക്ഷണം 353 പേര്‍ക്കും കിറ്റ് ആവശ്യമുള്ളത് 3126 പേര്‍ക്കുമായിരുന്നു. വിവിധ ആരോഗ്യസേവനങ്ങള്‍ ആവശ്യമുള്ള 4540 പേര്‍ക്കും സേവനങ്ങള്‍ ലഭ്യമാക്കാന്‍ കഴിഞ്ഞു. വരുമാനം ആവശ്യമുള്ള 877 പേരില്‍ മുഴുവന്‍ പേര്‍ക്കും കുടുംബശ്രീ വഴിയും വിവിധ പദ്ധതികളിലൂടെയും തൊഴില്‍ ലഭ്യമാക്കി വരുമാനം ഉറപ്പാക്കി.
ജില്ലയില്‍ ഭൂരഹിതരായ 53 കുടുംബങ്ങള്‍ക്ക് റവന്യു ഭൂമി നല്‍കാനായി എന്നതും നേട്ടമാണ്. ഏറനാട് താലൂക്കിലെ പുല്പ്പറ്റ പഞ്ചായത്തില്‍ 36 കുടുംബങ്ങള്‍ക്കും തിരൂരങ്ങാടി താലൂക്കിലെ നെടുവ , പെരുവള്ളൂര്‍ വില്ലേജുകളിലായി എട്ട് കുടുംബങ്ങള്‍ക്കും പൊന്നാനി താലൂക്കിലെ ഏഴുവന്‍തുരുത്തി വില്ലേജില്‍ ഒന്‍പത് കുടുംബങ്ങള്‍ക്കുമാണ് റവന്യു ഭൂമി പതിച്ചു നല്‍കിയത് .
ജില്ലയില്‍ സുരക്ഷിത വാസസ്ഥലം ഒരുക്കുന്നതിന്റെ ഭാഗമായി 722 വീട് മാത്രം വേണ്ടവരില്‍ 579എണ്ണം പൂര്‍ത്തീകരിക്കുകയും ബാക്കിയുള്ളവയുടെ നിര്‍മ്മാണം പുരോഗതിയിലുമാണ് . 354 വീടും സ്ഥലവും ആവശ്യമുള്ളവരില്‍ 189 പൂര്‍ത്തീകരിക്കുകയും,165 എണ്ണം നിര്‍മ്മാണം പുരോഗതിയിലുമാണ് 935 ഭവന പുനരുദ്ധാരണം പൂര്‍ത്തീകരിക്കുകയും ചെയ്തിട്ടുണ്ട്.
അതിദാരിദ്ര്യം പൂര്‍ണമായും ഇല്ലായ്മ ചെയ്ത ഇന്ത്യയിലെ ആദ്യ സംസ്ഥാനം എന്ന നേട്ടം കൈവരിക്കുന്ന കേരളം അതിദരിദ്ര്യ മുക്തമായി നവംബര്‍ ഒന്നിന് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രഖ്യാപിക്കും.
നീതി ആയോഗിന്റെ കണക്കു പ്രകാരം രാജ്യത്ത് ഏറ്റവും കുറഞ്ഞ ദാരിദ്ര്യ സംസ്ഥാനമാണ് കേരളം .2021 സെന്‍സസ് പ്രകാരം 0.7% മാത്രമായിരുന്നു അതിദരിദ്രരുടെ കണക്ക് . ഇവരെ സര്‍വ്വേ നടത്തി കണ്ടെത്തി ഭക്ഷണം, ആരോഗ്യം, ഉപജീവനമാര്‍ഗം, സുരക്ഷിതമായ വാസസ്ഥലം എന്നീ ഘടകങ്ങളെ അടിസ്ഥാനമാക്കി അതിജീവനം സാധ്യമല്ലാത്ത കുടുംബങ്ങളെയാണ് ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നത് .
വിവിധ വകുപ്പുകളും സന്നദ്ധ സംഘടനകളും പൊതുജന പങ്കാളിത്വത്തോടികൂടി അവശ്യ സേവനങ്ങള്‍ നല്‍കിയാണ് ഈ ലക്ഷ്യം കൈവരിക്കാനായത്.
പദ്ധതിയുടെ സോഷ്യല്‍ ഓഡിറ്റിങും ത്രിതല തദ്ദേശ സ്ഥാപന -ജില്ലാ – സംസ്ഥാന തല സൂപ്പര്‍ ചെക്കിങ്ങും നടത്തി എല്ലാ സേവനങ്ങളും ലഭ്യമാക്കിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തിയാണ് പദ്ധതി പൂര്‍ത്തീകരണ പ്രഖ്യാപനം.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




