രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് കേരളത്തിന്റെ തനത് രുചികള്‍ വിളമ്പി മലപ്പുറം വള്ളിക്കുന്ന് അത്താണിക്കല്‍ സ്വദേശി സുബിന്‍ മേച്ചേരി. കഴിഞ്ഞരണ്ട് ദിവസം കുമരകത്ത് എത്തിയപ്പോഴാണ് രാഷ്ട്രപതിക്കായി രുചിവിരുന്നൊരുക്കാന്‍ താജിലെ എക്‌സിക്യൂട്ടീവ് ഷെഫായ സുബിന് മേച്ചേരിക്ക് അവസരം ലഭിച്ചത്. ഭക്ഷണം നന്നായെന്ന് രാഷ്ട്രപതി ഷെഫിനെ
വിളിച്ച് നേരിട്ട് അറിയിക്കുകയും ചെയ്തു. നേരിട്ട് രാഷ്ട്രപതിയില്‍ നിന്നും അഭിനന്ദനവാക്കുകള്‍ കേട്ട സന്തോഷത്തിലാണ് സുബിന്‍ മേച്ചേരി.
വ്യാഴാഴ്ച വൈകീട്ടെത്തിയ രാഷ്ട്രപതിക്ക് കരിക്കിന്‍വെള്ളം, ഫില്‍റ്റര്‍ കോഫി, ഉണ്ണിയപ്പം, ഇലയട, പഴം നിറച്ചത് എന്നിവയാണ് നല്‍കിയത്. അത്താഴത്തിന് പച്ചക്കറി സൂപ്പ്, പുലാവ്, പാല്‍ക്കപ്പ,വിവിധ ധാന്യങ്ങള്‍ചേര്‍ത്തുണ്ടാക്കിയ പൊറോട്ട, മുരിങ്ങക്ക തക്കാളിയും ചേര്‍ത്ത കറി, സ്റ്റൂ, അപ്പം, ഇടിയപ്പം, ഇളനീര്‍ പായസം എന്നിവയാണ് ഒരുക്കിയത്.
വെള്ളിയാഴ്ച പ്രഭാത ഭക്ഷണത്തിന് ഇടിയപ്പം, റാഗി ഇഡ്ഡലി, വെജിറ്റബിള്‍ ഊത്തപ്പം, പൊങ്കല്‍, രസവട, പൂരി, കടലക്കറി തുടങ്ങിയവയെല്ലാമാണ് തയ്യാറാക്കി നല്‍കിയത്.
രാജ്യത്തിന്റെ പ്രഥമ പൗരയ്ക്ക് ആതിഥ്യമരുളാനായതിന്റെ ആഹ്ലാദത്തിലാണ് കുമരകംതാജ് ഗ്രൂപ്പും. മടങ്ങിപ്പോകുന്നതിന് മുന്നെ ജനറല്‍ മാനേജര്‍, എക്‌സിക്യുട്ടീവ് ഷെഫ് എന്നിവരെയും മറ്റ് ജീവനക്കാരെയും നിര്‍ത്തി ഫോട്ടോ എടുത്ത ശേഷമാണ് രാഷ്ട്രപതി മടങ്ങിയത്.
മികച്ച എക്‌സിക്യുട്ടീവ് ഷെഫിനുള്ള 2022 ലെ ഹോട്ടെല്ലര്‍ ഇന്ത്യ അവാര്‍ഡ് ലഭിച്ചയാളാണ് സുബിന്‍. ആദ്യമായാണ് ഒരു മലയാളിക്ക് ഈ അവാര്‍ഡ് ലഭിക്കുന്നത്.
18 വര്‍ഷമായി ഷെഫായി പ്രവര്‍ത്തിച്ചുവരുന്ന സുബിന്‍ ചെന്നൈയില്‍ നിന്ന് ഒരുവര്‍ഷം മുമ്പാണ് കുമരകം താജിലെത്തിയത്. നേരത്തെ കേരള മുഖ്യമന്ത്രി, തമിഴ്‌നാട് മുഖ്യമന്ത്രി, കര്‍ണാടക റവന്യൂ മന്ത്രി, രാഹുല്‍ ഗാന്ധി, അമിത് ഷാ, കൂടാതെ നിരവധി സിനിമാ താരങ്ങള്‍ക്കും രുചിവിരുന്നൊരുക്കാന്‍ തനിക്ക് സാധച്ചിരുന്നെന്ന് സുബിന്‍ പറഞ്ഞു.
വള്ളിക്കുന്ന് അത്താണിക്കല്‍ മുണ്ടിയന്‍ കാവ് പറമ്പ് സ്വദേശി പ്രഭു മേച്ചേരിയുടെയും രമാ ദേവിയുടെയും മകനാണ് സുബിന്‍ മേച്ചേരി. താനൂര്‍ ദേവധാര്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ അധ്യാപികയായ മിമിത കെ പിയാണ് ഭാര്യ. ശ്രീപാര്‍വ്വതി എസ് മിത്ര, ശ്രീഹര്‍ഷ് എസ് കേശ് എന്നിവര്‍ മക്കളാണ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




