മലപ്പുറം ജില്ലയില്‍ പ്രളയാനന്തര പ്രവര്‍ത്തനങ്ങള്‍ ജനങ്ങളെ അറിയിക്കുന്നതിന് പൊതുജനസംഗമം നടത്തും

മലപ്പുറം: ജില്ലയില്‍ സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ നടത്തിയ പ്രളയാനന്തര ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പൊതുസമൂഹത്തെ അറിയിക്കുന്നതിന് ‘ജനകീയം ഈ അതിജീവനം’ എന്ന പേരില്‍ പൊതുജന സംഗമം നടത്തുമെന്ന് ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. ജൂലൈ 20 നാണ് പരിപാടി നടത്തുക. എല്ലാ ജില്ലകളിലും ഈ ദിവസം പൊതുജനസംഗമം നടത്തുന്നതിനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ജില്ലയില്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.കെ.ടി ജലീലിന്റ മേല്‍നോട്ടത്തിലാണ് പരിപാടികള്‍ നടക്കുക.
സര്‍വ മേഖലയിലും നാശം വിതച്ച പ്രളയത്തില്‍ തകര്‍ന്ന കേരളത്തെ പുതിയതായി മാറ്റാനുള്ള ശ്രമങ്ങള്‍ നടന്നു വരികയാണ്. പ്രളയം പഠിപ്പിച്ച പാഠങ്ങള്‍ കൂടി ഉള്‍പ്പെടുത്തികൊണ്ട് ദീര്‍ഘവീക്ഷണത്തോടെയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ജില്ലയിലുണ്ടായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നേട്ടങ്ങളും പൊതുജനങ്ങള്‍ മുമ്പാകെ അറിയിക്കുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. പ്രളയത്തിന് ശേഷം ജില്ലയിലുണ്ടാക്കിയ നേട്ടങ്ങളും പ്രവര്‍ത്തനങ്ങളും ജില്ലാ കലക്ടര്‍ പരിപാടിയില്‍ അവതരിപ്പിക്കും. ഇതിനു പുറമെ പണി തീരുന്ന വീടുകളുടെ താക്കോല്‍ കൈമാറ്റവും വാസ യോഗ്യമല്ലാത്തെ സ്ഥലത്തിന് പകരം നല്‍കിയ സ്ഥലത്തിന്റെ രേഖകളുടെ വിതരണവും ഉള്‍പ്പെടെയുള്ള വിവിധ പരിപാടികളും ഉണ്ടാവും. വിവിധ വകുപ്പുകള്‍ പ്രളയാനന്തരം നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയ ബുക് ലെറ്റിന്റെ പ്രകാശനവും ചടങ്ങില്‍ നടക്കും.
പരിപാടി വിജയകരമായി നടത്തുന്നതിന് ജൂലൈ അഞ്ചിന് രാവിലെ 11 ന് ജില്ലാകലക്ടറുടെ അധ്യക്ഷതയില്‍ സംഘാടക സമിതി യോഗം നടക്കും. ഇതു സംബന്ധിച്ച കലക്ടറേറ്റില്‍ നടന്ന യോഗത്തില്‍ ഡപ്യൂട്ടി കലക്ടര്‍ വി.മുരളി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി.അയ്യപ്പന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles