മലപ്പുറം ജില്ല വിഭജിക്കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും മുസ്ലിംലീഗിന്റെ ശ്രദ്ധക്ഷണിക്കല്‍ നോട്ടീസ്

തിരുവനന്തപുരം: മലപ്പുറം ജില്ല വിഭജിച്ച് പുതിയ ജില്ല വേണമെന്ന് ആവശ്യപ്പെട്ട് വീണ്ടും നിയമസഭയില്‍ മുസ്ലീംലീഗിന്റെ ശ്രദ്ധ ക്ഷണിക്കല്‍. കെ എന്‍ എ ഖാദര്‍ എംഎല്‍എയാണ് നോട്ടീസ് നല്‍കിയത്. അതെസമയം കഴിഞ്ഞ ആഴ്ചയിലും ഇതേ ആവശ്യം ഉന്നയിച്ച് കെഎന്‍എ ഖാദര്‍ സബ്മിഷന് നോട്ടീസ് നല്‍കിയിരുന്നു.

എന്നാല്‍ കോണ്‍ഗ്രസ് നേതാക്കളുടെ എതിര്‍പ്പിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം നിയമസഭയില്‍ ശ്രദ്ധ ക്ഷണിക്കാനുള്ള ശ്രമം കെ എന്‍ എ ഖാദര്‍ ഉപേക്ഷിക്കുകയായിരുന്നു. പ്രമേയം അവതരിപ്പിക്കാന്‍ സ്പീക്കര്‍ ക്ഷണിച്ചപ്പോഴും ഖാദര്‍ നിയമസഭയില്‍ ഉണ്ടായിരുന്നില്ല.

ഇന്നലെ മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ആര്യാടന്‍ ജില്ലാ വിഭജനത്തിനെതിരെ രംഗത്ത് വന്നിരുന്നു. എസ്ഡിപിഐ ആണ് ജില്ലാ വിഭജനവാദം ഉയര്‍ത്തിയതെന്നും അതംഗീകരിക്കാനാകില്ലെന്നുമായിരുന്നു ഈ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവിന്റെ നിപലാട്.

മലപ്പുറം ജില്ലയെ രണ്ടായി വിഭജിക്കണമെന്ന ആവശ്യം വിവിധ സംഘടനകള്‍ നാളുകളായി മുന്നോട്ട് വെച്ചിട്ടുള്ളതാണ്. ജനസംഖ്യാടിസ്ഥാനത്തിലും വികസന പ്രശ്‌നത്തിന് പരിഹാരം കാണാനും തിരൂര്‍ കേന്ദ്രമാക്കി മറ്റൊരു ജില്ല രൂപീകരിക്കണം എന്നായിരുന്നു ലീഗിന്റെ ആവശ്യം. 2015 ല്‍ മലപ്പുറം ജില്ല വിഭജിക്കണമെന്ന് ആവശ്യപ്പെട്ട് ലീഗ് പ്രമേയം പാസാക്കുകയും കഴിഞ്ഞ ലീഗ് ജില്ലാ സമ്മേളനത്തില്‍ വരെ ഇക്കാര്യ ശക്തമായി ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു.

Share news
error: Content is protected !!
Scroll to Top