നവ കേരള നിര്‍മ്മിതിയുടെ ഭാഗമായി കേരളം കൈവരിച്ച നേട്ടങ്ങള്‍ വിശദീകരിക്കാനും ഭാവി പ്രവര്‍ത്തനങ്ങള്‍ക്കുള്ള അഭിപ്രായങ്ങള്‍ സ്വീകരിക്കാനും നവകേരള സദസ്സുമായെത്തുന്ന മുഖ്യമന്ത്രിയെയും മന്ത്രിമാരെയും സ്വീകരിക്കാന്‍ മലപ്പുറം ജില്ല ഒരുങ്ങി. 16 നിയോജക മണ്ഡലത്തിലും നവകേരള സദസ്സ് മലപ്പുറം ജില്ലയില്‍ തിങ്കളാഴ്ച (നവംബര്‍ 27) മുതല്‍ തുടക്കമാവും. നവംബര്‍ 30 വരെ നാല് ദിവസങ്ങളിലായാണ് മലപ്പുറം ജില്ലയിലെ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നവകേരള സദസ്സുകളും പ്രഭാത സദസ്സുകളും നടക്കുന്നത്. ഓരോ ദിവസവും നാല് മണ്ഡലങ്ങളില്‍ പര്യടനം നടത്തും. തിരൂര്‍, മലപ്പുറം, പെരിന്തല്‍മണ്ണ കേന്ദ്രമായുള്ള മൂന്ന് പ്രഭാത സദസ്സുകള്‍ ഉള്‍പ്പെടെ ആകെ 19 പരിപാടികളിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്ത് ജനങ്ങളുമായി ആശയവിനിമയം നടത്തുക. ഓരോ മണ്ഡലം സദസ്സിലും 15,000 ത്തിലധികം പേരെ പങ്കെടുപ്പിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്.
പ്രഭാത സദസ്സുകളില്‍ പ്രത്യേകം ക്ഷണിതാക്കളായി സ്വാതന്ത്ര്യസമര സേനാനികള്‍, വെറ്ററന്‍സ്, വിവിധ മേഖലകളിലെ പ്രമുഖര്‍, മഹിളാ-യുവജന-വിദ്യാര്‍ത്ഥി വിഭാഗത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവര്‍, കോളേജ് യൂണിയന്‍ ഭാരവാഹികള്‍, പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തിലെ പ്രതിഭകള്‍, കലാകാരന്മാര്‍, സെലിബ്രിറ്റികള്‍, വിവിധ അവാര്‍ഡ് നേടിയവര്‍, വിവിധ സാമുദായിക സംഘടനകളിലെ നേതാക്കള്‍, മുതിര്‍ന്ന പൗരന്മാരുടെ പ്രതിനിധികള്‍, വിവിധ സംഘടനാ പ്രതിനിധികള്‍, കലാസാംസ്‌കാരിക സംഘടനാ പ്രതിനിധികള്‍, ആരാധനാലയങ്ങളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
നവംബര്‍ 27ന് തിരൂര്‍ ബിയാന്‍കോ കാസിലില്‍ രാവിലെ ഒമ്പതിന് നടക്കുന്ന പ്രഭാത സദസ്സോടെയാണ് ജില്ലയിലെ പരിപാടികള്‍ക്ക് തുടക്കമാവുക. തുടര്‍ന്ന് അന്നേ ദിവസം രാവിലെ 11ന് പൊന്നാനി ഹാര്‍ബര്‍ ഗ്രൗണ്ടില്‍ ജില്ലയിലെ ആദ്യത്തെ മണ്ഡലംതല നവകേരള സദസ്സ് നടക്കും. വൈകുന്നേരം മൂന്നിന് തവനൂര്‍ മണ്ഡലം സദസ്സ് എടപ്പാള്‍ സഫാരി പാര്‍ക്കിലും, 4.30 ന് തിരൂര്‍ മണ്ഡലം സദസ്സ് ജി.ബിഎച്ച്.എസ്.എസ് ഗ്രൗണ്ടിലും വൈകുന്നേരം ആറിന് താനൂര്‍ മണ്ഡലം ജനസദസ്സ് ഉണ്യാല്‍ ഫിഷറീസ് സ്റ്റേഡിയത്തിലും നടക്കും.
നവംബര്‍ 28ന് വള്ളിക്കുന്ന് മണ്ഡലം സദസ്സ് രാവിലെ 11ന് കാലിക്കറ്റ് സര്‍വകലാശാല ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തില്‍ നടക്കും. തിരൂരങ്ങാടി മണ്ഡലം സദസ്സ് വൈകുന്നേരം മൂന്നിന് പരപ്പനങ്ങാടി അവുക്കാദര്‍ക്കുട്ടി നഹ സ്മാരക സ്റ്റേഡിയത്തിലും വേങ്ങര മണ്ഡലം സദസ്സ് വൈകുന്നേരം 4.30ന് സബാഹ് സ്‌ക്വയറിലും കോട്ടക്കല്‍ മണ്ഡലം സദസ്സ് വൈകുന്നേരം ആറിന് ആയുര്‍വേദ കോളേജ് ഗ്രൗണ്ടിലും നടക്കും.
നവംബര്‍ 29ന് രാവിലെ ഒമ്പതിന് മലപ്പുറം വുഡ്‌ബൈന്‍ ഹോട്ടലില്‍ ഏഴ് മണ്ഡലങ്ങളുടെ പ്രതിനിധികള്‍ പങ്കെടുക്കുന്ന പ്രഭാത സദസ്സ് നടക്കും. തുടര്‍ന്ന് കൊണ്ടോട്ടി മണ്ഡലം നവകേരള സദസ്സ് രാവിലെ 11ന് മേലങ്ങാടി ജി.വി.എച്ച്.എസ്.എസ് ഗ്രൗണ്ടില്‍ നടക്കും. മഞ്ചേരി മണ്ഡലം സദസ്സ് വൈകുന്നേരം മൂന്നിന് ഗവ. ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടിലും, മങ്കട മണ്ഡലം സദസ്സ് വൈകുന്നേരം 4.30ന് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടിലും, മലപ്പുറം മണ്ഡലം സദസ്സ് വൈകുന്നേരം ആറിന് എം.എസ്.പി എല്‍.പി സ്‌കൂള്‍ ഗ്രൗണ്ടിലും നടക്കും.
നവംബര്‍ 30ന് രാവിലെ ഒമ്പതിന് പെരിന്തല്‍മണ്ണ ശിഫാ കണ്‍വെന്‍ഷന്‍ സെന്ററില്‍ നാല് മണ്ഡലങ്ങളുടെ പ്രഭാത സദസ്സ് നടക്കും. തുടര്‍ന്ന് ഏറനാട് മണ്ഡലം നവകേരള സദസ്സ് രാവിലെ 11ന് അരീക്കോട് പഞ്ചായത്ത് ഗ്രൗണ്ടില്‍ നടക്കും. വൈകുന്നേരം മൂന്നിന് നിലമ്പൂര്‍ മണ്ഡലം സദസ്സ് വഴിക്കടവ് പഞ്ചായത്തിലെ മുണ്ട ഗ്രൗണ്ടിലും വണ്ടൂര്‍ മണ്ഡലം സദസ്സ് വൈകുന്നേരം 4.30ന് വി.എം.സി ഹൈസ്‌കൂള്‍ ഗ്രൗണ്ടിലും, പെരിന്തല്‍മണ്ണ മണ്ഡലം സദസ്സ് വൈകുന്നരേം ആറിന് നെഹ്‌റു സ്റ്റേഡിയത്തിലും നടക്കും. പരിപാടികളില്‍ എം.എല്‍.എമാര്‍ ഉള്‍പ്പെടെ ജനപ്രതിനിധികളും പൗരപ്രമുഖരും ചീഫ് സെക്രട്ടറി ഉള്‍പ്പെടെ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും.
20 കൗണ്ടറുകള്‍: പരാതികള്‍ സ്വീകരിക്കാന്‍ വിപുലമായ സൗകര്യം
മുഖ്യമന്ത്രിയും മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും മണ്ഡലങ്ങളില്‍ നേരിട്ടെത്തുന്ന നവകേരള സദസ്സില്‍ പരാതികള്‍ സ്വീകരിക്കാന്‍ വിപുലമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. പരാതികള്‍ സ്വീകരിക്കാന്‍ 20 കൗണ്ടറുകളാണ് ഓരോ സദസ്സിലും ഒരുക്കുന്നത്. 15 ജനറല്‍ കൗണ്ടറുകളും സ്ത്രീകള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും രണ്ട് വീതം കൗണ്ടറുകളും ഭിന്നശേഷിക്കാര്‍ക്ക് ഒരു കൗണ്ടറും വീതമാണ് സജ്ജീകരിക്കുക. പരിപാടി തുടങ്ങുന്നതിന് മൂന്ന് മണിക്കൂര്‍ മുമ്പ് പരാതികള്‍ സ്വീകരിച്ച് തുടങ്ങുകയും അവസാന പരാതിയും സ്വീകരിച്ചുവെന്ന് ഉറപ്പ് വരുത്തിയ ശേഷം മാത്രമേ കൗണ്ടറുകളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുകയും ചെയ്യുകയുള്ളു. കൗണ്ടറുകളിലെ തിരക്ക് നിയന്ത്രിക്കുന്നതിനും പരാതിക്കാരെ സഹായിക്കുന്നതിനുമായി മതിയായ പരിശീലനം നല്‍കിയ എന്‍.സി.സി, എസ്.പി.സി, എന്‍.എസ്.എസ് വിദ്യാര്‍ഥികളെയും ട്രോമാ കെയര്‍, സിവില്‍ വളണ്ടിയര്‍ തുടങ്ങിയ സന്നദ്ധ സംഘടനയിലെ അംഗങ്ങളെയും വളണ്ടിയര്‍മാരായ നിയോഗിച്ചിട്ടുണ്ട്. ഓരോ കൗണ്ടറുകളിലും പരാതിക്കാരുടെ ക്രമ നമ്പര്‍ വ്യത്യസ്തങ്ങളായി ക്രമീകരിച്ച് ഇരിപ്പും ആശയക്കുഴപ്പവും ഒഴിവാക്കും. മുതിര്‍ന്ന പൗരന്മാരും വിഭിന്നശേഷിയുള്ളവരും പരാതി നല്‍കുന്നതിനായി എത്തുന്ന കൗണ്ടറുകളില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തും. പരാതി നല്‍കുന്നവര്‍ പൂര്‍ണമായ മേല്‍വിലാസം, ബന്ധപ്പെടുന്നതിനുള്ള ഫോണ്‍ നമ്പര്‍ എന്നിവ നല്‍കിയിരിക്കണം. ഓരോ പരാതി സ്വീകരിച്ച ശേഷം സര്‍ക്കാര്‍ ഉത്തരവു പ്രകാരമുള്ള മാതൃകയില്‍ കൈപ്പറ്റ് രസീത് നല്‍കും. ഇത് ഉപയോഗിച്ചാണ് പരാതിയിന്മേല്‍ സ്വീകരിച്ച തുടര്‍നടപടികള്‍ അറിയാനാവുക. കൗണ്ടറുകളുടെ പ്രവര്‍ത്തനം അവസാനിച്ച ഉടന്‍ തന്നെ ഓരോ കൗണ്ടറുകളിലും ലഭിച്ച പരാതികള്‍ എണ്ണി തിട്ടപ്പെടുത്തി, രജിസ്റ്ററുകളുമായി ഒത്തുനോക്കി സ്ത്രീകള്‍, ഭിന്നശേഷിക്കാര്‍, മുതിര്‍ന്ന പൗരന്മാര്‍, ജനറല്‍, ആകെ എന്നിങ്ങനെ സ്ഥിതി വിവരകണക്ക് തയ്യാറാക്കി രജിസ്റ്ററുകളും പരാതികളും നോഡല്‍ ഓഫീസര്‍മാര്‍ ബന്ധപ്പെട്ട താലൂക്കിലെ ഭൂരേഖ തഹസില്‍ദാര്‍മാര്‍ക്ക് കൈമാറുകയും ചെയ്യും. ഭൂരേഖ തഹസില്‍ദാര്‍മാര്‍ക്കാണ് ഡാറ്റാ എന്‍ട്രി നടത്തി ബന്ധപ്പെട്ട പോര്‍ട്ടലില്‍ പരാതികള്‍ അപ്ലോഡ് ചെയ്യേണ്ട പൂര്‍ണ്ണ ചുമതല. താലൂക്ക് ഐടി കോ-ഓര്‍ഡിനേറ്റര്‍മാര്‍ പരിശീലനം നല്‍കിയ ഉദ്യോഗസ്ഥര്‍മാരാണ് ഡാറ്റാ എന്‍ട്രി നടത്തി പോര്‍ട്ടലില്‍ പരാതികള്‍ അപ്ലോഡ് ചെയ്യുക. ഡാറ്റാ എന്‍ട്രി മുഴുവനായി പൂര്‍ത്തീകരിച്ച ശേഷം പരാതികളും രജിസ്റ്ററുകളും കളക്ടറേറ്റിലെ പി.ജി.ആര്‍ സെല്ലിലേക്ക് കൈമാറും. ഇവ തുടര്‍നടപടിയ്ക്കായി ബന്ധപ്പെട്ട വകുപ്പിലെ ജില്ലാതല ഉദ്യോഗസ്ഥര്‍ക്ക് പോര്‍ട്ടലിലൂടെ കൈമാറും. പരാതികള്‍ കൈപ്പറ്റുന്ന ജില്ലാതല ഉദ്യോഗസ്ഥര്‍ പരാതി പരിശോധിച്ച് രണ്ടാഴ്ചക്കുള്ളില്‍ അന്തിമ തീരുമാനം കൈക്കൊണ്ട് പരാതിക്കാര്‍ക്ക് വിശദമായ മറുപടി നല്‍കി അത് പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്ത് തീര്‍പ്പാക്കും. കൂടുതല്‍ നടപടിക്രമങ്ങള്‍ ആവശ്യമുള്ളതും തീര്‍പ്പാക്കുന്നതിന് കൂടുതല്‍ സമയം ആവശ്യമായിട്ടുള്ളതുമായ പരാതികളുണ്ടെങ്കില്‍ ഒരാഴ്ചക്കുള്ളില്‍ പരാതിക്കാരന് ഇടക്കാല മറുപടി നല്‍കും. സംസ്ഥാന തലത്തില്‍ തീരുമാനമെടുക്കേണ്ട വിഷയമാണെങ്കില്‍ പരാതി പരമാവധി 45 ദിവസത്തിനുള്ളില്‍ തീര്‍പ്പാക്കും. അത്തരം സാഹചര്യങ്ങളില്‍ പരാതി കൈപ്പറ്റി ഒരാഴ്ചക്കുള്ളില്‍ പരാതിക്കാരന് ഇടക്കാല മറുപടി നല്‍കും. ഇതോടൊപ്പം മറുപടികള്‍ തപാലിലൂടെയും നല്‍കും.നിവേദനങ്ങളുടെയും പരാതികളുടെയും തല്‍സ്ഥിതി www.navakeralasadas.kerala.gov.in എന്ന വൈബ്സൈറ്റിലൂടെ ലഭിക്കും.
വികസനം ചര്‍ച്ച ചെയ്യാന്‍ പ്രഭാത സദസ്സുകള്‍
ജില്ലയുടെ വികസന പ്രശ്നങ്ങളും അവയ്ക്കുള്ള നിര്‍ദ്ദേശങ്ങളും മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്താനും ചര്‍ച്ച ചെയ്യാനായി മൂന്ന് പ്രഭാത സദസ്സുകളാണ് നവകേരള സദസ്സിന്റെ ഭാഗമായി ജില്ലയില്‍ നടക്കുന്നത്. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമൊപ്പം പ്രത്യേകം ക്ഷണിതാക്കളായി ജില്ലയിലെ പൗരപ്രമുഖരും മത സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ മേഖലയിലെ നേതാക്കളുമാണ് പ്രഭാത സദസ്സുകളില്‍ പങ്കെടുക്കുക. ഇവരുമായി സംവദിക്കുകയും അതു വഴി സര്‍ക്കാറിന്റെ വികസന നയ രൂപീകരണത്തിലേക്ക് വിവിധ തുറകളില്‍ നിന്നുള്ള അഭിപ്രായങ്ങള്‍ സ്വരൂപിക്കുകയുമാണ് പ്രഭാത സദസ്സിന്റെ ലക്ഷ്യം. നവംബര്‍ 27ന് രാവിലെ ഒമ്പതു മണിക്ക് തിരൂര്‍ ബിയാന്‍കോ കാസിലിലാണ് ജില്ലയിലെ ആദ്യ പ്രഭാത സദസ്സ് നടക്കുക. തിരൂര്‍, പൊന്നാനി, തവനൂര്‍, താനൂര്‍, തിരൂരങ്ങാടി എന്നീ മണ്ഡലങ്ങളിലുള്ളവരാണ് തിരൂരില്‍ നടക്കുന്ന പ്രഭാത സദസ്സില്‍ പങ്കെടുക്കുക. പ്രത്യേകം ക്ഷണിതാക്കളായി സ്വാതന്ത്ര്യസമര സേനാനികള്‍, വെറ്ററന്‍സ്, വിവിധ മേഖലകളിലെ പ്രമുഖര്‍, മഹിളാ-യുവജന-വിദ്യാര്‍ത്ഥി വിഭാഗത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവര്‍, കോളേജ് യൂണിയന്‍ ഭാരവാഹികള്‍, പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തിലെ പ്രതിഭകള്‍, കലാകാരന്മാര്‍, സെലിബ്രിറ്റികള്‍, വിവിധ അവാര്‍ഡ് നേടിയവര്‍, വിവിധ സാമുദായിക സംഘടനകളിലെ നേതാക്കള്‍, മുതിര്‍ന്ന പൗരന്മാരുടെ പ്രതിനിധികള്‍, വിവിധ സംഘടനാ പ്രതിനിധികള്‍, കലാസാംസ്‌കാരിക സംഘടനാ പ്രതിനിധികള്‍, ആരാധനാലയങ്ങളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
നവംബര്‍ 29ന് രാവിലെ ഒമ്പതിനാണ് ജില്ലയിലെ രണ്ടാമത്തെ പ്രഭാത സദസ്സ് നടക്കുക. മലപ്പുറം വുഡ്‌ബൈന്‍ ഹോട്ടലില്‍ നടക്കുന്ന സദസ്സില്‍ മലപ്പുറം, കൊണ്ടോട്ടി, മഞ്ചേരി, കോട്ടക്കല്‍, വള്ളിക്കുന്ന്, വേങ്ങര മണ്ഡലങ്ങളിലുള്ള തിരഞ്ഞെടുക്കപ്പെട്ട വ്യക്തികള്‍ പങ്കെടുക്കും. നവംബര്‍ 30ന് രാവിലെ ഒമ്പതിന് പെരിന്തല്‍മണ്ണ ശിഫാ കണ്‍വെന്‍ഷന്‍ സെന്ററില്‍ പ്രഭാത സദസ്സ് നടക്കും. മങ്കട, പെരിന്തല്‍മണ്ണ, നിലമ്പൂര്‍, വണ്ടൂര്‍, ഏറനാട് മണ്ഡലങ്ങളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട വ്യക്തികള്‍ പങ്കെടുക്കും.
പാട്ടും നാടകവും മറ്റു പരിപാടികളും: വേദികള്‍ കളര്‍ഫുള്ളാകും
നവകേരള സദസ്സിന്റെ വേദികള്‍ കളര്‍ഫുള്ളാകും. സദസ്സ് നടക്കുന്നതിന്റെ മുന്നോടിയായും സദസ്സ് കഴിഞ്ഞ ശേഷവും വിവിധ കലാപരിപാടികളാണ് സംഘാടക സമിതിയുടെ നേതൃത്വത്തില്‍ നടക്കുന്നത്. മലപ്പുറം ജില്ലയിലെ 16 മണ്ഡലങ്ങളിലും വിവിധ പരിപാടികള്‍ സംഘാടക സമിതിയുടെ നേതൃത്വത്തില്‍ ആസൂത്രണം ചെയ്തിട്ടുണ്ട്. മലപ്പുറം ജില്ലയിലെ ആദ്യ നവകേരള സദസ്സ് നടക്കുന്ന പൊന്നാനി മണ്ഡലത്തിലെ ഹാര്‍ബര്‍ ഗ്രൗണ്ടില്‍ നവംബര്‍ 27ന് രാവിലെ ഒമ്പത് മുതല്‍ 10.30 വരെ ഫിറോസ് ബാബു നയിക്കുന്ന പട്ടുറുമാല്‍ അരങ്ങേറും. രാവിലെ 11നാണ് നവകേരള സദസ്സ് നടക്കുക. അന്നേ ദിവസം വൈകീട്ട് മൂന്നിനാണ് തവനൂര്‍ മണ്ഡലത്തിലെ നവകേരള സദസ്സ്. എടപ്പാള്‍ സഫാരി പാര്‍ക്കില്‍ നടക്കുന്ന പരിപാടിക്ക് മുന്നോടിയായി ഉച്ചയ്ക്ക് ഒരുമണി മുതല്‍ 2.30 വരെ എടപ്പാള്‍ വിശ്വം നയിക്കുന്ന ഗാനമേള വേദിയില്‍ അരങ്ങിലെത്തും. തിരൂര്‍ മണ്ഡലത്തിലെ പരിപാടി വൈകീട്ട് 4.30നാണ് നടക്കുക. നവകേരള സദസ്സ് വേദിയായ ഗവ. ബോയ്‌സ് ഹയര്‍സെക്കന്ററി സ്‌കൂള്‍ മൈതാനത്ത് ഉച്ചയ്ക്ക് 1.30ന് അധ്യാപകരുടെ സാംസ്‌കാരിക കൂട്ടായ്മയായ ജ്വാല അവതരിപ്പിക്കുന്ന കലാപരിപാടികള്‍ തുടര്‍ന്ന് മാജിക് ഷോ, കളരിപ്പയറ്റ് എന്നിവ അരങ്ങേറും. നവകേരള സദസ്സ് പൂര്‍ത്തിയാക്കി വൈകുന്നേരം 6.30ന് കുമിളകളില്‍ വര്‍ണ വിസ്മയം തീര്‍ക്കുന്ന സഹലിന്റെ ബബിള്‍ ഷോയും ഏഴ് മണി മുതല്‍ അലോഷിയുടെ ഗസല്‍ സന്ധ്യയും നടക്കും.
താനൂര്‍ ഉണ്യാല്‍ ഫിഷറീസ് സ്റ്റേഡിയം ഗ്രൗണ്ടില്‍ വൈകീട്ട് ആറിന് നടക്കുന്ന താനൂര്‍ മണ്ഡലം നവകേരള സദസ്സിന്റെ ഭാഗമായി വൈകീട്ട് മൂന്ന് മണി മുതല്‍ വിവിധ കലാപരിപാടികള്‍ നടക്കും. നവകേരള സദസ്സ് കഴിഞ്ഞ ശേഷം രാത്രി എട്ടിന് ബിജിപാലിന്റെ സംഗീത നിശയും അരങ്ങേറും.
വള്ളിക്കുന്ന് മണ്ഡലത്തിലെ നവകേരള സദസ്സ് നവംബര്‍ 28ന് രാവിലെ 11ന് കാലിക്കറ്റ് സര്‍വകലാശാല ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തിലാണ് നടക്കുക. പരിപാടിക്ക് മുന്നോടിയായി രാവിലെ ഒമ്പത് മുതല്‍ വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന കഥകളി, നാടന്‍ പാട്ട്, മുട്ടിപ്പാട്ട്, ലളിത ഗാനം, മല്‍ഹരി മ്യൂസിക് ബാന്‍ഡ് അവതരിപ്പിക്കുന്ന മുട്ടിപ്പാട്ട് എന്നിവ അരങ്ങിലെത്തും.
പരപ്പനങ്ങാടി അവുക്കാദര്‍കുട്ടി നഹ സ്മാരക സ്റ്റേഡിയതില്‍ വൈകീട്ട് മൂന്നിന് നടക്കുന്ന തിരൂരങ്ങാടി മണ്ഡലം നവകേരള സദസ്സിന് മുന്നോടിയായി ഉച്ചയ്ക്ക് 12 മുതല്‍ പ്രാദേശിക കലാകാരന്മാര്‍ അവതരിപ്പിക്കുന്ന കലാപരിപാടികളും നവകേരള സദസ്സ് പൂര്‍ത്തിയായതിന് ശേഷം ഗസല്‍ ഗായകന്‍ സമീര്‍ ബിന്‍സിയും സംഘവും അവതരിപ്പിക്കുന്ന ഗസലും വേദിയില്‍ അരങ്ങേറും.
വേങ്ങര മണ്ഡലത്തിലെ വേദിയായ സബാഹ് സ്‌ക്വയറില്‍ വെച്ച് നവകേരള സദസ്സിന് മുന്നോടിയായി ഉച്ചക്ക് രണ്ട് മുതല്‍ സംഘാടക സമിതിയുടെ കീഴില്‍ വിവിധ കലാപരിപാടികള്‍ നടക്കും. ഐ.യു.എച്ച്.എസ് സ്‌കൂളില്‍ നിന്നും സബ് ജില്ലാ തലത്തില്‍ ഒന്നാം സ്ഥാനം നേടിയ ദഫ് മുട്ടും മാപ്പിള പാട്ടും അരങ്ങിലെത്തും. ലഹരി വിരുദ്ധ സന്ദേശം നല്‍കി കൊണ്ട് ഹ്രസ്വ നാടകവും അരങ്ങേറുന്നതാണ്. വൈകീട്ട് 4.30നാണ് വേങ്ങര മണ്ഡലം നവകേരള സദസ്സ് നടക്കുക.
വൈകീട്ട് ആറിന് കോട്ടക്കല്‍ ആയൂര്‍വേദ കോളേജ് ഗ്രൗണ്ടില്‍ നടക്കുന്ന കോട്ടക്കല്‍ മണ്ഡലം നവകേരള സദസ്സിന് മുന്നോടിയായി 3.30ന് അലോഷിയുടെ ഗസല്‍, തുടര്‍ന്ന് ഒപ്പന എന്നിവ നടക്കും. സദസ്സിന് ശേഷം കോല്‍ക്കളി ആയൂര്‍വേദ കേളേജ് വിദ്യാര്‍ത്ഥികളുടെ സംഗീത ശില്‍പ്പം എന്നിവ അരങ്ങേറും.
കൊണ്ടോട്ടി മണ്ഡലത്തില്‍ നവംബര്‍ 29ന് രാവിലെ ഒമ്പതിനാണ് നവകേരള സദസ്സ് നടക്കുക. മേലങ്ങാടി ജി.വി.എച്ച്.എസ്.എസ് ഗ്രൗണ്ടില്‍ നടക്കുന്ന പരിപാടിയുടെ മുന്നോടിയായി രാവിലെ 9.30 മുതല്‍ 10.30 വരെ നാടന്‍പാട്ട്, മോഹിനിയാട്ടം, വനിതാ ദഫ്മുട്ട്, കോല്‍ക്കളി, നൃത്തശില്‍പ്പം, റിയാലിറ്റി ഷോ ഫെയിം അനാമിക സിത്തുവിന്റെ ഗാനങ്ങള്‍ എന്നിവ നടക്കും.
മഞ്ചേരി മണ്ഡലത്തില്‍ രാവിലെ 11ന് നടക്കുന്ന പരിപാടിയുടെ വേദിയായ ഗവ. ബോയ്‌സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ മൈതാനത്ത് ഉച്ചയ്ക്ക് ഒരുമണി മുതല്‍ 2.30 വരെ അതുല്‍ നറുകരയുടെ നേതൃത്വത്തില്‍ മ്യൂസിക് ഇവന്റ് അരങ്ങേറും.
മങ്കട മണ്ഡലത്തിലെ വേദിയായ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂള്‍ മൈതാനത്ത് ഉച്ചയ്ക്ക് 2.45 മുതല്‍ സംഘ നൃത്തം, തിരുവാതിര, ഒപ്പന, നാടകം, നാടന്‍ പാട്ടുകള്‍ തുടങ്ങിയവ അരങ്ങേറും. വൈകീട്ട് 4.30നാണ് നവകേരള സദസ്സ് നടക്കുക. വൈകീട്ട് ആറിന് എം.എസ്.പി എല്‍.പി സ്‌കൂള്‍ മൈതാനത്താണ് മലപ്പുറം മണ്ഡലത്തിലെ നവകേരള സദസ്സ് നടക്കുന്നത്. വൈകീട്ട് മൂന്നിന് വി.പി മന്‍സിയയും സംഘവും അവതരിപ്പിക്കുന്ന നൃത്താവിഷ്‌കാരം ശേഷം, സ്‌കൂള്‍ കലോത്സവങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഒപ്പന, കോല്‍ക്കളി, മാര്‍ഗംകളി എന്നിവ നടക്കും. നവകേരള സദസ്സ് കഴിഞ്ഞ ശേഷം അതുല്‍ നറുകരയും സംഘവും അവതരിപ്പിക്കുന്ന മ്യൂസിക് ഇവന്റ് അരങ്ങിലെത്തും.
അരീക്കോട് പഞ്ചായത്ത് സ്റ്റേഡിയത്തില്‍ നവംബര്‍ 30ന് രാവിലെ ഒമ്പത് മുതല്‍ നടക്കുന്ന ഏറനാട് മണ്ഡലം നവകേരള സദസ്സിന് ശേഷം പു.ക.സ അരീക്കോട് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ‘ഉമ്മുകുല്‍സൂന്റെ കിനാവുകള്‍’ എന്ന നാടകം അരങ്ങേറും.
നിലമ്പൂര്‍ മണ്ഡലം നവകേരള സദസ്സിന്റെ ഭാഗമായി രാവിലെ 11 മുതല്‍ വിവിധ മേഖലകളിലെ കലാപ്രതിഭകളുടെ കലാപരിപാടികള്‍ അരങ്ങേറും. വഴിക്കടവ് പഞ്ചായത്തിലെ മുണ്ട ഗ്രൗണ്ടില്‍ വൈകീട്ട് മൂന്ന് മുതലാണ് നവകേരള സദസ്സ്. വൈകീട്ട് മെഗാ ഷോയും നടക്കും.
വി.എം.സി ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ വൈകീട്ട് 4.30ന് നടക്കുന്ന വണ്ടൂര്‍ മണ്ഡലം നവകേരള സദസ്സ് കഴിഞ്ഞ ശേഷം കലോത്സവ പ്രതിഭകള്‍, പെന്‍ഷനേഴ്‌സ് എന്നിവര്‍ അവതരിപ്പിക്കുന്ന കോല്‍ക്കളി, ഡാന്‍സ്, നാടന്‍ പാട്ട്, ഒപ്പന എന്നിവ അരങ്ങിലെത്തും.
വൈകീട്ട് ആറിന് പെരിന്തല്‍മണ്ണ നെഹ്‌റു സ്റ്റേഡിയത്തില്‍ നടക്കുന്ന പെരിന്തല്‍മണ്ണ മണ്ഡലം നവകേരള സദസ്സിന്റെ മുന്നോടിയായി കലോത്സവ പ്രതിഭകള്‍, പെന്‍ഷനേഴ്‌സ്, ജീവനക്കാര്‍ അവതരിപ്പിക്കുന്ന കലാപരിപാടികള്‍ അരങ്ങേറും. നവകേരള സദസ്സിന് ശേഷം അതുല്‍ നറുകരയും സംഘവും അവതരിപ്പിക്കുന്ന മ്യൂസിക് ഇവന്റും നടക്കും.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




