മലയാളി മാധ്യമപ്രവര്‍ത്തക സൗമ്യ വിശ്വനാഥന്റെ കൊലപാതക കേസില്‍ നാലു പ്രതികള്‍ക്ക് ജീവപര്യന്തം തടവിന് ശിക്ഷിച്ച് കോടതി. പ്രതികളായ രവി കപൂര്‍, അമിത് ശുക്ല, ബല്‍ജിത് സിംഗ്, അജയ് കുമാര്‍ എന്നീ നാലു പ്രതികളെയാണ് ജീവപര്യന്തം തടവിന് കോടതി ശിക്ഷിച്ചത്. ജീവപര്യന്തത്തിന് പുറമെ നാലു പ്രതികള്‍ക്ക് 1,25000 രൂപ പിഴയും വിധിച്ചു. അഞ്ചാം പ്രതിയായ അജയ് സേത്തിയെയാണ് മൂന്നുവര്‍ഷം തടവിനും ഏഴു ലക്ഷം പിഴയുംശിക്ഷിച്ചത്. സൗമ്യ കൊല്ലപ്പെട്ട് 15 വര്‍ഷങ്ങള്‍ക്കുശേഷം നീണ്ട നിയമ പോരാട്ടങ്ങള്‍ക്കൊടുവിലാണ് ഇപ്പോള്‍ ശിക്ഷാ വിധി പ്രഖ്യാപിച്ചിരിക്കുന്നത്. ദില്ലി സാകേത് അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി രവീന്ദ്രകുമാര്‍ പാണ്ഡേയാണ് ശിക്ഷാവിധി പ്രഖ്യാപിച്ചത്. ഇത്തരം കേസുകള്‍ സ്ത്രീ സുരക്ഷയ്ക്ക് വെല്ലുവിളിയെന്നും സ്ത്രീസുരക്ഷ പരമപ്രധാനമെന്നും നഷ്ടമായത് മികച്ച മാധ്യമപ്രവര്‍ത്തകയെ എന്നും കോടതി വിലയിരുത്തി. ശിക്ഷാവിധിയില്‍ സന്തോഷമെന്ന് സൗമ്യയുടെ കുടുംബം കോടതി വിധിയോട് പ്രതികരിച്ചു.
2008 സെപ്റ്റംബര്‍ 30-നാണ് ഡല്‍ഹിയില്‍ വച്ച് ഇന്ത്യാടുഡേ ഗ്രൂപ്പിന്റെ ‘ഹെഡ്ലൈന്‍സ് ടുഡേ’ ചാനലില്‍ മാധ്യമപ്രവര്‍ത്തകയായിരുന്ന സൗമ്യ വിശ്വനാഥനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കാറിനുള്ളില്‍ മരിച്ച നിലയിലാണ് കണ്ടെത്തിയത്. കാര്‍ അപകടത്തില്‍ മരിച്ചെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാല്‍ പരിശോധനയില്‍ തലയ്ക്ക് വെടിയേറ്റതായി കണ്ടെത്തി.
ഒരു വര്‍ഷത്തിന് ശേഷം 2009 മാര്‍ച്ചില്‍ കോള്‍ സെന്റര്‍ ജീവനക്കാരിയായ ജിഗിഷ ഘോഷിനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പ്രതികളില്‍ നിന്നാണ് 2008 ല്‍ സൗമ്യയെ കൊലപ്പെടുത്തിയെന്ന വെളിപ്പെടുത്തലുണ്ടാകുന്നത്. കവര്‍ച്ചയായിരുന്നു അക്രമികളുടെ ലക്ഷ്യമെന്നാണ് പൊലീസ് പറയുന്നത്. രവി കപൂര്‍, അമിത് ശുക്ല, ബല്‍ജീത് മാലിക്, അജയ് സേഥി എന്നീ പ്രതികള്‍ 2009 മുതല്‍ കസ്റ്റഡിയിലാണ്. ഇവരുടെ പേരില്‍ മോക്ക (മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിയമം) പ്രകാരമാണ് കേസെടുത്തത്.
ഇന്ന് വൈകിട്ട് മൂന്നരയോടെയാണ് ശിക്ഷാ വിധി പ്രഖ്യാപിച്ചത്. കേസില്‍ ഇരുകക്ഷികളുടെയും വാദം നേരത്തെ പൂര്‍ത്തിയായിരുന്നു. വിധി കേള്‍ക്കാന്‍ സൗമ്യയുടെ മാതാവും മറ്റു കുടുംബാംഗങ്ങള്‍ കോടതിയിലെത്തിയിരുന്നു.
ഇക്കഴിഞ്ഞ ഒക്ടോബര്‍ പതിനെട്ടിനാണ് കേസിലെ അഞ്ച് പ്രതികളും കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്. രാത്രി ജോലി കഴിഞ്ഞു കാറില്‍ വസന്ത് കുഞ്ചിലെ വീട്ടിലേക്ക് മടങ്ങവെ കവര്‍ച്ചക്ക് എത്തിയ സംഘം സൗമ്യയെ കൊലപ്പെടുത്തുകയായിരുന്നു. പ്രാഥമിക അന്വേഷണത്തില്‍ അപകട മരണമാണ് എന്ന സംശയം ഉയര്‍ന്നു. വിദഗ്ധ പരിശോധനയ്ക്കൊടുവില്‍ തലയ്ക്ക് വെടിയേറ്റതാണ് മരണകാരണമെന്ന് കണ്ടെത്തി.
മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു




