ആയൂര്‍വേദ നഗരിയില്‍ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍; കോട്ടക്കല്‍ മണ്ഡലം നവകേരള സദസ്സ് നവംബര്‍ 28ന്

മുഖ്യമന്ത്രിയുള്‍പ്പടെ മുഴുവന്‍ മന്ത്രിസഭാംഗങ്ങളും ജനങ്ങള്‍ക്കിടയിലേക്കിറങ്ങിവരികയും സമൂഹത്തിന്റെ ചിന്താഗതികള്‍ അടുത്തറിയുകയും ചെയ്യുന്ന നവകേരള സദസ്സിന് കോട്ടക്കല്‍ മണ്ഡലത്തില്‍ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍. ജില്ലയില്‍ നവകേരള സദസ്സിന്റെ രണ്ടാം ദിനമായ നവംബര്‍ 28 ന് വൈകുന്നേരം ആറിനാണ് കോട്ടക്കല്‍ മണ്ഡലത്തിലെ നവകേരള സദസ്സ്. എന്നാല്‍ പൊതുജനങ്ങള്‍ക്ക് പരാതികളും അപേക്ഷകളും സമര്‍പ്പിക്കുന്നതിനുള്ള കൗണ്ടറുകള്‍ വൈകുന്നേരം മൂന്നിന് തന്നെ വേദിയായ കോട്ടക്കല്‍ ആയൂര്‍വേദ കോളേജ് മൈതാനത്ത് പ്രവര്‍ത്തനമാരംഭിക്കും. അലോഷിയുടെ ഗസല്‍, ഒപ്പന തുടങ്ങിയ കലാപരിപാടികളും ഇതോടൊപ്പം വേദിയില്‍ അരങ്ങേറും. തുടര്‍ന്ന് സദസ്സ് പൂര്‍ത്തിയാക്കിയതിന് ശേഷം കോല്‍ക്കളി, ആയൂര്‍വേദ കേളേജ് വിദ്യാര്‍ത്ഥികളുടെ സംഗീത ശില്‍പ്പം എന്നിവയും വേദിയില്‍ അരങ്ങേറും.

പ്രഭാത സദസ്സ് 29ന്

വിവിധ ജനവിഭാഗങ്ങളെ പ്രതിനിധീകരിച്ച് പ്രത്യേകം ക്ഷണിതാക്കളായി എത്തുന്നവരാണ് പ്രഭാത സദസ്സുകളില്‍ പങ്കെടുക്കുക. നവംബര്‍ 29ന് മലപ്പുറം വുഡ്ബൈന്‍ ഹോട്ടലില്‍ രാവിലെ ഒമ്പതിനാണ് മറ്റ് ആറ് മണ്ഡലങ്ങളോടൊപ്പം കോട്ടക്കലിന്റെ പ്രഭാത സദസ്സ് നടക്കുന്നത്. സ്വാതന്ത്ര്യസമര സേനാനികള്‍, വിവിധ മേഖലകളില്‍ ദീര്‍ഘകാലം സേവനമനുഷ്ഠിച്ച വ്യക്തികള്‍, അതത് മേഖലകളില്‍ വ്യക്തിമുദ്രപതിപ്പിച്ച പ്രമുഖര്‍, പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തിലെ പ്രതിഭകള്‍, കലാകാരന്മാര്‍, അവാര്‍ഡ് ജേതാക്കള്‍, മഹിളാ-യുവജന-വിദ്യാര്‍ഥി വിഭാഗത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവര്‍, കോളേജ് യൂണിയന്‍ ഭാരവാഹികള്‍, സാമുദായിക സംഘടനാ നേതാക്കള്‍, മുതിര്‍ന്ന പൗരന്മാരുടെ പ്രതിനിധികള്‍, കലാ-സാംസ്‌കാരിക രംഗം ഉള്‍പ്പടെ വിവിധ സംഘടനാ പ്രതിനിധികള്‍, ആരാധനാലയങ്ങളുടെ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
കോട്ടക്കല്‍ റിഡ്ജസ് ഇന്‍ ഹോട്ടലില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ ഡോ. ഹുസൈന്‍ രണ്ടത്താണി, വൈസ് ചെയര്‍മാന്മാരായ വി.പി സക്കരിയ, കെ.പി ശങ്കരന്‍, കൗണ്‍സിലര്‍ ടി. കബീര്‍, നോഡല്‍ ഓഫീസര്‍ എന്‍.എം. മുഹമ്മദ് സക്കീര്‍ എന്നിവര്‍ സംസാരിച്ചു.

മലബാറി ന്യൂസ് ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലും ലഭിക്കും. വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Share news
error: Content is protected !!
Scroll to Top