Section

malabari-logo-mobile

ജില്ലയില്‍ പകര്‍ച്ചവ്യാധികള്‍ തടയാന്‍ പ്രതിരോധ പ്രവര്‍ത്തനം 

HIGHLIGHTS : മലപ്പുറം :മഴക്കാലത്തും വരള്‍ച്ചയുടെ അവസ്ഥയിലും പകരച്ചവ്യാധികള്‍ക്ക്‌ മുഖ്യകാരണമാകുന്നത്‌ മലിനജലമായതിനാല്‍

download (4)  മലപ്പുറം :മഴക്കാലത്തും വരള്‍ച്ചയുടെ അവസ്ഥയിലും പകരച്ചവ്യാധികള്‍ക്ക്‌ മുഖ്യകാരണമാകുന്നത്‌ മലിനജലമായതിനാല്‍ ജലസ്രോതസ്സുകള്‍ കേന്ദ്രീകരിച്ച്‌ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തീരുമാനം. മഴക്കാല പൂര്‍വ രോഗങ്ങള്‍ തടയുന്നതിന്റെ ഭാഗമായി ജില്ലാ കലക്‌ടര്‍ കെ. ബിജുവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ തല ഏകോപന യോഗം ഇതിനായുള്ള കര്‍മപദ്ധതികള്‍ ആവിഷ്‌കരിച്ചു. ജില്ലയില്‍ കഴിഞ്ഞ മൂന്ന്‌ വര്‍ഷങ്ങളില്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുള്ളത്‌ ജലജന്യരോഗമായ മഞ്ഞപ്പിത്തമായതിനാല്‍ ജലത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതില്‍ വ്യക്തികളും സ്ഥാപനങ്ങളും ശ്രദ്ധിക്കേണ്ടതാണെന്ന്‌ യോഗം വിലയിരുത്തി.
കുടിവെള്ള ടാങ്കര്‍ ലോറികള്‍ പരിശോധിക്കും: ലോറികളില്‍ എത്തിക്കുന്ന കുടിവെള്ളത്തിന്റെ ഗുണമേന്മ ഉറപ്പാക്കുന്നതിനായി കുടിവെള്ളം ഗുണമേന്മാ പരിശോധനയ്‌ക്ക്‌ വിധേയമാക്കണമെന്ന്‌ ജില്ലാ കലക്‌ടര്‍ നിര്‍ദേശിച്ചു. ജലത്തിന്റെ രാസ-ഭൗതിക ഘടനയില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വരുന്നതിനാല്‍ ഓരോ മാസവും സര്‍ട്ടിഫിക്കറ്റ്‌ പുതുക്കണം. കുടിവെള്ളമെടുക്കുന്ന സ്രോതസ്സ്‌ സ്ഥിതിചെയ്യുന്ന സ്ഥലത്തേയും കുടിവെള്ളം വിതരണം ചെയ്യുന്ന സ്ഥലത്തെയും തദേശസ്ഥാപനവും ഇക്കാര്യം പരിശോധിച്ച്‌ ഉറപ്പു വരുത്തും. കോഴിക്കോട്‌ റീജനല്‍ പബ്ലിക്‌ ഹെല്‍ത്ത്‌ ലാബിലും കോട്ടക്കുന്നിലുള്ള വാട്ടര്‍ അതോറിറ്റിയുടെ ലാബിലും ജല സാംപിളുകള്‍ പരിശോധിക്കാം.
വാര്‍ഡ്‌തല ഏകോപന പ്രവര്‍ത്തനങ്ങള്‍: പകര്‍ച്ച വ്യാധികളുണ്ടാവുന്ന പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച്‌ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതിന്‌ വാര്‍ഡ്‌ തലത്തില്‍ ഏകോപനം അനിവാര്യമാണെന്ന്‌ യോഗം വിലയിരുത്തി. ഇതിനായി വാര്‍ഡ്‌ ഹെല്‍ത്ത്‌ ആന്‍ഡ്‌ സാനിറ്റേഷന്‍ സമിതികള്‍ ഈ മാസം തന്നെ യോഗം ചേരണമെന്നും ഇത്‌ സംബന്ധിച്ച നിര്‍ദേശം എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക്‌ നല്‍കാനും പഞ്ചായത്ത്‌ ഡെപ്യൂട്ടി ഡയറക്‌ടറോട്‌ ആവശ്യപ്പെട്ടു.
അസുഖമുള്ള കുട്ടികള്‍ വീടുകളില്‍ വിശ്രമിക്കണം: പനി, ചുമ തുടങ്ങിയവ ഏറ്റവും കൂടുതല്‍ പടരുന്നത്‌ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നായതിനാല്‍ അസുഖമുള്ള കുട്ടികളെ സ്‌കൂളില്‍ അയയ്‌ക്കാതിരിക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം. ഇത്തരം സമയങ്ങളില്‍ കുട്ടികള്‍ സ്‌കൂളില്‍ വരുന്നതിന്‌ അധ്യാപകര്‍ നിര്‍ബന്ധിക്കുന്ന സാഹചര്യമുണ്ടാകാതിരിക്കാന്‍ സ്‌കൂള്‍ അധികൃതര്‍ ശ്രദ്ധിക്കണം.
ഭക്ഷ്യ സുരക്ഷാ പരിശോധന ഊര്‍ജിതമാക്കും: ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ ഹോട്ടലുകള്‍, ബേക്കറികള്‍, വഴിയോര കച്ചവട കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ തുടര്‍ച്ചയായ പരിശോധന നടത്തും. സ്‌കൂള്‍ പരിസരങ്ങളില്‍ വില്‍കുന്ന മിഠായികള്‍, ജ്യൂസുണ്ടാക്കാന്‍ ഉപയോഗിക്കുന്ന ഐസ്‌ എന്നിവയും പരിശോധനയ്‌ക്ക്‌ വിധേയമാക്കും. പരിശോധന ഊര്‍ജ്ജിതമാക്കി റിപ്പോര്‍ട്ടുകള്‍ കൈമാറണമെന്ന്‌ കലക്‌ടര്‍ നിര്‍ദേശിച്ചു. കല്യാണ പാര്‍ട്ടികളിലും പൊതുയോഗങ്ങളിലും ജ്യൂസ്‌ വില്‌പന ശാലകളിലും ഉപയോഗിക്കുന്ന ഐസിന്റെ ഗുണനിലവാരവും പരിശോധിക്കും.
രോഗസാധ്യതാ പ്രദേശങ്ങള്‍: തിരൂര്‍ മേഖലയില്‍ വെള്ളത്തില്‍ കോളിഫോം ബാക്‌ടീരിയ കണ്ടെത്തിയിട്ടുണ്ട്‌. ജലനിധിയുടെ കുടിവെള്ള വിതരണമുള്ള സ്ഥലങ്ങളില്‍ പ്രത്യേക ശ്രദ്ധ നല്‍കും. നിലമ്പൂര്‍ നഗരസഭയില്‍ കനോലി പ്ലോട്ടിന്‌ സമീപം പാലം നിര്‍മാണം നടക്കുന്ന സ്ഥലത്തെ ഇതര സംസ്ഥാന തൊഴിലാളികളുടെ സാന്നിധ്യം, കോട്ടക്കല്‍, ഒതുക്കുങ്ങല്‍, വെട്ടം, ചുങ്കത്തറ, നെടുവ, ഊരകം പഞ്ചായത്തുകള്‍, പൊന്നാനി നഗരസഭ എന്നിവ പകര്‍ച്ചവ്യാധി സാധ്യതാ പ്രദേശങ്ങളാണെന്ന്‌ ആരോഗ്യ വകുപ്പ്‌ അധികൃതര്‍ അറിയിച്ചു. ഈ പ്രദേശങ്ങളില്‍ ആരോഗ്യം, തദ്ദേശ സ്വയം ഭരണ പ്രതിനിധികളുടെ പ്രത്യേക യോഗം ചേരും. പെരിന്തല്‍മണ്ണ നഗരസഭ നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മാതൃകാപരവും അഭിനന്ദനീയവുമാണെന്ന്‌ കലക്‌ടര്‍ പറഞ്ഞു.
ഇതര സംസ്ഥാന തൊഴിലാളികള്‍ക്കായി രാത്രികാല കാംപ്‌: ഇതര സംസ്ഥാന തൊഴിലാളികള്‍ രോഗവാഹകരായി മാറാനും നിര്‍മാര്‍ജനം ചെയ്‌ത രോഗങ്ങള്‍ പോലും ഇവരിലൂടെ ജില്ലയിലെത്താനും സാധ്യതയുള്ളതിനാല്‍ ഇവരുടെ താമസസ്ഥലങ്ങള്‍ കേന്ദ്രീകരിച്ച്‌ രോഗ പരിശോധനയ്‌ക്കും സാംപിളുകളെടുക്കുന്നതിനും രാത്രികാല കാംപുകള്‍ നടത്തും. വേങ്ങര, കൊണ്ടോട്ടി, പെരിന്തല്‍മണ്ണ, മേഖലയിലാണ്‌ ഇതര സംസ്ഥാന തൊഴിലാളികള്‍ ഏറ്റവും കൂടുതലുള്ളത്‌.
യോഗത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഉമര്‍ ഫാറൂഖ്‌, ഡെപ്യൂട്ടി ഡി.എം.ഒ നൂന മര്‍ജ, വിവിധ വകുപ്പുകളിലെ ജില്ലാ തല ഉദ്യോഗസ്ഥര്‍, തദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികള്‍ പങ്കെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!