കഞ്ചാവ് വില്‍പ്പനക്കാരന്റെ കുത്തേറ്റ എസ്.ഐയ്ക്ക് അടിയന്തിര ശസ്ത്രക്രിയ

മലപ്പുറം: കുത്തേറ്റ അരീക്കോട് എസ്.ഐ നൗഷാദിന് അടിയന്തിര ശസ്ത്രക്രിയ നടത്തി. കൈക്കാണ് ഗുരുതമരായി പരിക്കേറ്റത്. കോഴിക്കേട് മെഡിക്കല്‍ കോളേജ് ആശുപത്രയില്‍ നിന്നാണ് ശസ്ത്രക്രിയ നടത്തിയത്. ബുധനാഴ്ച രാത്രി പത്ത് മണിക്കാണ് ലഹരിമാഫിയ സംഘത്തിലെ ഒരാള്‍ വിളയില്‍ വെച്ച് എസ്‌ഐ നൗഷാദിനെയും പോലീസുകാരെയും ആക്രമിച്ചത്.

വിളയിലെ കഞ്ചാവ് വില്‍പ്പന നടക്കുന്ന സംഘത്തിലെ പ്രധാനിയായ വാച്ചാപുറവന്‍ സമദിനെ പിടികൂടാനുള്ള ശ്രമത്തിനിടെയാണ് എസ്.ഐക്ക് കത്തി കൊണ്ട് കുത്തേറ്റത്. സമദിനെ പിടികൂടി വിലങ്ങ് വെക്കാന്‍ ശ്രമിക്കുന്നതിനിടെ ഇയാള്‍ അരയില്‍ സൂക്ഷിച്ചിരുന്ന കത്തി ഉപയോഗിച്ച് പോലീസുകാര്‍ക്ക് നേരെ ആക്രമണം നടത്തുകയായിരുന്നു. ഇതിനിടയിലാണ് എസ്.ഐ നൗഷാദിന് കുത്തേറ്റത്. ഇതോടെ പ്രതി വിലങ്ങുമായി ഓടി രക്ഷപ്പെടുകയായിരുന്നു. കൂടെ ഉണ്ടായിരുന്ന പോലീസുകാര്‍ എസ് ഐയെ ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോവുകയായിരുന്നു.

വിളയില്‍ ഭാഗത്ത് ലഹരിമാഫിയ പിടിമുറുക്കുന്നു എന്ന പരാതിയെ തുടര്‍ന്ന് പോലീസ് ഇവിടെ പരിശോധന ശക്തമാക്കിയിരുന്നു. സമദ് കഞ്ചാവുമായി ഇവിടെ എത്തിയിട്ടുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് എസ് ഐ നൗഷാദിന്റെ നേതൃത്വത്തില്‍ പോലീസുകാര്‍ സ്ഥലത്തെത്തിയത്. പ്രതിയില്‍ നിന്ന് ലഹരിവസ്തുക്കള്‍ കണ്ടെത്തുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് ഇയാള്‍ പോലീസുകാരെ ആക്രമിച്ചത്.
പ്രതിക്കായി പോലീസും നാട്ടുകാരും ഊര്‍ജ്ജിതമായ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ എസ്‌ഐയെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.

തുവ്വൂര്‍ സ്വദേശിയായ കെ പി നൗഷാദ് ദിവസങ്ങള്‍ക്ക് മുമ്പാണ് അരിക്കോട് എസ് ഐയായി ചാര്‍ജ്ജെടുത്തത്.

Related Articles