Section

malabari-logo-mobile

ലൈഫ് മിഷന്‍ പദ്ധതി മൂന്നാം ഘട്ടത്തിലേക്ക്; 2020 ഒക്ടോബറില്‍ 85 ഭവന സമുച്ചയങ്ങള്‍ പൂര്‍ത്തിയാകും

HIGHLIGHTS : തിരുവനന്തപുരം: ലൈഫ് മിഷന്‍ പദ്ധതിയില്‍ 2020 ഒക്ടോബറോടെ 85 ഭവന സമുച്ചയങ്ങള്‍ പൂര്‍ത്തിയാകും. ഇതില്‍ ആദ്യത്തേത് ഇടുക്കി അടിമാലിയില്‍ ഗുണഭോക്താക്കള്‍ക...

തിരുവനന്തപുരം: ലൈഫ് മിഷന്‍ പദ്ധതിയില്‍ 2020 ഒക്ടോബറോടെ 85 ഭവന സമുച്ചയങ്ങള്‍ പൂര്‍ത്തിയാകും. ഇതില്‍ ആദ്യത്തേത് ഇടുക്കി അടിമാലിയില്‍ ഗുണഭോക്താക്കള്‍ക്ക് കൈറാമിയിട്ടുണ്ട്. ലൈഫ് മിഷന്‍ മൂന്നാം ഘട്ടത്തില്‍ പൈലറ്റ് അടിസ്ഥാനത്തില്‍ നിര്‍മിക്കുന്ന 14 ഭവനസമുച്ചയങ്ങള്‍ ഉള്‍പ്പെടെ 70 എണ്ണത്തിന് ഭരണാനുമതി ലഭിച്ചിട്ടുണ്ട്. ഇതിന് പുറമെ രണ്ട് സുനാമി ഫ്ളാറ്റുകള്‍ക്കും അനുമതിയായി. ഭൂമിയും വീടും ഇല്ലാത്തവര്‍ക്കാണ് ഫ്ളാറ്റുകള്‍ നിര്‍മിച്ചുനല്‍കുന്നത്.  സഹകരണ വകുപ്പിന്റെ കെയര്‍ഹോം പദ്ധതിയിലൂടെ 14 ഭവനസമുച്ചയങ്ങള്‍ നിര്‍മിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഇവ നിര്‍മിക്കുന്നതിനുള്ള സ്ഥലത്തിന്റെ പരിശോധന നടക്കുകയാണ്. ലൈഫ് മിഷന്‍ ഭവനസമുച്ചയങ്ങളുടെ നിര്‍മാണത്തിനുള്ള പ്രോജക്ട് കണ്‍സള്‍ട്ടന്‍സികളെ തിരഞ്ഞെടുത്തിട്ടുണ്ട്.

സാങ്കേതിക കമ്മിറ്റി അടുത്തയാഴ്ച ചേരും. ഇതിനു ശേഷം ടെണ്ടര്‍ നടപടി ആരംഭിക്കുമെന്ന് ലൈഫ് മിഷന്‍ സി. ഇ. ഒ യു. വി. ജോസ് പറഞ്ഞു. ഭവന സമുച്ചയങ്ങള്‍ നിര്‍മിക്കാന്‍ ബഡ്ജറ്റില്‍ 355 കോടി രൂപ അനുവദിച്ചിട്ടുണ്ട്. പൈലറ്റ് അടിസ്ഥാനത്തില്‍ നിര്‍മിക്കുന്ന 14 എണ്ണത്തിന്റേയും കെയര്‍ഹോം പദ്ധതിയിലെ 14ന്റേയും നിര്‍മാണം ഈ സാമ്പത്തിക വര്‍ഷം തന്നെ പൂര്‍ത്തിയാക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. 56 ഭവനസമുച്ചയങ്ങളുടെ ടെണ്ടര്‍ നടപടികള്‍ ഈ വര്‍ഷം തന്നെ പൂര്‍ത്തിയാക്കും.

sameeksha-malabarinews

ഇടുക്കി അടിമാലി മച്ചിപ്ലാവ് എന്ന സ്ഥലത്താണ് പൂര്‍ത്തിയായ ഭവനസമുച്ചയമുള്ളത്. 217 കുടുംബങ്ങളാണ് ഇവിടെയുള്ളത്. ഏഴു നിലകളുള്ള കെട്ടിടത്തില്‍ ഓരോ യൂണിറ്റിലും 460 ചതുരശ്രഅടിയിലായി രണ്ട് കിടപ്പുമുറികള്‍, അടുക്കള, ഹാള്‍ എന്നിവയുണ്ട്. ലിഫ്റ്റ്, മാലിന്യസംസ്‌കരണത്തിന് എയ്റോബിക് കമ്പോസ്റ്റ് യൂണിറ്റ്, ആരോഗ്യ ഉപകേന്ദ്രം, അംഗന്‍വാടി, ലൈബ്രറി, തൊഴില്‍ പരിശീലന കേന്ദ്രം, കളിസ്ഥലം, കുട്ടികള്‍ക്ക് പഠിക്കുന്നതിനുള്ള പ്രത്യേക ഇടം എന്നിവയും സമുച്ചയത്തിന്റെ ഭാഗമായുണ്ട്. ഇവിടത്തെ താമസക്കാര്‍ക്ക് സ്വയംതൊഴില്‍ പദ്ധതികളും ഉടന്‍ ആരംഭിക്കും.

ലൈഫ് മിഷന്‍ 2017ല്‍ നടത്തിയ സര്‍വേ പ്രകാരം ഭൂമിയും വീടുമില്ലാത്ത 337416 പേരാണ് കേരളത്തിലുള്ളത്. അര്‍ഹരായവരെ കണ്ടെത്തുന്നതിനുള്ള രേഖ പരിശോധനയ്ക്കുള്ള സോഫ്റ്റ്വെയര്‍ ആഗസ്റ്റില്‍ പഞ്ചായത്തുകളിലെത്തും. പണി തുടങ്ങിയ ശേഷം പൂര്‍ത്തീകരിക്കാത്ത 54363 വീടുകളില്‍ 51302 വീടുകളുടെ നിര്‍മാണം ആദ്യ ഘട്ടത്തില്‍ പൂര്‍ത്തിയായി. ബാക്കിയുള്ളവയുടെ പണി പുരോഗമിക്കുന്നു. കേരളത്തിലെ ഭവനരഹിതരായ 98415 പേരില്‍ 86706 പേരുടെ വീട് നിര്‍മാണം രണ്ടാം ഘട്ടത്തില്‍ ആരംഭിച്ചിരുന്നു. ഇതില്‍ 23,608 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയായി. കഴിഞ്ഞയാഴ്ച ഇവര്‍ക്കുള്ള നാലാം ഗഡു വായ്പ വിതരണം ചെയ്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!