സൗരോര്‍ജ്ജത്തിന്റെ സാധ്യത വിദ്യാര്‍ഥികള്‍ മനസിലാക്കണം;മന്ത്രി എം.എം. മണി

തിരുവനന്തപുരം: സൗരോര്‍ജ്ജത്തിന്റെ സാധ്യതകളും പ്രാധാന്യവും വിദ്യാര്‍ഥികള്‍ മനസിലാക്കിയിരിക്കണമെന്ന് വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണി അഭിപ്രായപ്പെട്ടു. ഗാന്ധിജിയുടെ 150-ാം ജന്‍മവാര്‍ഷികത്തോടനുബന്ധിച്ച് ഊര്‍ജ്ജവകുപ്പും അനര്‍ട്ടും സംഘടിപ്പിച്ച പെയിന്റിംഗ് മത്സരങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം എസ്.എം.വി ഗവ: എച്ച്.എസ്.എസില്‍ നിര്‍വഹിച്ചുസംസാരിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തില്‍ ഊര്‍ജ്ജമില്ലാതെ ജീവിക്കാനാവില്ല. സാമൂഹ്യവളര്‍ച്ചയുടെ എല്ലാ രംഗത്തും ഊര്‍ജ്ജം ആവശ്യമാണ്. അതുകൊണ്ടുതന്നെ സൗരോര്‍ജ്ജരംഗത്ത് ഇനി മുന്നേറ്റം നടത്താനാകണം.
ഗാന്ധിജിയുടെ പല ആശയങ്ങളോടും നിലപാടുകളോടും യോജിക്കുന്ന വ്യക്തിയാണ് താനെന്ന് മന്ത്രി പറഞ്ഞു. സര്‍വ മത ഐക്യത്തിന് വേണ്ടി നിലകൊണ്ട വ്യക്തിയാണ് ഗാന്ധിജിയെന്നും അദ്ദേഹം അനുസ്മരിച്ചു. അനര്‍ട്ട് ടെക്‌നിക്കല്‍ ഡയറക്ടര്‍ വല്‍സരാജ് അധ്യക്ഷത വഹിച്ചു. അനര്‍ട്ട് ജനറല്‍ മാനേജര്‍ പി. ചന്ദ്രശേഖരന്‍, ഫിനാന്‍സ് മാനേജര്‍ മുഹമ്മദ് ഹാരിസ്, എസ്.എം.വി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വി. വസന്തകുമാരി, ഹെഡ്മാസ്റ്റര്‍ ഒ.എം. സലില്‍ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Articles