തിരുച്ചിറപ്പള്ളിയില്‍ ജ്വല്ലറിയില്‍ കോടികളുടെ മോഷണം നടത്തിയ ജാര്‍ഖണ്ഡ് സ്വദേശികള്‍ പിടിയില്‍

ചെന്നൈ: തമിഴ് നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ ജ്വല്ലറിയുടെ ഭിത്തി തുരന്ന് മോഷണം നടത്തിയ അഞ്ച് ജാര്‍ഖണ്ഡ് സ്വദേശികള്‍ പിടിയില്‍. കോയമ്പത്തൂരില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. തിരുച്ചിറപ്പള്ളിയിലെ ലളിതാ ജ്വല്ലറിയിലാണ് കവര്‍ച്ച നടത്തിയത്. ഇവിടെ നിന്ന് ഏകദേശം പതിമൂന്ന് കോടിയോളം രൂപയുടെ സ്വര്‍ണാഭരങ്ങളും വജ്രാഭരണങ്ങളുമാണ് മോഷണം പോയത്.

ബുധനാഴ്ച പുലര്‍ച്ചെയാണ് ദേശീയപാതയ്ക്ക് സമീപം ചൈത്രം ബസ് സ്റ്റാന്‍ഡിന് സമീപമുള്ള ലളിതാ ജ്വല്ലറിയില്‍ കവര്‍ച്ച നടന്നത്. മുഖം മൂടി അണിഞ്ഞാണ് മോഷ്ടാക്കള്‍ അകത്ത് കടന്നതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. കവര്‍ച്ച നടത്തിയ സംഘം ജ്വല്ലറിയിലാകെ മുളക് പൊടി വിതറിയിരുന്നു. തുടര്‍ന്ന് തമിഴ്‌നാട് മധ്യമേഖല ഐജി വരദരാജുവിന്റെ നേതൃത്വത്തില്‍ പോലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു.

സമീപത്തെ പഞ്ചാബ് നാഷണല്‍ ബാങ്കിലും സമാനമായ രീതിയില്‍ കവര്‍ച്ച നടന്നിരുന്നു. ഇതിലും പോലീസ് അന്വേഷണം നടത്തിവരികയാണ്. ഇതിനുപുറമെ ചില വീടുകളിലും സമാനമായ രീതിയില്‍ മോഷണം നടന്നിരുന്നു.

മോഷണ സംഘങ്ങള്‍ പുലര്‍ച്ചെ നഗരങ്ങളില്‍ കവര്‍ച്ച നടത്തി ഉടനെ ട്രെയിന്‍മാര്‍ഗം ഗ്രമങ്ങളിലേക്ക് കടക്കുന്ന രീതിയിലാണെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു.

Related Articles