അഴിമതിരഹിതവും കാര്യക്ഷമവുമായ ഭരണ സംവിധാനത്തിന് ലോകായുക്ത കരുത്ത് നല്‍കുന്നു: മുഖ്യമന്ത്രി

അഴിമതിരഹിതവും കാര്യക്ഷമവുമായ ഭരണ സംവിധാനത്തിന് ലോകായുക്ത കരുത്ത് പകരുന്നുവെന്ന് മുഖ്യമന്ത്രി പിറണായി വിജയന്‍. നിയമസഭാ ബാങ്ക്വറ്റ് ഹാളില്‍ നടന്ന ലോകായുക്ത ദിനാചരണ ചടങ്ങ് വീഡിയോ കോണ്‍ഫറന്‍സിലൂടെ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി. വിജിലന്‍സ് സംവിധാനങ്ങളെ ശക്തിപ്പെടുത്തുകയും അഴിമതിക്കാര്‍ക്കെതിരായി വിട്ടുവീഴ്ചയില്ലാതെ നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഗതിവേഗം നല്‍കാന്‍ ലോകായുക്തയ്ക്ക് കഴിഞ്ഞിട്ടുണ്ട്. കോട്ടയം, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ പ്രത്യേക ക്യാമ്പ് സിറ്റിംഗുകള്‍ നടത്തിക്കൊണ്ട് കാര്യക്ഷമമായി തന്നെ ലോകായുക്ത ഇടപെടുന്നുണ്ട്.

25 വര്‍ഷംമുമ്പ് കേരളത്തില്‍ ലോകായുക്ത യാഥാര്‍ത്ഥ്യമാക്കിയത് അന്നത്തെ എല്‍ ഡി എഫ് സര്‍ക്കാരായിരുന്നു. കാല്‍നൂറ്റാണ്ടു കാലത്തെ പ്രവര്‍ത്തനഫലമായി പൊതുജനങ്ങളുടെ വിശ്വാസം ആര്‍ജ്ജിക്കാന്‍ ലോകായുക്തയ്ക്ക് കഴിഞ്ഞിട്ടുണ്ട്. കൂടുതല്‍ കരുത്തോടെ മുന്നോട്ടു പോകാന്‍ കഴിയുന്ന ചര്‍ച്ചകളാല്‍ സമ്പന്നമാകണം ദിനാചരണമെന്നു മുഖ്യമന്ത്രി പറഞ്ഞു.

ലോകായുക്തയെ ശക്തിപ്പെടുത്തുന്ന ഇടപെടലുകളാണ് സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവുന്നത്. ലോകായുക്തയുടെ നിര്‍ദ്ദേശങ്ങള്‍ 90 ദിവസത്തിനുള്ളില്‍ നടപ്പാക്കുന്നതിനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നു. ലോകായുക്തയെ ശക്തിപ്പെടുത്താനായി ഉപലോകായുക്തകളെ നിയമിക്കുന്ന കാര്യത്തിലടക്കം അനുകൂലമായ തീരുമാനങ്ങള്‍ ഉണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ലോകായുക്തയില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസത്തിന്റെ ഫലമായാണ് അവര്‍ ലോകായുക്തയെ സമീപിക്കുന്നത്. ലോകായുക്തയില്‍ ഫയല്‍ ചെയ്യപ്പെടുന്ന 97 ശതമാനം കേസുകളും സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ സമര്‍പ്പിക്കുന്നതാണ്. പാവപ്പെട്ടവര്‍ക്കും സാധാരണക്കാര്‍ക്കും ഏറെ ആശ്വാസം പകരേണ്ട സംവിധാനമാണ് ലോകായുക്ത എന്നത് ഇതില്‍ നിന്നും വ്യക്തമാണെന്നും അതിനുള്ള എല്ലാ പിന്തുണയും സര്‍ക്കാര്‍ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

‘ജസ്റ്റിസ് ഡിലേയ്ഡ് ഈസ് ജസ്റ്റിസ് ഡിനൈഡ്’ എന്നാണല്ലോ പറയുക. ഇന്ത്യയിലാകമാനമുള്ള കോടതികളില്‍ 51 മില്യണ്‍ കേസുകള്‍ തീര്‍പ്പാക്കാതെ അവശേഷിക്കുന്നുണ്ട് എന്നാണ് കണക്കുകള്‍ പറയുന്നത്. അവയില്‍ രണ്ടു ലക്ഷത്തോളം കേസുകള്‍ക്ക് 30 വര്‍ഷത്തിലേറെ പഴക്കമുണ്ട്. മതിയായ പ്രവര്‍ത്തന സംവിധാനങ്ങള്‍ ഇല്ലാത്തതുകൊണ്ടാണ് ഇതു സംഭവിക്കുന്നത് എന്നാണ് നീതിനിര്‍വ്വഹണവുമായി ബന്ധപ്പെട്ടവര്‍ വ്യക്തമാക്കുന്നത്.

കേസുകള്‍ ഫയല്‍ ചെയ്യുന്നവരില്‍ ഭൂരിഭാഗം പേര്‍ക്കും കൃത്യസമയത്ത് നീതി കിട്ടുന്നില്ല എന്നത് പെന്‍ഡന്‍സിയുമായി ബന്ധപ്പെട്ട കണക്കുകളില്‍ നിന്നു വ്യക്തമാണ്. ഇതിനു പരിഹാരം കാണാന്‍ കഴിയുന്നത് എങ്ങനെയാണ് എന്നതിനെക്കുറിച്ച് ആത്മാര്‍ത്ഥമായി നാം ഓരോരുത്തരും ചിന്തിക്കേണ്ടതുണ്ട്. ലോകായുക്തയുമായി ബന്ധപ്പെട്ട കേസുകളില്‍ കാലതാമസം ഉണ്ടാകുന്നില്ല എന്നുറപ്പുവരുത്താന്‍ ഈ ദിനാചരണവും അതുമായി ബന്ധപ്പെട്ട പരിപാടികളും ഉപകരിക്കണം.

1966 ലെ ഭരണപരിഷ്‌കാര കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നമ്മുടെ രാജ്യത്ത് ലോകായുക്തകള്‍ രൂപീകരിക്കപ്പെടുന്നത്. അഴിമതി ഇല്ലാതാക്കുന്നതിനെക്കുറിച്ച് ആറു പതിറ്റാണ്ടോളം മുമ്പുതന്നെ നമ്മുടെ രാജ്യം ഗൗരവതരമായി ചിന്തിച്ചിട്ടുണ്ട്. പണം കൊടുത്ത് കാര്യം നടത്തിക്കുക എന്നതിനേക്കാള്‍ ഉപരിയായ പല മാനങ്ങളും ഇന്ന് അഴിമതിക്കു കൈവരികയുമാണ്. അഴിമതിയുമായി ബന്ധപ്പെട്ട അത്തരം പുതിയ പ്രവണതകളെ കൂടി തിരിച്ചറിഞ്ഞ് മുന്നോട്ടു പോകാന്‍ നമുക്കു കഴിയണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ദശാബ്ദങ്ങള്‍ക്കു മുമ്പ് അഴിമതിയെക്കുറിച്ച് ഉണ്ടായ നിര്‍വചനം ഇക്കാലത്തും പ്രസക്ത മാണോ എന്നത് ചിന്തിക്കണം. മുന്‍കാലത്ത് ചിട്ടപ്പെടുത്തിയത് മാത്രമല്ല ഇന്ന് അഴിമതിയുടെ ഗണത്തില്‍പ്പെടുന്നത് എന്നതിനാല്‍ പരിഷ്‌ക്കരണങ്ങള്‍ വേണ്ട മേഖലകളടക്കം കാലികപ്രസക്തവും ഫലപ്രദവുമായ നിര്‍ദ്ദേശങ്ങള്‍ കൂടി ലോകായുക്തയെ പോലെയുള്ള ഒരു സംവിധാനത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കേരളത്തിലെ ലോകായുക്ത സംവിധാനം കാര്യക്ഷമമായി പ്രവര്‍ത്തിച്ചു വരുമ്പോഴും അതിനെതിരെ ചില കാമ്പില്ലാത്ത വിമര്‍ശനങ്ങള്‍ ഉയര്‍ത്തപ്പെടുന്നത് കാണാം. രണ്ടു വര്‍ഷംമുമ്പ് ലോകായുക്ത നിയമ ഭേദഗതി ബില്‍ സംസ്ഥാനം പാസ്സാക്കിയപ്പോഴും അത്തരത്തിലുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നു വന്നിരുന്നു. ഭരണഘടനയുടെ 164-ാം അനുച്ഛേദത്തിനു വിപരീതമായ ചില വ്യവസ്ഥകള്‍ ലോകായുക്ത നിയമത്തില്‍ ഉണ്ടായിരുന്നതു കൊണ്ടാണ് അന്ന് നാം ആ ഭേദഗതിക്ക് മുതിര്‍ന്നത്. കേരളം അത്തരത്തില്‍ ഭേദഗതി വരുത്തിയ ആദ്യത്തെ സംസ്ഥാനമായിരുന്നില്ല. എന്നാല്‍ ഇതിനെ ഉയര്‍ത്തിക്കാട്ടി ലോകായുക്തയെ തന്നെ ഇകഴ്ത്തി കാണിക്കാനുള്ള ശ്രമങ്ങളുണ്ടായി.

എന്നാല്‍ അതൊന്നും പൊതുജനങ്ങളുടെ ഇടയില്‍ വിലപ്പോയില്ല എന്നാണ് ലോകായുക്തയെ ആശ്രയിക്കുന്നവരുടെ എണ്ണത്തിലുണ്ടായിരിക്കുന്ന വര്‍ദ്ധനവ് കാണിക്കുന്നത്. ആ വിശ്വാസ്യത കാത്തുസൂക്ഷിച്ച് മുന്നോട്ടു പോകാന്‍ ലോകായുക്തയ്ക്ക് കഴിയുമെന്ന പ്രതീക്ഷയോടെ ലോകായുക്ത ദിനാചരണത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

ലോകായുക്ത ജസ്റ്റിസ് എന്‍ അനില്‍ കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ നിയമ വകുപ്പ് മന്ത്രി പി രാജീവ് മുഖ്യപ്രഭാഷണം നടത്തി. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഓണ്‍ലൈനായി പങ്കെടുത്തു. അഡ്വക്കറ്റ് ജനറല്‍ കെ ഗോപാലകൃഷ്ണ കുറുപ്പ്, ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ടി എ ഷാജി, കേരള ലോകായുക്ത അഡ്വക്കറ്റ്‌സ് ഫോറം അഡ്വ.എന്‍ എസ് ലാല്‍, ട്രിവാന്‍ഡ്രം ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ.എസ് എസ് ബാലു തുടങ്ങിയവര്‍ സംസാരിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top