Section

malabari-logo-mobile

കേരളത്തിലെ വോട്ടിംഗ് ശതമാനം കൂടുമെന്ന് പ്രതീക്ഷ: ഗവര്‍ണര്‍

HIGHLIGHTS : തിരുവനന്തപുരം: വിപുലമായ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുന്നതിലൂടെ കേരളത്തിലെ വോട്ടിംഗ് ശതമാനം വര്‍ദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഗവര്‍ണര്...

തിരുവനന്തപുരം: വിപുലമായ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കുന്നതിലൂടെ കേരളത്തിലെ വോട്ടിംഗ് ശതമാനം വര്‍ദ്ധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഗവര്‍ണര്‍ പി. സദാശിവം പറഞ്ഞു. വോട്ടര്‍ ബോധവത്കരണ പരിപാടിയായ സ്വീപിന്റെ ഭാഗമായി ചീഫ് ഇലക്ടറല്‍ ഓഫീസര്‍ പുറത്തിറക്കിയ തെരഞ്ഞെടുപ്പ് ഗീതത്തിന്റെ വീഡിയോ സി ഡി പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ തവണ 74.02 ആയിരുന്നു വോട്ടിംഗ് ശതമാനം. ഇത് 90 ശതമാനമാക്കാനാണ് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ശ്രമിക്കുന്നതെന്ന് ഗവര്‍ണര്‍ പറഞ്ഞു.

സമ്മതിദാനാവകാശം വിനിയോഗിക്കുന്നതില്‍ കേരളത്തിലെ പുരുഷന്‍മാരേക്കാള്‍ സ്ത്രീകളാണ് മുന്നിലെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. തെരഞ്ഞെടുപ്പില്‍ ഹരിത ചട്ടം പാലിക്കാനായി നടത്തുന്ന നടപടികള്‍ അഭിനന്ദനീയമാണ്. വിവിപാറ്റ് മെഷീനുകള്‍ കേരളത്തിലെ എല്ലാ പോളിംഗ് ബൂത്തുകളിലും ഉപയോഗിക്കുന്നു എന്ന പ്രത്യേകതയും ഇത്തവണത്തെ തെരഞ്ഞെടുപ്പിനുണ്ട്.

sameeksha-malabarinews

വോട്ടു ചെയ്യുക എന്നത് പൗരന്റെ കടമയാണ്. സമ്മതിദാനാവകാശം വിനിയോഗിച്ച് എല്ലാവരും തെരഞ്ഞെടുപ്പിന്റെ ഭാഗമാവണം. മനോഹരമായ തെരഞ്ഞെടുപ്പ് ഗാനമാണ് ചീഫ് ഇലക്ടറല്‍ ഓഫീസറുടെ നേതൃത്വത്തില്‍ തയ്യാറാക്കിയിരിക്കുന്നത്. വോട്ടര്‍മാര്‍ക്ക് മികച്ച സന്ദേശമാണ് ഇതിലൂടെ നല്‍കുന്നത്. ഈ ഗാനം മറ്റു സംസ്ഥാനങ്ങള്‍ക്കും അയച്ചുനല്‍കണം. രാജ്ഭവനിലെ ഓഡിറ്റോറിയത്തില്‍ എല്ലാ ജീവനക്കാര്‍ക്കുമായി ഗാനം അടുത്ത ദിവസം തന്നെ കാണിക്കുമെന്ന് ഗവര്‍ണര്‍ പറഞ്ഞു. ജനാധിപത്യത്തിന്റെ ലോകത്തിലെ തന്നെ ഏറ്റവും വലിയ ഉത്സവമാണ് ഇന്ത്യന്‍ തെരഞ്ഞെടുപ്പെന്നും അദ്ദേഹം പറഞ്ഞു.

ഹരിതചട്ടം പാലിച്ച് തെരഞ്ഞെടുപ്പ് നടത്താനുള്ള പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായി നടക്കുന്നുണ്ടെന്ന് അധ്യക്ഷത വഹിച്ച ചീഫ് ഇലക്ടറല്‍ ഓഫീസര്‍ ടിക്കാറാം മീണ പറഞ്ഞു. ആറു ലക്ഷം ഫ്ളക്സ് ബോര്‍ഡുകള്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ ഇതുവരെ എടുത്തുമാറ്റി. കേരളത്തില്‍ ആദ്യമെത്തിയ സമയത്ത് കണ്ട ഒരു വടക്കന്‍ വീരഗാഥ എന്ന സിനിമയിലെ ചന്ദനലേപ സുഗന്ധം എന്ന ഗാനം രചിച്ച ജയകുമാര്‍ സാറിനെക്കൊണ്ട് ഒരു പാട്ടെഴുതിക്കണമെന്ന ആഗ്രഹമാണ് തിരഞ്ഞെടുപ്പ് ഗാനത്തിലൂടെ സാധ്യമായതെന്ന് ടിക്കാറാം മീണ പറഞ്ഞു. തിരഞ്ഞെടുപ്പ് ഗാനത്തിന്റെ സി ഡി ജ്യോതിര്‍ഗമയ ഫൗണ്ടേഷന്‍ സ്ഥാപക ടിഫാനി ബ്രാറിന് നല്‍കിയാണ് ഗവര്‍ണര്‍ പ്രകാശനം ചെയ്തത്. സ്വീപിന്റെ ഭാഗമായി തയ്യാറാക്കിയ പോസ്റ്ററുകളും ഗവര്‍ണര്‍ പ്രകാശനം ചെയ്തു. ഗാനം രചിച്ച മുന്‍ ചീഫ് സെക്രട്ടറിയും ഐ. എം. ജി ഡയറക്ടറുമായ കെ. ജയകുമാര്‍, സംഗീത സംവിധായകന്‍ മാത്യു ടി. ഇട്ടി, ടിഫാനി ബ്രാര്‍ എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു. കേരളത്തിലെ തെരഞ്ഞെടുപ്പ് ഐക്കണുകളായി ഇ. ശ്രീധരന്‍, കെ. എസ്. ചിത്ര എന്നിവരെ പ്രഖ്യാപിച്ചു. ജോ. സി. ഇ. ഒ ജീവന്‍ ബാബു, അഡീഷണല്‍ സി. ഇ. ഒ സുരേന്ദ്രന്‍ പിള്ള എന്നിവരും സന്നിഹിതരായിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!