Section

malabari-logo-mobile

പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ അയല്‍വാസിയുടെ വാഹനത്തില്‍ സാധനം വാങ്ങാന്‍ വിട്ട മാതാവിനെതിരെ കേസ്

HIGHLIGHTS : കര്‍ശന നടപടിയുമായി തിരൂരങ്ങാടി പോലീസ്

തിരൂരങ്ങാടി: പ്രായപൂര്‍ത്തിയാവാത്ത മകനെ അയല്‍വാസിയുടെ വാഹനവുമായി വീട്ടു സാധനങ്ങള്‍ വാങ്ങാന്‍ വിട്ട മാതാവിനെതിരെ കേസ്. ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ചുമതലയുമായി ബന്ധപ്പെട്ട് ചെമ്മാട് -പരപ്പനങ്ങാടി റോഡില്‍ തൃക്കുളം ക്ഷേത്രത്തിനു സമീപം കഴിഞ്ഞ ദിവസം വൈകുന്നേരം 5-30 ഓടെ തിരൂരങ്ങാടി എസ്‌ഐ പി എം രതീഷിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം വാഹന പരിശോധന നടത്തുന്നതിനിടെ അതിവേഗതയില്‍ വന്ന ഇരുചക്ര വാഹനം തടഞ്ഞു നിര്‍ത്തുകയായിരുന്നു.

വാഹനം ഓടിച്ചിരുന്നത് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയായിരുന്നു. ഹെല്‍മറ്റ് ധരിച്ചിട്ടില്ല .പ്രായപൂര്‍ത്തിയായിട്ടില്ല എന്ന നിഗമനത്തില്‍ അന്വേഷിച്ചപ്പോള്‍ 16 വയസുള്ള കുട്ടിയാണെന്നും വീട്ടു സാധനങ്ങള്‍ വാങ്ങാന്‍ മാതാവ് പറഞ്ഞു വിട്ടതാണെന്നും വാഹനം അയല്‍വാസിയുടേതുമാണെന്നും കുട്ടി പറഞ്ഞു . ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ആയതിനാല്‍ കടകള്‍ രണ്ട് മണിക്ക് അടച്ചതറിയാതെ പയ്യന്‍ കടയന്വേഷിച്ച് പലയിടത്തും കറങ്ങുകയാണെന്നു മനസിലായി. തുടര്‍ന്ന് കുട്ടിയുമായി വീട്ടിലെത്തി കാര്യം പറഞ്ഞപ്പോള്‍ മാതാവിന് നിസ്സംഗഭാവം. അവന്‍ ദൂരെയൊന്നും അല്ലല്ലോ പോയതെന്നും അവന്‍ മുന്‍പും പോയിട്ടുണ്ടെന്നും കുഴപ്പമൊന്നുമുണ്ടായിട്ടില്ലെന്നുമായിരുന്നു മാതാവിന്റെ പക്ഷം. കുട്ടിയുടെ പിതാവ് വിദേശത്താണ്. തുടര്‍ന്ന് വാഹനം കസ്റ്റഡിയിലെടുക്കുകയും ചെമ്മാട് സ്വദേശിനിയായ മാതാവിനെതിരെ മോട്ടോര്‍ വാഹന വകുപ്പിലെ പുതിയ ഭേദഗതി പ്രകാരമുള്ള വകുപ്പു പ്രകാരം കേസെടുക്കുകയും ചെയ്തു. മൂന്നു വര്‍ഷം തടവും 25000 രൂപ പിഴയും ലഭിക്കാവുന്ന വകുപ്പാണ് ചുമത്തിയിരിക്കുന്നത് .

sameeksha-malabarinews

ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ സമയത്ത് മാതാപിതാക്കള്‍ ഇത്തരത്തില്‍ അലംഭാവം കാട്ടുന്നത് നിരാശാജനകമാണ് തിരൂരങ്ങാടി എസ്‌ഐ പി എം രതീഷ് പറഞ്ഞു. ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്നതിനാല്‍ മീന്‍ പിടിക്കാന്‍ വേണ്ടി പുറത്തിറങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും കുട്ടികള്‍ പുറത്തിറങ്ങുന്നത് ഒഴിവാക്കാന്‍ രക്ഷിതാക്കള്‍ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!