തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം: ഇക്കാര്യങ്ങള്‍ക്ക് അനുമതി വേണ്ട

local-election

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരെഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് നടപ്പിലാക്കാവുന്ന നടപടികള്‍ സംബന്ധിച്ച മാര്‍ഗ നിര്‍ദേശമായി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍, ശുചീകരണ പ്രവൃത്തികള്‍ കൂടാതെ കോടതി ഉത്തരവ് പ്രകാരം നടത്തുന്ന നിയമനമുള്‍പ്പടെ നടപടികള്‍ തുടങ്ങിയവയാണ് പ്രത്യേകമായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുമതിയോ അംഗീകാരമോ തേടാതെ തന്നെ നടപ്പിലാക്കാവുന്നവ. ആവശ്യമെങ്കില്‍ കോളജ് യൂണിയനുകളിലേക്കുള്ള തെരഞ്ഞെടുപ്പുള്‍പ്പടെ ഇക്കാലയളവില്‍ നടത്താമെന്നതാണ് കമീഷന്‍ നിര്‍ദേശത്തിലുള്ളത്.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ അനധികൃത നിര്‍മാണം പൊളിച്ചുമാറ്റുന്നതുള്‍പ്പടെ പ്രവൃത്തികളുമായി സര്‍ക്കാരിനോ തദ്ദേശ സ്ഥാപനങ്ങള്‍ക്കോ മുന്നോട്ട് പോകാം. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടല്ലാതെ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥന്റെ കാലാവധി നീട്ടി നല്‍കല്‍, കോടതി നിര്‍ദ്ദേശമുണ്ടെങ്കില്‍ ചട്ടപ്രകാരമുള്ള ആശ്രിതനിയമനം നടത്തല്‍, ഒരു ഉദ്യോഗസ്ഥന് മറ്റൊരു ഉദ്യോഗസ്ഥന്റെ അധിക ചുമതല നല്‍കല്‍ എന്നിവയും നടത്താം. സര്‍ക്കാര്‍ ജീവനക്കാരുടെ വിരമിക്കല്‍, ഡെപ്യൂട്ടേഷന്‍ എന്നിവ മൂലം ഉണ്ടായ ഒഴിവുകള്‍ നികത്തുന്നതിന് ഡിപ്പാര്‍ട്ട്‌മെന്റ് പ്രൊമോഷന്‍ കമ്മിറ്റി യോഗം ചേരുന്നതിനും പ്രത്യേകം അനുമതിയുടെ ആവശ്യമില്ല. കോടതി ഉത്തരവ് പ്രകാരമുള്ള തടവുപുള്ളികളുടെ ജയില്‍മാറ്റവും ഇക്കാലയളവില്‍ നടത്താം.

പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്ന സാഹചര്യത്തിലും ഡോക്ടര്‍മാരെയും പാരാമെഡിക്കല്‍ ജീവനക്കാരെയും നിയമിക്കുന്നതിനോ സ്ഥലംമാറ്റുന്നതിനോ തടസങ്ങളുണ്ടാകില്ല. നേരത്തെ അനുവദിച്ചിട്ടുള്ള ഗ്രാന്‍ഡ് ഉപയോഗിച്ചും നേരത്തെ ക്ഷണിച്ച ടെന്‍ഡര്‍ പ്രകാരവും ആശുപത്രി ഉപകരണങ്ങള്‍ മരുന്ന് എന്നിവ വാങ്ങാം. വരള്‍ച്ച, വെള്ളപ്പൊക്കം, കോവിഡ് പോലുള്ള അടിയന്തര സാഹചര്യം നേരിടുന്നതിനായി ദേശീയ പ്രകൃതി ദുരന്ത ഫണ്ടില്‍ നിന്ന് സാമ്പത്തിക സഹായം തേടുന്നതിനോ ഇതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കായി ഉദ്യോഗസ്ഥതല സംഘത്തെ നിയോഗിക്കുന്നതിനോ സര്‍ക്കാര്‍, തദ്ദേശ സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് തടസങ്ങളില്ല.

പോളിയോ, എയ്ഡ്‌സ് പോലുള്ള ബോധവത്ക്കരണ പരസ്യങ്ങള്‍, തൊഴില്‍ നിയമങ്ങളെക്കുറിച്ചുള്ള ബോധവല്‍ക്കരണ പരസ്യങ്ങള്‍ എന്നിവയും നടത്താം. സര്‍ക്കാരിന്റെയോ തദ്ദേശ സ്ഥാപനങ്ങളുടെയോ നിയന്ത്രണത്തിലുള്ള പൊതു സ്ഥാപനങ്ങളുടെ അറ്റകുറ്റപ്പണി നടത്തല്‍, കേടായ ജല വിതരണ പൈപ്പുകളുടെ അറ്റകുറ്റപ്പണി നടത്തല്‍, ഓടകളില്‍ നിന്നും കുളങ്ങളില്‍ നിന്നുമുള്ള മണ്ണ് നീക്കം ചെയ്യല്‍, ശുചീകരണ/കൊതുക് നിയന്ത്രണ പദ്ധതികളുടെ നടത്തിപ്പ് എന്നിവയും നടത്താവുന്നതാണ്. ശൗചാലയം പോലെയുള്ള പൊതു സൗകര്യങ്ങള്‍ക്ക് കോടതി നിര്‍ദ്ദേശം ഉണ്ടെങ്കില്‍ ബി ഒ ടി വ്യവസ്ഥ പ്രകാരം നിര്‍മാണ അനുമതി നല്‍കുന്നതിനും തടസങ്ങളില്ല.

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •