തദ്ദേശവാര്‍ഡ്‌ വിഭജനം: ഡീലിമിറ്റേഷന്‍ കമ്മീഷന്‍ ഹിയറിങ് ഫെബ്രുവരി 5, 6 ന്, 2840 പരാതികൾ പരിഗണിക്കും

HIGHLIGHTS : Local body ward division: Delimitation Commission hearing on February 5th and 6th, 2840 complaints will be considered

മലപ്പുറം ജില്ലയിലെ ഗ്രാമപഞ്ചായത്ത്, നഗരസഭകളിലെ കരട് വാര്‍ഡ് വിഭജന നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ച പരാതികളില്‍ ഡീലിമിറ്റേഷന്‍ കമ്മീഷന്റെ ജില്ലാതല ഹിയറിങ് (നേര്‍വിചാരണ) ഫെബ്രുവരി 5, 6 തീയതികളില്‍ സിവില്‍ സ്റ്റേഷനിലെ ജില്ലാ പ്ലാനിംഗ് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാ കളക്ടര്‍ വി.ആര്‍. വിനോദ് അറിയിച്ചു.

സംസ്ഥാന ഡീലിമിറ്റേഷന്‍ കമ്മീഷന് നേരിട്ടും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ മുഖേനയും ആക്ഷേപങ്ങള്‍ സമര്‍പ്പിച്ച പരാതിക്കാരെ ഡീലിമിറ്റേഷന്‍ കമ്മീഷന്‍ നേരില്‍ കേള്‍ക്കും. കരട് വാര്‍ഡ്/നിയോജകമണ്ഡല വിഭജന നിര്‍ദ്ദേശങ്ങളിന്മേല്‍ നിശ്ചിത സമയ പരിധിക്ക് മുമ്പായി ആക്ഷേപങ്ങള്‍/ അഭിപ്രായങ്ങള്‍ സമര്‍പ്പിച്ചവരെ മാത്രമേ ഹിയറിങില്‍ പങ്കെടുക്കാന്‍ അനുവദിക്കുകയുള്ളു. മാസ് പെറ്റീഷന്‍ നല്‍കിയവരില്‍ നിന്നും ഒരു പ്രതിനിധിയെ മാത്രമേ ഹിയറിംഗില്‍ പങ്കെടുക്കാന്‍ അനുവദിക്കുകയുള്ളു. അപേക്ഷ സര്‍പ്പിച്ച സമയത്ത് നല്‍കിയ കൈപ്പറ്റ് രസീത്/ രസീത് നമ്പര്‍ ഹിയറിങിന് വരുന്നവരുടെ കൈവശം ഉണ്ടായിരിക്കണം. ശേഷം പരാതികള്‍ വിശദമായി പരിശോധിച്ച് കമ്മീഷന്‍ അന്തിമ വാര്‍ഡ് വിഭജന വിജ്ഞാപനം പുറപ്പെടുവിക്കും.

ആകെ 2840 പരാതികളാണ് ജില്ലയില്‍ നിന്ന് കമ്മീഷന്റെ പരിഗണനയിലുള്ളത്. ഫെബ്രുവരി 5 ന് രാവിലെ 9 മുതല്‍ കൊണ്ടോട്ടി, കുറ്റിപ്പുറം, മങ്കട ബ്ലോക്കുകളിലെ പഞ്ചായത്തുകളിലെയും കൊണ്ടോട്ടി നഗരസഭയിലെയും പരാതികള്‍ കേള്‍ക്കും. തിരൂര്‍ ബോക്കിലെ തിരുനാവായ, കാളികാവ് ബ്ലോക്കിലെ കരുളായി പഞ്ചായത്തുകളിലെയും പരാതികള്‍ ഈ സമയത്ത് പരിഗണിക്കും. രാവിലെ 11 ന് അരീക്കോട്, കാളികാവ് ബ്ലോക്കുകളിലെ പഞ്ചായത്തുകളിലെയും ഉച്ചയ്ക്ക് ശേഷം 2 ന് നിലമ്പൂര്‍, പെരുമ്പടപ്പ്, പൊന്നാനി, ബ്ലോക്കുകളിലുള്ള പഞ്ചായത്തുകളിലെയും നിലമ്പൂര്‍ , മഞ്ചേരി, കോട്ടക്കല്‍, വളാഞ്ചേരി, പൊന്നാനി നഗരസഭകളിലെയും പരാതികള്‍ കേള്‍ക്കും.

sameeksha-malabarinews

ഫെബ്രുവരി 6 ന് രാവിലെ 9 ന് മലപ്പുറം, താനൂര്‍ ബ്ലോക്കുകളിലെ പഞ്ചായത്തുകള്‍, മലപ്പൂറം, താനൂര്‍ നഗരസഭകള്‍, രാവിലെ 11 ന് പെരിന്തല്‍മണ്ണ, തിരൂര്‍ ബ്ലോക്കുകളിലെ പഞ്ചായത്തുകള്‍, പെരിന്തല്‍മണ്ണ, തിരൂര്‍ നഗരസഭകള്‍, ഉച്ചയ്ക്ക് ശേഷം 2 ന് തിരൂരങ്ങാടി, വേങ്ങര, വണ്ടൂര്‍ ബ്ലോക്കുകളിലെ പഞ്ചായത്തുകള്‍, തിരൂരങ്ങാടി, പരപ്പനങ്ങാടി നഗരസഭകള്‍ എന്നിവിടങ്ങളിലെ പരാതികളില്‍ ഹിയറിങ് നടക്കും.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!