
കൊച്ചി: ജനപ്രിയ സിനിമകളിലൂടെ മലയാളിയെ ചിരിപ്പിച്ച സംവിധായകന്‍ ഷാഫി അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. മൃതദേഹം പുലര്‍ച്ചയോടെ കൊച്ചിയിലെ വീട്ടില്‍ എത്തിക്കും. രാവിലെ 10 മുതല്‍ കലൂര്‍ മണപ്പാട്ടി പറമ്പിലെ ബാങ്ക് ഹോളില്‍ പൊതു ദര്‍ശനത്തിന് വയ്ക്കും. സംസ്‌കാരം വൈകിട്ട് നാല് മണിക്ക് കലൂര്‍ കറുകപ്പള്ളി ജുമ മസ്ജിദ് ഖബരിസ്ഥാനില്‍ നടക്കും. തലച്ചോറിലെ ശസ്ത്രക്രിയക്ക് ശേഷം കഴിഞ്ഞ 7 ദിവസമായി അതീവ ഗുരുതരാവസ്ഥയിലായിരുന്നു അദ്ദേഹം. ഉദരരോഗങ്ങളും അലട്ടിയിരുന്നു
1968 ഫെബ്രുവരിയില്‍ എറണാംകുളം പുല്ലേപ്പടിയിലെ കറുപ്പുനൂപ്പില്‍ തറവാട്ടിലാണ് റഷീദ് എം.എച്ച്. എന്ന ഷാഫിയുടെ ജനനം. പിതാവ് എം.പി.ഹംസ, മാതാവ് നബീസുമ്മ. സഹോദരന്‍ റാഫിയുടെയും അമ്മാവന്‍ സിദ്ദിഖിന്റെയും പാത പിന്തുടര്‍ന്ന് സിനിമയിലെത്തിയ ഷാഫിയും ചിരിയുടെ ട്രാക്കിലാണ് വിജയം കണ്ടത്. രാജസേനന്‍ സംവിധാനം ചെയ്ത ദില്ലിവാലാ രാജകുമാരന്‍ എന്ന സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടറായി സിനിമാ ജീവിതം തുടങ്ങിയ ഷാഫി, 2001 ല്‍ ജയറാം നായകനായ വണ്‍മാന്‍ ഷോ എന്ന സിനിമയിലൂടെ സ്വതന്ത്ര സംവിധായകനായി. പിന്നാലെയെത്തിയ കല്യാണരാമന്‍ മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായി.
മായാവി, തൊമ്മനും മക്കളും, പുലിവാല്‍ കല്യാണം, മേരിക്കുണ്ടൊരു കുഞ്ഞാട്, ചോക്ലേറ്റ്, മേക്കപ്പ് മാന്‍, ചട്ടമ്പിനാട്, ടു കണ്‍ട്രീസ് തുടങ്ങി ബോക്‌സസ് ഓഫിസില്‍ പണക്കിലുക്കവും പ്രേക്ഷകരില്‍ ചിരിക്കിലുക്കവും സൃഷ്ടിച്ച ചിത്രങ്ങളുടെ പരമ്പരയാണ് ഷാഫി സമ്മാനിച്ചത്. വിക്രം നായകനായ തമിഴ് ചിത്രം മജാ ഉള്‍പ്പെടെ 18 സിനിമകള്‍ സംവിധാനം ചെയ്തു. 2022-ല്‍ പുറത്തിറങ്ങിയ ആനന്ദം പരമാനന്ദം ആണ് അവസാന ചിത്രം. തിരക്കഥാകൃത്ത്, നിര്‍മാതാവ് എന്നി നിലകളിലും ശ്രദ്ധേയനായിരുന്നു.
ഭാര്യ: ഷാമില. മക്കള്‍: അലീമ, സല്‍മ.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു




