Section

malabari-logo-mobile

ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കുള്ള തുക 5 ലക്ഷം വരെയാക്കി വർധിപ്പിച്ചു

HIGHLIGHTS : The amount for gender reassignment surgery has been increased to Rs 5 lakh. 50 ലക്ഷം രൂപയുടെ ഭരണാനുമതി

തിരുവനന്തപുരം: ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് അനുവദിക്കുന്ന തുക വർധിപ്പിച്ച് ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ സാമൂഹ്യനീതി മന്ത്രി കെ.കെ. ശൈലജ ടീച്ചർ അറിയിച്ചു. ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന ട്രാൻസ്ജൻഡർ വ്യക്തികൾക്ക് അനുവദിച്ചിരുന്ന 2 ലക്ഷം രൂപയാണ് വർധിപ്പിച്ച് പരമാവധി 5 ലക്ഷം രൂപ വരെയാക്കിയത്. സ്ത്രീയിൽ നിന്നും പുരുഷനിലേക്ക് മാറുന്നതിനുള്ള ശസ്ത്രക്രിയ (ട്രാൻസ്മാൻ) വളരെ സങ്കീർണവും ചെലവേറിയതും ആയതിനാലും നിരവധി ശസ്ത്രക്രിയയിലൂടെ മാത്രമേ ഈ മാറ്റം സാധ്യമാകുകയുള്ളൂ എന്നതിനാലും ഇതിനായി പരമാവധി 5 ലക്ഷം രൂപ അനുവദിക്കും. പുരുഷനിൽ നിന്നും സ്ത്രീയിലേയ്ക്കുള്ള ശസ്ത്രക്രിയ (ട്രാൻസ് വുമൺ) താരതമ്യേന ചെലവ് കുറവായതിനാൽ പരമാവധി 2.50 ലക്ഷം രൂപ വരെയാണ് അനുവദിക്കുന്നത്. ഇതിനായി 50 ലക്ഷം രൂപയുടെ ഭരണാനുമതിയായതായി മന്ത്രി വ്യക്തമാക്കി.
സ്ത്രീയിൽ നിന്നും പുരുഷനാകുന്ന ശസ്ത്രക്രിയയ്ക്ക് വേണ്ടി 5 ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് പരമാവധി 5 ലക്ഷം വീതം 25 ലക്ഷം രൂപയും, പുരുഷനിൽ നിന്നും സ്ത്രീയിലേക്കുള്ള ശസ്ത്രക്രിയയ്ക്കായി 10 ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് 2.50 ലക്ഷം വീതം 25 ലക്ഷം രൂപയും ചേർത്താണ് 50 ലക്ഷം രൂപ അനുവദിച്ചിരിക്കുന്നത്. ശസ്ത്രക്രിയയ്ക്കു ശേഷം സമർപ്പിക്കുന്ന ബില്ലുകളുടെയും ടെക്നിക്കൽ കമ്മിറ്റിയുടെ തീരുമാനത്തിന്റെയും അടിസ്ഥാനത്തിൽലായിരിക്കും ധനസഹായം അനുവദിക്കുക.
ട്രാൻസ്ജെൻഡർ വ്യക്തികളെ സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കുന്നതിനും അവരുടെ ആരോഗ്യ മാനസിക ഉന്നമനം ലക്ഷ്യമിട്ടും സാമൂഹ്യനീതി വകുപ്പ് നടപ്പാക്കുന്ന പദ്ധതികളിൽ ഏറ്റവും ശ്രദ്ധേയമായ ഒന്നാണ് ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കുള്ള ധനസഹായം.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!