Section

malabari-logo-mobile

കായിക അസോസിയേഷനുകളെ നിയന്ത്രിക്കാന്‍ നിയമ നിര്‍മ്മാണം നടത്തുന്ന കാര്യം പരിഗണിക്കണം: മന്ത്രി വി. ശിവന്‍കുട്ടി

HIGHLIGHTS : Legislation should be considered to regulate sports associations: Minister V. Shivankutty

കായിക അസോസിയേഷനുകളെ നിയന്ത്രിക്കാന്‍ നിയമ നിര്‍മ്മാണം നടത്തുന്ന കാര്യം പരിഗണിക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി പറഞ്ഞു. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്പോര്‍ട്സ് ഹബ്ബില്‍ നടക്കുന്ന അന്താരാഷ്ട്ര കായിക ഉച്ചകോടിയുടെ സമാപന ദിവസം ‘അക്കാദമീസ് ആന്‍ഡ് ഹൈ പെര്‍ഫോമന്‍സ് സെന്റെര്‍സ്’ വിഷയത്തില്‍ സംഘടിപ്പിച്ച പാനല്‍ ചര്‍ച്ചയില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന, കായിക മികവ് പുലര്‍ത്തുന്നവരെ കണ്ടെത്തി അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ കൂടി സ്പോര്‍ട്സ് അസോസിയേഷനുകള്‍ നടത്തണം. ഇതിനായി എല്ലാ ജില്ലകളിലും ടൂര്‍ണമെന്റുകളും മറ്റും സംഘടിപ്പിക്കണം. മത്സരങ്ങളിലൂടെ മാത്രമേ മികച്ച കായിക താരങ്ങളെ കണ്ടെത്താന്‍ കഴിയൂ. സ്പോര്‍ട്സ് രംഗത്ത് പ്രാധാന്യം നല്‍കേണ്ടത് കായിക താരങ്ങള്‍ക്കാണ്.

sameeksha-malabarinews

അടുത്ത അധ്യയന വര്‍ഷം മുതല്‍ സംസ്ഥാന കായിക വകുപ്പ് വിദ്യാഭ്യാസ വകുപ്പുമായി ചേര്‍ന്ന് നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ച് വരികയാണ്. ഇതിലൂടെ കൂടുതല്‍ കായിക താരങ്ങളെ നമുക്ക് കണ്ടെത്താനാകുമെന്നും മന്ത്രി പറഞ്ഞു.

സ്‌പോര്‍ട്‌സിന്റെ ഭാവി രൂപപ്പെടുത്തുന്നതില്‍ സ്‌പോര്‍ട്‌സ് അക്കാദമികളും മികവിന്റെ കേന്ദ്രങ്ങളും സുപ്രധാന പങ്കാണ് വഹിക്കുന്നതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. പ്രതിഭയ്ക്കുള്ള ഇന്‍കുബേറ്ററുകളായും നവീകരണത്തിനുള്ള ലബോറട്ടറികളായും സ്വഭാവ വികസനത്തിനുള്ള കേന്ദ്രങ്ങളായും അവ പ്രവര്‍ത്തിക്കുന്നു. സ്‌പോര്‍ട്‌സ് അക്കാദമികള്‍ പോലുള്ള സ്ഥാപനങ്ങള്‍ അത്ലറ്റുകള്‍ക്ക് ആവശ്യമായ ഉപകരണങ്ങളും പരിശീലന വൈദഗ്ധ്യവും ആഗോള തലത്തില്‍ മികവ് പുലര്‍ത്താനുള്ള സൗകര്യങ്ങളും നല്‍കുന്നു. പ്രതിഭകളെ തിരിച്ചറിയുന്നതിനും വികസിപ്പിക്കുന്നതിനും കായിക- ശാസ്ത്ര സാങ്കേതിക വിദ്യയുടെ പുരോഗതിക്കും കേന്ദ്രങ്ങളായി അവ പ്രവര്‍ത്തിക്കുന്നുവെന്നും മന്ത്രി പറഞ്ഞു. അന്താരാഷ്ട്ര കായിക ഉച്ചകോടി കായിക മേഖലക്ക് കൂടുതല്‍ ഉണര്‍വ് നല്‍കട്ടെ എന്നും മന്ത്രി ആശംസിച്ചു.

സായ് റീജിയണല്‍ ഡയറക്ടര്‍ ഡോ. ജി. കിഷോര്‍, ഇന്‍ഫ്രാസ്ട്രക്ചര്‍ സ്പെഷ്യലിസ്റ്റ് വിക്രം പല്‍, എസി. മിലാന്‍ ടെക്നിക്കല്‍ ഡയറക്ടര്‍ ആല്‍ബര്‍ട്ടോ ലെകാന്‍ടെലെ, ദ്രോണാചാര്യ അവാര്‍ഡ് ജേതാവ് ടി.പി. ഔസേപ്, മുന്‍ ദേശീയ കോച്ച് എന്‍.വി. നിഷാദ് കുമാര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!