Section

malabari-logo-mobile

മലപ്പുറം ഇടതിന് ബാലികേറാമലയോ ? കുഞ്ഞാപ്പക്ക് ആര് എതിരാളിയാകും?

HIGHLIGHTS : മലപ്പുറം: വരുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ആത്മവിശ്വാസത്തോടെ മല്‍സരിക്കാവുന്ന ഒരു മണ്ഡലമാണ് മലപ്പുറം. മലപ്പുറം മണ്ഡലത്തിന്റെ ചരിത്രം തന്നെയാണ...

റിഷാദ്‌
മലപ്പുറം: വരുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ആത്മവിശ്വാസത്തോടെ മല്‍സരിക്കാവുന്ന ഒരു മണ്ഡലമാണ് മലപ്പുറം. മലപ്പുറം മണ്ഡലത്തിന്റെ ചരിത്രം തന്നെയാണ് അത്തരത്തില്‍ ചിന്തിക്കാന്‍ അവര്‍ക്ക് ധൈര്യം നല്‍കുന്നത്. യുഡിഎഫിലെ പ്രബലകക്ഷിയായ മുസ്ലീംലീഗ് സ്വാതന്ത്രാനന്തരകാലം മുതല്‍ തങ്ങളുടെ ഉരുക്കുകോട്ടയാക്കിയ മണ്ഡലം പക്ഷേ ഒരു തവണ ചുവന്നുപോയിട്ടുണ്ട്. മലപ്പുറത്തിന്റെ പഴയ മുഖമായ മഞ്ചേരിയിലാണ് 2004ല്‍ ജെയിന്റ് കില്ലറായി അരിവാള്‍ ചുറ്റിക നക്ഷത്രമടയാളത്തില്‍ ടികെ ഹംസ എന്ന സിപിഐഎം നേതാവ് മുസ്ലീംലീഗിലെ കരുത്തനായ കെപിഎ മജീദിനെ അട്ടിമറിച്ചത്. മണ്ഡലത്തിലെ വികസനമുരടിപ്പിനെ കുറിച്ചുള്ള ചര്‍ച്ചകളേക്കാള്‍ മുസ്ലീംസമുദായത്തിലെ സുന്നിരാഷ്ട്രീയത്തിന്റെ ഇടപെടല്‍ ശക്തി തിരിച്ചറിഞ്ഞ ഒരു തെരഞ്ഞെടുപ്പുകൂടിയായിരുന്നു അത്. ആദ്യമായി എപി കാന്തപുരം വിഭാഗം പരസ്യമായി വോട്ടുപിടിക്കാനിറങ്ങുന്നതും ആ തെരഞ്ഞെടുപ്പില്‍ നാം കണ്ടു.

എന്നാല്‍ 2004ല്‍ എല്‍ഡിഎഫിന് മണ്ഡലം പിടിക്കാന്‍ സഹായിച്ച കോഴിക്കോട് ജില്ലയിലെ ബേപ്പൂരും, കുന്ദമംഗലവും കോഴിക്കോട്ടേക്കും വണ്ടൂരും, നിലമ്പൂരും വയനാട്ടിലേക്കും പോയതോടെ മണ്ഡലത്തിന്റെ ചിത്രം പച്ചനിറം തന്നെ പുല്‍കി. 2009ല്‍ മലപ്പുറം മണ്ഡലം പുനര്‍നിര്‍ണയിക്കപ്പെട്ടപ്പോള്‍ 1,15,597 വോട്ടിനാണ് മുസ്ലീംലീഗ് സ്ഥാനാര്‍ത്ഥി ഇ.അഹമ്മദ് ജയിച്ചത്. തോല്‍പിച്ചതാകട്ടെ പഴയ ടികെ ഹംസയെ തന്നെ.

sameeksha-malabarinews

പിന്നീട് 2014ല്‍ പാര്‍ട്ടിക്കുള്ളില്‍ നിന്ന് പോലും എതിര്‍ശബ്ദങ്ങളുയര്‍ന്നിട്ടും ഇ.
അഹമ്മദ് സാഹിബിനെ മണ്ഡലം വിജയിപ്പിച്ചത് രണ്ട് ലക്ഷത്തിനടുത്ത് വോട്ടിന്റെ ഭുരിപക്ഷത്തിലായിരുന്നു. സിപിഐഎം സംസ്ഥാനകമ്മറ്റിയംഗവും ജനാധിപത്യമഹിളാ അസോസിയേഷന്‍ നേതാവ് പികെ സൈനബയെയാണ് അഹമ്മദ് ഇത്തവണ തോല്‍പ്പിച്ചത്. ഏറെ ചര്‍ച്ചചെയ്യപ്പെട്ട ഒരു വിഷയമാകട്ടെ സൈനബ തട്ടമിടാത്ത മുസ്ലീം സ്ത്രീ എന്നതായിരുന്നു. 2004ല്‍ എല്‍ഡിഎഫിനെ പിന്തുണച്ച എപി വിഭാഗം 14ല്‍ എല്‍ഡിഎഫിനോട് മുഖം തിരിച്ചു.

2016ല്‍ നിയമസഭ തെരഞ്ഞെടുപ്പ് നടന്നപ്പോള്‍ മുഴവന്‍ നിയമസഭ മണ്ഡലങ്ങളും ഐക്യജനാധിപത്യമുന്നണിക്കൊപ്പം നിന്നു. ഇതില്‍ പെരിന്തല്‍മണ്ണയും, മങ്കടയും നേരിയ ഭുരിപക്ഷത്തിനാണ് യുഡിഎഫ് വിജയിച്ചത്. പെരിന്തല്‍മണ്ണയില്‍ മഞ്ഞളാംകുഴി അലി ജയിച്ചത് വെറും 579 വോട്ടിനായിരുന്നു. മങ്കടയില്‍ ഇടതുമുന്നണിയുടെ റഷീദലി തോറ്റത് 1508 വോട്ടിനും. എന്നാല്‍ മലപ്പുറം, കൊണ്ടോട്ടി, മഞ്ചേരി, വേങ്ങര, വള്ളിക്കുന്ന് മണ്ഡലങ്ങളില്‍ വ്യക്തമായ ഭൂരിപക്ഷമാണ് യുഡിഎഫിന് നല്‍കിയത്.

2017ല്‍ ഇ അഹമ്മദ് അന്തരിച്ചതിനെ തുടര്‍ന്ന് വന്ന ഒഴുവില്‍ മലപ്പുറം മണ്ഡലത്തില്‍ മത്സരിക്കാന്‍ കുഞ്ഞാപ്പ എന്ന് അണികള്‍ സ്‌നേഹത്തോടെ വിളിക്കുന്ന പി.കെ കുഞ്ഞാലിക്കുട്ടി തന്നെ നേരിട്ട് ഗോദയിലിറങ്ങി. ഇ അഹമ്മദിനെക്കാള്‍ ഭുരിപക്ഷത്തില്‍ കുഞ്ഞാലിക്കുട്ടിയെ ജയിപ്പിക്കാനാകുമെന്ന് മുസ്ലീംലീഗ് ഉറച്ചുവിശ്വസിച്ചിരുന്നു. എന്നാല്‍ പുതുമുഖമായി രംഗത്തെത്തിയ ഡിവൈഎഫ്‌ഐ നേതാവ് എംബി ഫൈസല്‍ നിലവിലെ ഭൂരിപക്ഷം കുറയ്ക്കുന്ന കാഴ്ചയാണ് കണ്ടത്. കുഞ്ഞാലിക്കുട്ടി ജയിച്ചത് 1,71,023 വോട്ടിന്റെ ഭുരിപക്ഷത്തിലായിരുന്നു. കഴിഞ്ഞ തവണത്തേക്കാള്‍ എട്ടുശതമാനം കൂടുതല്‍ വോട്ട് നേടാനും എല്‍ഡിഎഫിന് കഴിഞ്ഞു. മുസ്ലീം യുവത്വം കൂടുതല്‍ ഇടതുപക്ഷത്തേക്കടുക്കുന്നുവെന്ന് മലപ്പുറത്തെ കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ഉയര്‍ത്തിക്കാട്ടി സിപിഐഎം അവകാശവാദമുയര്‍ത്തി.

ലോകസഭയില്‍ മുസ്ലീം ന്യുനപക്ഷങ്ങളുടെ പടവാളാകുമെന്ന് അണികള്‍ പ്രഖ്യാപിച്ച കുഞ്ഞാലിക്കുട്ടിക്ക് സഭയില്‍ വേണ്ടത്ര തിളങ്ങാന്‍ കഴിഞ്ഞില്ലെന്നതാണ് സത്യം . പലപ്പോഴും ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ മുസ്ലീംസമുദായം നേരിടുന്ന വിഷയങ്ങളില്‍ ഇടപെടാനും അവ ഉയര്‍ത്തിക്കൊണ്ടുവരാനും ഇ.ടി മുഹമ്മദ് ബഷീറിന് സാധിച്ചതോടെ അഖിലേന്ത്യാതലത്തില്‍ കുഞ്ഞാലിക്കുട്ടിയുടെ സ്ഥാനം രണ്ടാമതായി. സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനാകാഞ്ഞതും, മുസ്ലീം സമുദായം ഏറെ ഗൗരവത്തോടെ കണ്ടിരുന്ന മുത്തലാഖ് ബില്‍ ലോകസഭ ചര്‍ച്ചക്കെടുത്തപ്പോള്‍ സഭയില്‍ ഇല്ലാഞ്ഞതും അദ്ദേഹത്തിന്റെ ഇമേജിന് വലിയ കോട്ടം വരുത്തി.

ഇതിനിടെ ഒരു ഘട്ടത്തില്‍ കുഞ്ഞാലിക്കുട്ടി അടുത്തതവണ മത്സരിക്കുന്നില്ലെന്നും സംസ്ഥാനരാഷ്ട്രീയത്തിലേക്ക് തന്നെ തിരിച്ചുവരാന്‍ ഒരുങ്ങുകയുമാണെന്ന വാര്‍ത്ത അദ്ദേഹത്തിന്റെ അടുത്ത വൃത്തങ്ങളില്‍നിന്നു തന്നെ പുറത്തുവന്നു.

പിന്നീട് രാജ്യത്ത് ബിജെപിക്കെതിരെ മഹാസഖ്യം രൂപപ്പെട്ടതോടെ യുപിഎ വീണ്ടും അധികാരത്തിലെത്താനുള്ള സാധ്യത മുന്നില്‍കണ്ട് കുഞ്ഞാലിക്കുട്ടി വീണ്ടും മത്സരിക്കാന്‍ ഉറപ്പിക്കുകയായിരുന്നു.

എതിരാളിയെ കുറിച്ച് ആലോചിക്കുന്നതിന് മുമ്പ് കുഞ്ഞാലിക്കുട്ടിക്കെതിരെ പ്രയോഗിക്കുന്ന ആയുധങ്ങള്‍ എന്തായിരിക്കുമെന്ന് ആദ്യം തന്നെ ഇടതു ക്യാമ്പുകള്‍ പുറത്തുവിട്ടു. മണ്ഡലത്തില്‍ മുത്തലാഖ് ബില്ലും, സ്പീക്കര്‍ തെരഞ്ഞെടുപ്പുംതന്നെ ചര്‍ച്ചയാക്കാനാണ് ഇടതുപക്ഷത്തിന്റെ നീക്കം. മണ്ഡലത്തില്‍ ശക്തമായ മത്സരം കാഴ്ചവെക്കാന്‍ പൊതുസ്വതന്ത്രനെ ഇറക്കാനുള്ള സാധ്യതയും സിപിഎം ജില്ലാനേതൃത്വം തള്ളിക്കളയുന്നില്ല. ഐഎന്‍എല്‍ എല്‍ഡിഎഫിലെത്തിയതോടെ അവരെ പരിഗണിക്കുമോ എന്ന ചോദ്യവും ഉയരുന്നു. പ്രെഫ. അബ്ദുല്‍ വഹാബും, വേങ്ങരയില്‍നേരത്തേ മത്സരിച്ച ഇസ്മായിലിന്റെ പേരുമല്ലാം ഐഎന്‍എല്ലുമായി ബന്ധപ്പെട്ട ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്.
ശബരിമല വിഷയത്തിന്റെ പശ്ചാത്തലത്തില്‍ പോലും ബിജെപിക്ക് മണ്ഡലത്തില്‍ വലിയ സ്വാധീനം ചെലുത്താനാവില്ലെന്നാണ് കരുതുന്നത്. എസിഡിപിഐക്കും ഈ മണ്ഡലത്തില്‍ വോട്ടുണ്ട്.
തെരഞ്ഞെടുപ്പ് ഫലം എന്തുതന്നെയായാലും രാഷ്ട്രീയം ഏറെ ഗൗരവത്തോടെ ചര്‍ച്ചചെയ്യാന്‍ കരുത്തള്ള തെരുവുകളാണ് മലപ്പുറത്തിനുള്ളത്. വരുംദിനങ്ങളില്‍ കട്ടക്ക് കട്ടനില്‍ക്കുന്ന മത്സരത്തിന് കാതോര്‍ക്കുകയാണ് മലപ്പുറത്തെ ജനത.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!