HIGHLIGHTS : Learn about yam cultivation and its benefits
മലയാളികളുടെ ഭക്ഷണത്തില്‍ ഏറെ പ്രിയപ്പെട്ട ഒന്നാണ് ചേന. അതുകൊണ്ടുതന്നെ ‘ചേന വയ്ക്കാത്തവനെ അടിക്കണം’ എന്ന് പണ്ടുള്ളവര്‍ പറയുമായിരുന്നത്രെ. അതെന്താണെന്നുവെച്ചാല്‍ ഒരു റിസ്‌ക്കുമില്ലാതെ ഭേദപ്പെട്ട വിളവ് കിട്ടും, മഴയെ ആശ്രയിച്ച് വിളവിറക്കാം, രോഗങ്ങളും കീടങ്ങളും കുറവ് ഇതൊക്കെ കൊണ്ടാണ് അങ്ങനെ പണ്ടുള്ളവര്‍ പറയാന്‍ കാരണം.
ചേനയില്‍ ഈസ്ട്രജന്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്, കൂടാതെ പ്രീ മെന്‍സ്ട്രുവല്‍ സിന്‍ഡ്രം ശമിപ്പിക്കാനും മെനോപാസ് അസ്‌കിതകളും കുറയ്ക്കുകയും ചെയ്യുമെന്നതിനാലും സ്ത്രീകള്‍ ചേന കഴിക്കുന്നത് ഏറെ ഉത്തമമാണ്.
പൈല്‍സ് രോഗികള്‍ക്കും ഏറെ നല്ലതാണ് ചേന കഴിക്കുന്നത്.
ഗ്ലൈസെമിക് ഇന്‍ഡെക്‌സ് 51 ആയതിനാല്‍ ഷുഗറുള്ളവര്‍ക്കും ചേനകഴിക്കുന്നത് നല്ലതാണ്.
പ്രോട്ടീന്‍ സമ്പന്നമാണ് ഇലകളും തണ്ടുകളും. പൊട്ടാസ്യത്തിന്റെ നിറകുടമായതിനാല്‍ രക്തസമ്മര്‍ദ്ദം കുറയ്ക്കാനും ചേന ഉത്തമമാണ്.
പിന്നെ പായസം, തീയല്‍, അവിയല്‍,തോരന്‍, മെഴുക്കു പുരട്ടി, ഫ്രൈ, പുഴുക്ക്, കാളന്‍ ലേഹ്യം ഇങ്ങനെ ഏത് രൂപത്തിലാക്കിയും ചേന നമുക്ക് കഴിക്കാവുന്നതാണ്.
കുംഭത്തില്‍ നട്ടാല്‍ കുടത്തോളം, മീനത്തില്‍ നട്ടാല്‍ മീന്‍ കണ്ണോളം’ ‘എന്നാണല്ലോ ചൊല്ല്.കാലം നോക്കി കൃഷി ഇറക്കിയാല്‍ വിള ഉറപ്പാണെന്നും പഴമക്കാര്‍ പറഞ്ഞുവെക്കുന്നു.
ഇനി ചേന കൃഷി ചെയ്യുന്നതെങ്ങനെയെന്ന് നോക്കാം
രണ്ടടി വ്യാസത്തില്‍, മുക്കാലടി -ഒരടി ആഴത്തില്‍ കുഴിയെടുത്ത്, 100ഗ്രാം കുമ്മായം ചേര്‍ത്ത് മണ്ണറഞ്ഞ്,രണ്ടാഴ്ച ഇടണം. ആ സമയം പുട്ട് പൊടിയുടെ നനവ് മണ്ണില്‍ വേണം. മണ്ണിലെ നനവ് പോകാതിരിക്കാന്‍ കരിയിലകള്‍ കൊണ്ട് തടം മൂടിയിടാം. ആ സമയം ചേന പൂളുകളാക്കി ചാണകപ്പാലിലും സുഡോമോണാസിലും മുക്കി സൂക്ഷിക്കുകയും ആകാം. ചേന നടുമ്പോള്‍ രണ്ട് കിലോ ചാണകപ്പൊടിയും ഒരിച്ചിരി എല്ലു പൊടിയും ഒരിച്ചിരി പൊടിച്ച വേപ്പിന്‍ പിണ്ണാക്കും തൂവി തടം പകുതി മൂടി ചേനപ്പൂള് വച്ച് മണ്ണ് അല്പം ഇട്ട് കട്ടയ്ക്ക് കരിയിലകള്‍ ഇട്ട് ഒരു കൂമ്പല്‍ ഉണ്ടാക്കി വയ്ക്കണം.
മുള പൊന്തിക്കഴിഞ്ഞാല്‍ അല്പം NPK വളമോ ജൈവവളങ്ങളോ ഒക്കെ അവനവന്റെ ഇഷ്ടമനുസരിച്ച് ചേര്‍ത്ത് കൊടുത്ത് ചിക്കി മണ്ണടുപ്പിക്കാം. വീണ്ടും കരിയിലകള്‍ ചേര്‍ത്ത് കൊടുക്കാം.
തടത്തിലെ കരിയിലച്ചുമട് കൂടുന്തോറും ചേനയ്ക്ക് ചുറ്റുമുള്ള മണ്ണ് ഇളക്കമുള്ളതാകും. അപ്പോള്‍ കിഴങ്ങ് വീര്‍ക്കുന്നതിനനുസരിച്ചു മണ്ണ് ഇളകി മാറിക്കൊടുക്കും.
ചുറ്റുമുള്ള മണ്ണ് എത്രത്തോളം ഇളക്കമുള്ളതാകുന്നുവോ അത്രയും കണ്ട് ചേന വികസിച്ചു വലിപ്പം വയ്ക്കും. ചിക്കുമ്പോള്‍ അല്പം മഗ്‌നീഷ്യം സള്‍ഫേറ്റും ചേര്‍ത്ത് കൊടുത്താല്‍ നന്ന്.കരിയിലകള്‍ മണ്ണില്‍ അഴുകി ചേരുമ്പോള്‍ കാര്‍ബണ്‍ സങ്കലനം (Carbon sequestration )നടക്കുകയും ചെയ്യും.
അത് കൊണ്ട് എല്ലാരും കുംഭമാസത്തില്‍ പത്ത് ചേനവയ്ക്കാന്‍ റെഡിയായിക്കൊള്ളു. ചൊറിയാത്ത ഗജേന്ദ്ര ചേന കിട്ടുമെങ്കില്‍ അതും കുറച്ചെണ്ണം,ശ്രീ പദ്മ, ശ്രീ ആതിര എന്നീ ഇനങ്ങളും നല്ലയിനങ്ങളില്‍പ്പെട്ട ചേനയാണ്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു