വിവിധ തരം സൂക്ഷ്മാണുക്കളുടെ പ്രവര്‍ത്തന ഫലമായി സസ്യങ്ങളെ ബാധിക്കുന്നതാണ് ഇലപ്പുള്ളി രോഗം(Leaf spots). പ്രധാനമായും പരാദ ഫംഗസുകളും ബാക്ടീരിയകളുമാണ് രോഗകാരണം. ചില കീടങ്ങളുണ്ടാക്കുന്ന നാശവും ഇലപ്പുള്ളിരോഗ ലക്ഷണങ്ങള്‍ കാണിക്കാറുണ്ട്. ഈ രോഗം സസ്യങ്ങളെ മാരകമായി ബാധിക്കാറില്ലെങ്കിലും ഇലപൊഴിയുന്നതിന് കാരണമാകാറുണ്ട്. ഇലകളുടെ ഭംഗി നഷ്ടപ്പെടുന്നതിനാല്‍ പുഷ്പക്കൃഷിയെ ബാധിക്കുന്നു.
രോഗകാരണം
ഇലപ്പുള്ളിരോഗം ഒരു ഫംഗസ് രോഗമാണ്.സെര്‍ക്കോപോറ മലയന്‍സിസ് എന്ന ഫംഗസ് ആണ് ഇതിനു കാരണം.മണ്ണില്‍ പുളിരസം കൂടുന്നതനുസരിച്ച് ഇലപ്പുള്ളിക്കുള്ള സാധ്യതയും കൂടും.
ലക്ഷണങ്ങള്‍
ഇലപ്പരപ്പില്‍ പ്രത്യക്ഷമായി കാണുന്ന തവിട്ടുനിറത്തിലുള്ള പുള്ളികള്‍, ഇലയുടെ അടിഭാഗത്ത് ആരംഭിക്കുന്ന പ്രത്യേക ആകൃതിയൊന്നുമില്ലാത്ത അനേകം കറുത്ത പുള്ളികളുടെ രൂപഭേദമാണ്. ഇലപുള്ളികളുടെ എണ്ണം വര്‍ദ്ധിച്ചുവരുമ്പോള്‍ ആക്രമണവിധേയമായ ഇലകള്‍ കരിഞ്ഞ് പൊഴിഞ്ഞു പോകുകയും ചെയ്യും. ഈ രോഗം അടിഭാഗത്തുള്ള ഇലകളില്‍ തുടങ്ങി മുകളിലേക്കുള്ള ഇലകളിലേക്ക് പടരുന്ന രീതിയിലാണ് കണ്ടുവരുന്നത്.
നിയന്ത്രണമാര്‍ഗ്ഗങ്ങള്‍
രോഗം ബാധിച്ച ഇലകള്‍ നശിപ്പിച്ചുകളയുക. രോഗാരംഭത്തില്‍ തന്നെ മാങ്കോസെബ് 3 ഗ്രാം അല്ലെങ്കില്‍ കോപ്പര്‍ ഓക്‌സിക്ലോറൈഡ് 2 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ ഇലകളുടെ ഇരുവശങ്ങളിലും ഒരുപോലെ പതിക്കത്തക്ക രീതിയില്‍ തളിക്കുക.




