മാര്‍ക്കോക്ക് ശേഷം പാന്‍ ഇന്ത്യന്‍ ബ്ലോക്ക്ബസ്റ്ററടിക്കാന്‍ ക്യൂബ്‌സ് എന്റര്‍ടൈന്‍മെന്റ്; ‘കാട്ടാളന്‍’ സിനിമയ്ക്ക് ബ്രഹ്‌മാണ്ഡ തുടക്കം

കേരളത്തിന് അകത്തും പുറത്തും സൂപ്പര്‍ വിജയം നേടിയ ‘മാര്‍ക്കോ’ എന്ന മാസ്സ് ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തിന് ശേഷം ക്യൂബ്‌സ് എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ഷെരീഫ് മുഹമ്മദ് നിര്‍മ്മിക്കുന്ന ബ്രഹ്‌മാണ്ഡ ചിത്രമായ കാട്ടാളന്റെ പൂജ ചടങ്ങുകള്‍ നടന്നു. കൊച്ചിയില്‍ വെച്ച് നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങില്‍ ആണ് ചിത്രത്തിന്റെ പൂജ നടത്തിയത്. മലയാള സിനിമയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഇത്രയും ബ്രഹ്‌മാണ്ഡ ചടങ്ങുകളോടെ ഒരു ചിത്രത്തിന്റെ പൂജ നിര്‍മ്മാതാവ് ഷരീഫ് മുഹമ്മദ് അവതരിപ്പിച്ചത്. ബാഹുബലി ഉള്‍പ്പെടെയുള്ള ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ട് ഇന്ത്യ മുഴുവന്‍ ശ്രദ്ധ നേടിയ ചിറക്കല്‍ കാളിദാസന്‍ എന്ന ആനയുടെ അകമ്പടിയോടെയാണ് ചടങ്ങുകള്‍ നടന്നത് എന്നത് ശ്രദ്ധേയമായി. അതിനോടൊപ്പം ലക്ഷ്വറി കാറുകളുടെയും മോട്ടോര്‍ സൈക്കിളുകളുടെയും ഒരു വമ്പന്‍ നിര തന്നെയാണ് ചടങ്ങില്‍ അണിനിരന്നത് എന്നതും പൂജ ഇവന്റിന്റെ ആകര്‍ഷണീയത വര്‍ദ്ധിപ്പിച്ചു. ചിത്രത്തിന്റെ ഇതിവൃത്തവുമായി ബന്ധപ്പെട്ടാണ് പൂജ ചടങ്ങിന്റെ അവതരണം ഉണ്ടായത് എന്നതും ശ്രദ്ധേയമായ കാര്യമായി മാറി. ചിത്രത്തിലെ പ്രമുഖ താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും ഈ ഗംഭീര ചടങ്ങിന് സാക്ഷികളാകാന്‍ കൊച്ചിയില്‍ എത്തിച്ചേര്‍ന്നിരുന്നു. ആന്റണി വര്‍ഗീസ്, കബീര്‍ ദുഹാന്‍ സിങ്, രജിഷ വിജയന്‍, ഹനാന്‍ ഷാ, ജഗദീഷ്, സിദ്ദിഖ്, പാര്‍ഥ് തിവാരി എന്നിവരുള്‍പ്പെടെ വമ്പന്‍ താരനിരയാണ് ചിത്രത്തിന്റെ ബ്രഹ്‌മാണ്ഡ പൂജ ചടങ്ങിന്റെ മാറ്റു കൂട്ടാനെത്തിയത്.

പാന്‍ ഇന്ത്യന്‍ ചിത്രമായി അവതരിപ്പിക്കുന്ന ‘കാട്ടാളന്‍’ ഏകദേശം നാല്‍പ്പത്തിയഞ്ചു കോടിയോളം രൂപയുടെ ബഡ്ജറ്റില്‍ ബ്രഹ്‌മാണ്ഡ ക്യാന്‍വാസിലാണ് അവതരിപ്പിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ആക്ഷന്‍ ത്രില്ലര്‍ സ്വഭാവമുള്ള ചിത്രത്തിന്റെ ടൈറ്റില്‍ ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡയയില്‍ വൈറലായി മാറിയിരുന്നു. നവാഗതനായ പോള്‍ ജോര്‍ജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. കാന്താര, മഹാരാജ എന്നീ ചിത്രങ്ങളിലൂടെ തെന്നിന്ത്യയില്‍ തരംഗമായി മാറിയ കന്നഡ മ്യൂസിക് ഡയറക്ടര്‍ അജനീഷ് ലോക്‌നാഥ് ആണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ആദ്യ ചിത്രമായ മാര്‍ക്കോയില്‍ കെജിഎഫ് ഫെയിം രവി ബസ്റൂറിനെ സംഗീത സംവിധായകനായി കൊണ്ട് വന്ന ക്യൂബ്‌സ് എന്റെര്‍റ്റൈന്മെന്റ്‌സ്, രണ്ടാം ചിത്രമായ കാട്ടാളനിലൂടെയും തെന്നിന്ത്യയിലെ മറ്റൊരു വമ്പന്‍ സംഗീത സംവിധായകനെയാണ് മലയാളത്തിലെത്തിക്കുന്നത്.

ജയിലര്‍, ലിയോ, ജവാന്‍, കൂലി തുടങ്ങിയ പാന്‍ ഇന്ത്യന്‍ സിനിമകളുടെ ടൈറ്റില്‍ ഡിസൈന്‍ ചെയ്ത ഐഡന്റ്‌ലാബ്‌സ് ടീമിനെയാണ് കാട്ടാളന്റെ ടൈറ്റില്‍ ഡിസൈന്‍ ചെയ്യാന്‍ ക്യൂബ്‌സ് എന്റെര്‍റ്റൈന്മെന്റ്‌സ് മലയാളത്തില്‍ എത്തിച്ചത്. രജിഷാ വിജയന്‍ നായികാ വേഷം ചെയ്യുന്ന ചിത്രത്തില്‍, തെലുങ്കിലെ പ്രശസ്ത താരം സുനില്‍, മാര്‍ക്കോയിലൂടെ മലയാളത്തിലെത്തി ശ്രദ്ധ നേടിയ കബീര്‍ദുഹാന്‍ സിംഗ്, കേരളത്തില്‍ വലിയ തരംഗമായി മാറിയ വ്‌ളോഗറും സിംഗറുമായ ഹനാന്‍ഷാ, റാപ്പര്‍ ബേബി ജീന്‍, തെലുങ്കു താരം രാജ് തിരാണ്ടുസു, മലയാളത്തില്‍ നിന്നും ജഗദീഷ്, സിദ്ദിഖ് എന്നിവരും നിര്‍ണ്ണായക വേഷങ്ങള്‍ ചെയ്യുന്നു.

പൊന്നിയന്‍ സെല്‍വന്‍ ഒന്നാം ഭാഗം, ബാഹുബലി – 2, ജവാന്‍, ബാഗി – 2, ഓങ്ബാക്ക് 2 തുടങ്ങിയ വമ്പന്‍ ചിത്രങ്ങള്‍ക്കു ആക്ഷന്‍ ഒരുക്കിയ ലോകപ്രശസ്തനായ കെച്ച കെംബാക്ഡി ആക്ഷന്‍ ഒരുക്കുന്ന ചിത്രത്തിന് സംഭാഷണങ്ങള്‍ രചിക്കുന്നത് ഉണ്ണി ആര്‍ ആണ്. എഡിറ്റിംഗ് -ഷമീര്‍ മുഹമ്മദ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ദീപക് പരമേശ്വരന്‍, പിആര്‍ഒ- വൈശാഖ് സി വടക്കേവീട്, ജിനു അനില്‍കുമാര്‍ ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടേയും, സാങ്കേതിക പ്രവര്‍ത്തകരുടെയും വിവരങ്ങള്‍ വൈകാതെ പുറത്തു വിടും.

Share news
error: Content is protected !!
Scroll to Top