തിരുവനന്തപുരം:സ്ത്രീപീഡന പരാതിയില്‍ ഇടപെട്ട് ഒത്തുതീര്‍പ്പിന് ശ്രമിച്ച മന്ത്രി എ കെ ശശീന്ദ്രനെ മുഖ്യമന്ത്രി സംരക്ഷിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.
മന്ത്രിക്കു വേണ്ടി അനാവശ്യമായ ന്യായീകരണമാണ് മുഖ്യമന്ത്രി നടത്തിയത്. പരാതി നല്‍കിയ പെണ്‍കുട്ടിയുടെ പിതാവിനെ ഫോണില്‍ വിളിച്ച് മന്ത്രി സംസാരിച്ചത് കേരളം മുഴുവന്‍ കേട്ടു. പാര്‍ട്ടി നേതാവ് മകളുടെ കൈയ്യില്‍ പിടിച്ച വിഷയമല്ലേയെന്ന് പിതാവ് ചോദിച്ചപ്പോള്‍ അതേ എന്നായിരുന്നു മന്ത്രിയുടെ മറുപടിയെന്നും വി ഡി സതീശന്‍ പറഞ്ഞു.സ്ത്രീപീഡനമാണെന്ന് അറിയാതെയാണ് വിഷയത്തില്‍ ഇടപെട്ടതെന്ന മന്ത്രിയുടെ വിശദീകരണം അരിയാഹാരം കഴിക്കുന്നവര്‍ക്ക് മനസിലാകുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
സ്ത്രീപീഡന കേസുകള്‍ അദാലത്ത് വച്ച് തീര്‍ക്കാനാകുമോ? പെണ്‍കുട്ടിയുടെ പിതാവിനെ വിളിച്ച് പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട മന്ത്രി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യുകയും സത്യപ്രതിജ്ഞാ ലംഘനം നടത്തുകയും ചെയ്തിരിക്കുകയാണെന്നും അദേഹം പറഞ്ഞു.
22 ദിവസമായിട്ടും എഫ്‌ഐആര്‍ ഇടാത്ത പോലീസ് മുഖ്യമന്ത്രിയെ തെറ്റിദ്ധിപ്പിക്കുകയാണെന്നും അദേഹം പറഞ്ഞു. സ്ത്രീപീഡന പരാതി പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയ മന്ത്രി ഒരു നിമഷം പോലും മന്ത്രിസഭയില്‍ തുടരാന്‍ പാടില്ലെന്നും മന്ത്രിയെ പുറത്താക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
നിയമസഭയില്‍ പി.സി വിഷ്ണുനാഥ് അവതരിപ്പിച്ച അടിയനന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭവിട്ടിറങ്ങുന്നതിന് മുന്‍പായിരുന്നു സതീശന്റെ പ്രതികരണം.




