കുവൈത്തിലേക്ക് വ്യാജ കമ്പനി വിസയിലെത്തിയ ആയിരക്കണക്കിന് വിദേശികളെ നാടുകടത്തും

കുവൈത്ത് സിറ്റി: രാജ്യത്തേക്ക് വ്യാജ കമ്പനിയുടെ വിസയിലെത്തിയ വിദേശികളെ നാടുകടത്താനൊരുങ്ങി ആഭ്യന്തരമന്ത്രാലയം. കഴിഞ്ഞ ദിവസങ്ങളില്‍ ജലീബ് അല്‍ ശുയൂഖില്‍ നടത്തിയ പരിശോധനയില്‍ പിടിയിലായവരില്‍ നിന്നാണ് വന്‍ മനുഷ്യക്കടത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. അന്വേഷണത്തില്‍ ഏകദേശം മൂവായിരത്തോളം വിദേശികളെ കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്.

കുവൈത്ത് സിറ്റി, ഫര്‍വാനിയ, അഹമദിയ എന്നിവിടങ്ങളില്‍ ആസ്ഥാനമുള്ള മൂന്ന് വ്യാജ കമ്പനികളുടെ മേല്‍വിലാസത്തിലാണ് വിദേശികള്‍ രാജ്യത്തെത്തിയിരിക്കുന്നത്. 1500 മുതല്‍ 3000 ദിനാര്‍വരെ വ്യത്യസ്ത നിരക്കുകള്‍ നല്‍കിയാണ് പലരും ഇവിടെ എത്തിയിരിക്കുന്നത്. കമ്പനിയുടെ വിസയില്‍ കുവൈത്തില്‍ എത്തിക്കുന്നതിന് മാത്രമാണ് ആളുകളില്‍ നിന്ന് തുക ഈടാക്കിയിരിക്കുന്നത്. ഇവിടെ എത്തുന്നവര്‍ തൊഴില്‍ വേറെ കണ്ടെത്തണം.

സംഭവത്തില്‍ മൂന്നു വ്യാജ കമ്പനി ഉടമകളും പിടിയിലായതായും ചോദ്യം ചെയ്യലിനു ശേഷം വിട്ടയച്ചതായുമാണ് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്. അതെസമയം വിദേശ രാജ്യങ്ങളില്‍ നിന്ന് കുവൈത്തില്‍ ജോലിക്കെത്തുന്നവര്‍ക്ക് വര്‍ക്ക് പെര്‍മിറ്റില്‍ പറഞ്ഞ ജോലി ഏല്‍പ്പിക്കാതെ പുറത്തേക്ക് മറ്റ് ജോലിക്കായി പറഞ്ഞുവിടുന്ന തൊഴിലുടമകള്‍ക്ക് മൂന്ന് വര്‍ഷം തടവും 2000 ദിനാറില്‍ കുറയാത്ത പിഴയും ചുമത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

സര്‍ക്കാര്‍ ഓഫീസുകളിലെ ഉന്നതര്‍ മുഖേനെയാണ് ഇവര്‍ വിസ തരപ്പെടുത്തിയിരുന്നതെന്നാണ് വിവരം. ഈ ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയുണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ട്.

Related Articles